ഫിഫ ലോകകപ്പിൽ അർജന്റീനയോട് വാശിയേറിയ പോരാട്ടത്തിൽ പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ വാർത്താസമ്മേളനത്തിൽ പൊട്ടിത്തെറിച്ച് ഈജിപ്ത് ഫുട്ബോൾ ടീം പരിശീലകൻ ഹൊസാം ഹസ്സൻ. വിവാദപരമായ റെഫറിയിംഗ് തീരുമാനങ്ങളാണ് തന്റെ ടീമിന്റെ തോൽവിക്ക് കാരണമായതെന്നും ഈജിപ്ത് കബളിപ്പിക്കപ്പെടുകയായിരുന്നെന്നും ഹസ്സൻ ആരോപിച്ചു. മത്സരത്തിനിടെ ഫ്രഞ്ച് റെഫറി ഫ്രാൻസ്വാ ലെറ്റെക്സിയറിന് നേരെ ഹസ്സൻ കൈകൾ കൊണ്ട് 'X' അടയാളം കാണിച്ചതും തുടർന്ന് റെഫറി അദ്ദേഹത്തിന് മഞ്ഞക്കാർഡ് നൽകിയതും വലിയ വിവാദമായിരിക്കുകയാണ്.
അറ്റ്‌ലാന്റയിൽ നടന്ന ആവേശകരമായ പ്രീ-ക്വാർട്ടർ മത്സരത്തിൽ ഒരു ഘട്ടത്തിൽ ഈജിപ്ത് 2-0 ന് മുന്നിലായിരുന്നു. എന്നാൽ നാടകീയമായ തിരിച്ചുവരവിലൂടെ അർജന്റീന 3-2 ന് വിജയം പിടിച്ചെടുക്കുകയായിരുന്നു. മത്സരത്തിനിടെ ഈജിപ്തിന്റെ മുസ്തഫ സിക്കോ നേടിയ ഒരു ഗോൾ വാർ പരിശോധനയിലൂടെ റെഫറി നിഷേധിച്ചിരുന്നു. പിന്നീട് സിക്കോ തന്നെ ഈജിപ്തിന്റെ ലീഡ് രണ്ടാക്കി ഉയർത്തിയെങ്കിലും ക്രിസ്റ്റ്യൻ റൊമേറോ, ലയണൽ മെസ്സി എന്നിവരിലൂടെ അർജന്റീന ഒപ്പമെത്തി. തുടർന്ന് ബോക്സിനുള്ളിൽ ഈജിപ്ത് താരം ഹംദി ഫർത്തിയെ അലക്സിസ് മാക് അലിസ്റ്റർ ഫൗൾ ചെയ്തതിന് ഈജിപ്ത് പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുമതി നൽകിയില്ല. തൊട്ടുപിന്നാലെ എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ വിജയഗോൾ നേടുകയും ചെയ്തു.
'കടുത്ത നിർഭാഗ്യം എന്നൊന്നും പറഞ്ഞ് ഇതിനെ ന്യായീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഇന്ന് ഞങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നു; കടുത്ത അനീതിയാണ് ഞങ്ങൾക്ക് നേരിടേണ്ടി വന്നത്. കളിക്കളത്തിൽ ഒരു തരത്തിലുള്ള ബഹുമാനമോ ഫെയർ പ്ലേയോ ഞങ്ങൾ കണ്ടില്ല. വ്യക്തമായ ഒരു പെനാൽറ്റി നിഷേധിച്ചു, അത് വാർ പരിശോധിക്കാൻ പോലും തയ്യാറായില്ല. രണ്ടാമത്തെ ഗോൾ അവിശ്വസനീയമാംവിധം റദ്ദാക്കി. എതിർ താരം ഹംദി ഫാത്തിയുടെ ജേഴ്സി വലിക്കുന്ന ദൃശ്യങ്ങൾ എല്ലാവരും കണ്ടിട്ടും വാർ അത് കണ്ടില്ലെന്ന് നടിച്ചു," ഹസ്സൻ മാധ്യമങ്ങളോട് പറഞ്ഞു. മത്സരശേഷം റഫറിയുമായി വാക്കേറ്റത്തിലേർപ്പെട്ട ഹസ്സൻ, ഫ്രഞ്ച് റഫറിയായ ലെറ്റെക്‌സിയറെ ഈ മത്സരത്തിനായി നിയമിച്ചതിലെ അനൗചിത്യവും ചോദ്യം ചെയ്തു. 2022 ലോകകപ്പ് ഫൈനലിന് ശേഷം ഫ്രാൻസും അർജന്റീനയും തമ്മിലുള്ള വൈര്യം നിലനിൽക്കെ, ഫ്രഞ്ച് റഫറിയെ നിയമിച്ചതിൽ ഈജിപ്ത് ഫുട്ബാൾ അസോസിയേഷൻ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
മത്സരത്തിനിടെ കളിക്കാരോ ഒഫീഷ്യലുകളോ വംശീയ അധിക്ഷേപത്തിന് ഇരയായാൽ അത് റെഫറിയെ അറിയിക്കാൻ ഫിഫ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള ആംഗ്യമാണ് എക്സ് ('X') ആകൃതിയിൽ ക്രോസ്സ് ചെയ്യുക എന്നത്. ഈ സിഗ്നൽ ശ്രദ്ധയിൽപ്പെട്ടാൽ റഫറി ഫിഫയുടെ 'ത്രീ-സ്റ്റെപ്പ് പ്രോട്ടോക്കോൾ' നടപ്പിലാക്കണം.
തന്റെ ടീമിന് നേരെ വംശീയമായ എന്തെങ്കിലും അധിക്ഷേപം ഉണ്ടായതിനാലാണോ അതോ റെഫറിയുടെ തീരുമാനങ്ങളോടുള്ള കടുത്ത പ്രതിഷേധ സൂചകമായാണോ ഹസ്സൻ ഈ ആംഗ്യം കാണിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എന്നാൽ ഈ സിഗ്നൽ അവഗണിച്ച റെഫറി ഈജിപ്ഷ്യൻ കോച്ചിന് മഞ്ഞക്കാർഡ് നൽകുകയായിരുന്നു. ലോകകപ്പ് നിലനിർത്താനുള്ള അർജന്റീനയുടെ പ്രതീക്ഷകൾ ഈ വിജയത്തോടെ സജീവമായിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
