സൗദി അറേബ്യയോട് സമനില വഴങ്ങി ഉറുഗ്വെ

JUNE 16, 2026, 4:07 AM

2022 ലോകകപ്പിൽ അർജന്റീനയെ അട്ടിമറിച്ച സൗദി അറേബ്യ ഇത്തവണ മറ്റൊരു ലാറ്റിനമേരിക്കൻ കരുത്തരുടെ കൂടി കണ്ണീരൊഴുക്കുമെന്നു തോന്നിച്ച നിമിഷങ്ങൾ. പക്ഷേ, ആവേശം അവസാന മിനിറ്റ് വരെ നീണ്ടുനിന്ന 2026 ലോകകപ്പിലെ ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ സൗദി അറേബ്യയോട് സമനില വഴങ്ങി മുൻ ചാമ്പ്യൻമാരായ ഉറുഗ്വെ രക്ഷപെട്ടു. ഇരു ടീമുകളും ഓരോ ഗോളടിച്ച്പിരിയുകയായിരുന്നു.

കളിയിലുടനീളം ആധിപത്യം പുലർത്തിയത് ഉറുഗ്വെ തന്നെയായിരുന്നു. എന്നാൽ, മികച്ച പ്രതിരോധത്തിലൂടെ സൗദി അവരെ തളച്ചു. നേരത്തെ നടന്ന മത്സരത്തിൽ കരുത്തരായ സ്‌പെയിനെ കേപ് വെർദെ അട്ടിമറി സമനിലയിൽ തളച്ചതോടെ ഗ്രൂപ്പ് എച്ചിലെ പോരാട്ടങ്ങൾ പ്രവചനാതീതവുമായി.

അതേസമയം, മത്സരത്തിന്റെ ആവേശത്തെക്കാൾ ലോകകപ്പ് വേദിയായ മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലെ ഒഴിഞ്ഞ ഗാലറികളാണ് ഇപ്പോൾ ഫുട്‌ബോൾ ലോകത്ത് വലിയ ചർച്ചയാകുന്നത്. ഏഴ് ടിക്കറ്റ് മാത്രമാണ് ബാക്കിയെന്ന് ഔദ്യോഗിക വെബ്‌സൈറ്റിൽ കാണിച്ചെങ്കിലും മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും സ്റ്റേഡിയത്തിലെ ആയിരക്കണക്കിന് കസേരകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഫിഫയുടെ കടുത്ത വാണിജ്യവത്കരണത്തിനും ഊതിവീർപ്പിച്ച ടിക്കറ്റ് നിരക്കിനുമേറ്റ തിരിച്ചടിയായാണ് കായിക ലോകം ഇതിനെ വിലയിരുത്തുന്നത്.

vachakam
vachakam
vachakam

പ്രശസ്ത പരിശീലകൻ മാഴ്‌സെലോ ബിയൽസയുടെ കീഴിലിറങ്ങിയ ഉറുഗ്വെ തുടക്കം മുതൽ പന്ത് കൈവശം വച്ച് (69%) ആക്രമിച്ചു കളിച്ചു. അഞ്ചാം മിനിറ്റിൽ തന്നെ റൊണാൾഡ് അരൗഹോയിലൂടെ അവർക്ക് നല്ലൊരു അവസരം ലഭിച്ചെങ്കിലും സൗദി ഗോൾകീപ്പർ മുഹമ്മദ് അൽഒവൈസ് തടുത്തു. ഇരുപതാം മിനിറ്റിൽ ഉറുഗ്വെ പെനൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല.

ഉറുഗ്വെയുടെ ആക്രമണങ്ങളെ പ്രതിരോധിച്ചു നിന്ന സൗദി, ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ സ്റ്റേഡിയത്തെ ഞെട്ടിച്ചുകൊണ്ട് ആദ്യ ഗോൾ നേടി. 41-ാം മിനിറ്റിൽ മുസാബ് അൽജുവൈറിന്റെ ക്രോസിൽ നിന്ന് ഹസ്സൻ അൽതംബക്തി തൊടുത്ത ഹെഡ്ഡർ ഉറുഗ്വെ ഗോളി ഫെർണാണ്ടോ മുസ്ലേര പ്രതിരോധിച്ചെങ്കിലും, റീബൗണ്ടിൽ നിന്ന് അബ്ദുല്ലേല അൽഅമ്രി പന്ത് വലയിലാക്കുകയായിരുന്നു (1-0).

ആദ്യ പകുതിയിലെ മോശം പ്രകടനത്തെ തുടർന്ന് മുൻ ലിവർപൂൾ താരം ദാർവിൻ നുനിയെസ് അടക്കം രണ്ടു പേരെ മാറ്റിയാണ് ഉറുഗ്വെ രണ്ടാം പകുതിക്കിറങ്ങിയത്. സൂപ്പർ താരം ഫെഡറിക്കോ വാൽവെർദെയെ മധ്യനിരയുടെ ചുമതല ഏൽപ്പിച്ചതോടെ ഉറുഗ്വെ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു. നിരന്തരമായ ആക്രമണങ്ങൾക്കൊടുവിൽ 80-ാം മിനിറ്റിൽ ഉറുഗ്വെ കാത്തിരുന്ന സമനില ഗോൾ പിറന്നു.

vachakam
vachakam
vachakam

മാറ്റിയാസ് ഒലിവേരയുടെ ക്രോസിൽ നിന്ന് വിനാസ് നൽകിയ പാസ് മാക്‌സി അരൗഹോ വലയിലെത്തിക്കുകയായിരുന്നു (1-1). ഇഞ്ചുറി ടൈമിൽ വാൽവെർദെയുടെയും ഡി ലാ ക്രൂസിന്റെയും ഗോളെന്നുറച്ച രണ്ട് ഷോട്ടുകൾ തടുത്തിട്ട് സൗദി കീപ്പർ ഒവൈസ് ടീമിന്റെ സമനില കാത്തുസൂക്ഷിച്ചു. മത്സരത്തിലുടനീളം 10 ഓൺടാർഗെറ്റ് ഷോട്ടുകളാണ് ഉറുഗ്വെ ഉതിർത്തത്.

ഈ സമനിലയോടെ ഗ്രൂപ്പിൽ സ്‌പെയിനാണ് നിലവിൽ ആശ്വാസമായത്. കാബോ വെർദെയോട് സമനില വഴങ്ങിയതിന്റെ ക്ഷീണം ഒട്ടൊന്ന് കുറയ്ക്കാൻ ഇതവരെ സഹായിക്കും. ഇനി നടക്കാനിരിക്കുന്ന മത്സരങ്ങളിൽ സ്‌പെയിൻ സൗദി അറേബ്യയെയും, ഉറുഗ്വെ കാബോ വെർദെയെയും നേരിടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam