ഊന്നുവടി : ഒരു വിചിന്തനം

AUGUST 15, 2026, 11:55 AM

ഫൊക്കാനയുടെ 2026 കൺവെൻഷനിൽ ഡോ. മാത്യു ജോയിസ് പ്രസിദ്ധീകരിച്ച ' ഊന്നുവടി' എന്ന സമാഹാരത്തിന് പ്രത്യേക ജൂറി അവാർഡ് നൽകിയത് പദ്മഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ, പ്രസിദ്ധ എഴുത്തുകാരി പ്രമീള ദേവി എന്നിവർ ചേർന്നായിരുന്നു. അഭിനന്ദനങ്ങൾ.

എനിക്ക് ഏറ്റവും ആകർഷണീയമായി തോന്നിയത് എഴുത്തുകാരന്റെ ഏറ്റവും ചുരുങ്ങിയ സമർപ്പണം ആണ്:

വാക്കുകൾ കൊണ്ടല്ല, ഹൃദയംകൊണ്ട് ചേർത്തു പിടിക്കുമ്പോഴാണ് സ്‌നേഹം പൂർണ്ണമാകുന്നത്. ജീവിതത്തിന്റെ വെല്ലുവിളികളിലൂടെ ഓരോ ചുവടും മുന്നോട്ട് വെക്കുമ്പോൾ, എല്ലാ വിജയങ്ങൾക്കും കാരണമായും സാക്ഷിയായും അചഞ്ചലമായി ഒപ്പം നിന്നവളെ മറക്കാൻ ആവില്ല. ഞങ്ങളുടെ വിവാഹജീവിതം നാലര പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. വെറുമൊരു ജീവിതപങ്കാളി മാത്രമായിരുന്നില്ല എനിക്കെന്റെ ആലിസ്; എന്റെ കാമുകിയും പ്രിയതമയും ഉറ്റ സുഹൃത്തുമായിരുന്നു. ഏറെ സ്‌നേഹത്തോടെയും കടപ്പാടോടെയും ഈ സമാഹാരം ഞാൻ എന്റെ പ്രിയതമയ്ക്കായി സമർപ്പിക്കുന്നു'.

vachakam
vachakam
vachakam

ഈ ചെറു സമാഹാരത്തിലെ ആനുകാലിക പ്രസക്തിയുള്ള ചെറിയ ലേഖനങ്ങളിൽ ചിലതിനെപ്പറ്റി എന്റെ വിചിന്തനം കൂടി കുത്തിക്കുറിക്കുകയാണ്.:

ഡോ. മാത്യു ജോയ്‌സിന്റെ വിവിധ മാധ്യമങ്ങളിലും സാമൂഹിക വേദികളിലും അടുത്തകാലത്ത് ശ്രദ്ധേയമായി പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങൾ, കഥകൾ, കവിതകൾ എന്നിവയുടെ സമാഹാരമാണ് 'ഊന്നുവടി'.

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ മനുഷ്യന് ആത്മവിശ്വാസവും ചിന്തയുടെ കരുത്തും പകരുന്ന ഒരു ആത്മസഹചാരിയായാണ് ഈ കൃതി വായനക്കാരന്റെ മുന്നിലെത്തുന്നത്.

vachakam
vachakam
vachakam

സാധാരണ അനുഭവങ്ങളെയും സാമൂഹിക യാഥാർത്ഥ്യങ്ങളെയും ചെറുതായി തോന്നുന്ന സംഭവങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ച്, അതിൽ നിന്ന് മനുഷ്യഹൃദയത്തെ സ്പർശിക്കുന്ന വലിയ ആശയങ്ങൾ കണ്ടെത്തുന്ന എഴുത്തുകാരന്റെ ദർശനമാണ് ഈ ഗ്രന്ഥത്തിന്റെ ആന്തരിക ശക്തി. സമാഹാരത്തിലെ ഇരുപത്തിയഞ്ചോളം രചനകൾ ഓരോന്നും വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കിയിരുന്നാലും, അവയെ ഒറ്റ നൂലിൽ ബന്ധിപ്പിക്കുന്നത് ഡോ. മാത്യു ജോയ്‌സിന്റെ സ്വതസിദ്ധമായ നർമ്മശൈലിയാണ്.

പ്രത്യേകിച്ച് ആനുകാലിക പ്രസക്തിയുള്ള ഹോർമൂസ് കടലിടുക്കിലെ ആശങ്കകൾ, കേരളത്തിലെ നേഴ്‌സുമാരുടെ സേവന പ്രതിസന്ധികൾ, എക്‌സിറ്റ് പോളുകളുടെ കഥയില്ലായ്മ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയ ആഖ്യാനങ്ങൾ ഏറെ ശ്രദ്ധേയമാണ്.

'ലേഡീസിനെ മാനിക്കാൻ', 'പുരുഷന്മാരെ ഓടിക്കോ', 'പോളണ്ടിന്റെ കാര്യവും മിണ്ടരുത്', 'കേരളമൈറ്റ്' തുടങ്ങിയ രചനകളിലെ നർമ്മം വെറും ചിരി പകരുന്നതിനല്ല; മറിച്ച് കൂടുതൽ ആഴത്തിൽ ചിന്തിപ്പിക്കുന്നതുമാണ്.

vachakam
vachakam
vachakam

ഡോ. മാത്യു ജോയ്‌സിന്റെ എഴുത്തിൽ നർമ്മം ഒരു അലങ്കാരമോ ഉപാധിയോ മാത്രമല്ല; അത് ജീവിതത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനുള്ള ഒരു ദർശനരീതിയാണ്. ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിക്കുകയും, ലാളിത്യത്തിനുള്ളിൽ ഗൗരവം ഒളിപ്പിക്കുകയും ചെയ്യുന്ന ഈ ശൈലി വായനക്കാരനെ ഓരോ പേജിലും കൂട്ടിക്കൊണ്ടുപോകുന്നു.

അതോടൊപ്പം, വിശ്വാസജീവിതത്തിന്റെ നിത്യാനുഭവങ്ങളെ ആസ്പദമാക്കിയ ആത്മീയ ചിന്തകൾ ഹൃദയത്തെ സ്പർശിക്കുന്നവയാണ്. വചനാധിഷ്ഠിതമായ ആലോചനകളും ജീവിതാനുഭവങ്ങളോട് ചേർന്ന അവതരണവും ഈ പുസ്തകത്തെ കൂടുതൽ പ്രചോദനാത്മകമാക്കുന്നു.

സമാഹാരത്തിലെ ഏക കവിതയായ 'ഊന്നുവടി', മനോഹരമായ ശൈലിയിൽ, ജീവിതത്തിന്റെ അവസാന നാളുകളിൽ ആശ്രയമായിരുന്ന ഊന്നുവടിയോടുള്ള വിരഹവും കവിയുടെ പ്രിയതമയോടുള്ള നിത്യഹരിതമായ പ്രണയചിന്തകളും അത്യാകർഷകമായി വരച്ചുകാട്ടുന്നു.

പുസ്തകത്തിന് ആധാരമായ 'ഊന്നുവടി' എന്ന കവിത ദാർശനികമായ ആഴമുള്ള ഒന്നാണ്. പ്രായമാകുമ്പോഴോ തളരുമ്പോഴോ ലഭിക്കുന്ന ബാഹ്യമായ ഒരു താങ്ങ് എന്നതിലുപരി, പങ്കാളിയിൽനിന്നും മനസ്സിന് ലഭിക്കേണ്ട ആത്മബലത്തെയും കരുത്തിനെയും കവിത ഓർമ്മിപ്പിക്കുന്നു.

ഈ അവസരത്തിൽ മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഏ. ജെ. ഫിലിപ്പിന്റെ വാക്കുകൾ പ്രത്യേകം ഓർക്കാം:

'പ്രണയാർദ്രമായ മനസ്സുള്ള ഒരു എഴുത്തുകാരനു മാത്രമേ ഇതുപോലെ ലളിതമായി പ്രേമചിന്തകൾ ചെറുകഥകളിലൂടെ വാരിവിതറാനാവൂ.' ആ വാക്കുകളെ സാർത്ഥകമാക്കുന്ന ലഘുകവിതയാണ് സാക്ഷാൽ 'ഊന്നുവടി'.

പ്രത്യേകിച്ച് പ്രവാസി മലയാളികൾക്കിടയിൽ ഈ എഴുത്തുകൾ ഏറെ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തതിന്റെ പ്രധാന കാരണം, അവയിൽ പ്രതിഫലിക്കുന്ന ആത്മാർത്ഥതയും ജീവിതസത്യങ്ങളോടുള്ള അടുപ്പവുമാണ്.

ജീവിതത്തിന്റെ സങ്കീർണ്ണതകൾക്കിടയിൽ അല്പം ആശ്വാസവും വെളിച്ചവും തേടുന്നവർക്ക് ഈ പുസ്തകം ഒരു നല്ല കൂട്ടുകാരനാകും. അറിവും അനുഭവവും ആത്മീയതയും നർമ്മവും ഒത്തുചേരുന്ന 'ഊന്നുവടി', മലയാള സാഹിത്യത്തിലെ ശ്രദ്ധേയവും വൈവിധ്യമാർന്നതുമായ ഒരു പരീക്ഷണമായി മാറുന്നു.

'ഊന്നുവടി' ഒരു സാധാരണ ലേഖനസമാഹാരമല്ല; അത് ഒരു എഴുത്തുകാരന്റെ ജീവിതാനുഭവങ്ങളുടെയും ചിന്തകളുടെയും ഹൃദയസ്പർശിയായ യാത്രയാണ്. അതിലെ ചെറുകഥകളിൽ ഒളിഞ്ഞിരിക്കുന്ന പ്രണയഭാവനകൾ ക്ലാസിക് റോമിയോജൂലിയറ്റ് പ്രണയത്തിന്റെ മൃദുലസ്പർശം ഓർമ്മിപ്പിക്കുന്നു.

വായനയെ സ്‌നേഹിക്കുന്ന ഏവർക്കും ചിരിയുടെയും ചിന്തയുടെയും അനുഭൂതിയുടെയും മനോഹരമായൊരു വിരുന്നായി 'ഊന്നുവടി' മാറട്ടെയെന്ന് ആശംസിക്കുന്നു.

ഉമ സജി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam