അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന് അഭിമാനമായി ഡോ. സുനന്ദ നായർ; കേന്ദ്ര അക്കാദമി പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി

AUGUST 15, 2026, 11:39 AM

ന്യൂഡൽഹി/ഹൂസ്റ്റൺ: ന്യൂഡൽഹിയിൽ 2026 ഓഗസ്റ്റ് 13ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത മോഹിനിയാട്ടം നർത്തകിയും അധ്യാപികയുമായ ഡോ. സുനന്ദ നായർക്ക് സംഗീത നാടക അക്കാദമി പുരസ്‌കാരം ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു.

വിദേശരാജ്യങ്ങളിൽ മോഹിനിയാട്ടത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനും നൽകിയ മികച്ച സംഭാവനകളെ മാനിച്ചാണ് രാജ്യത്തെ പരമോന്നത സാംസ്‌കാരിക ബഹുമതികളിലൊന്നായ ഈ പുരസ്‌കാരം ഡോ. സുനന്ദ നായർക്ക് ലഭിച്ചത്.

ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ മോഹിനിയാട്ടത്തെ ആഗോള വേദികളിൽ പരിചയപ്പെടുത്തുന്നതിലും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിലും കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി അവർ നൽകിയ സമഗ്രമായ സംഭാവനകൾക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം. അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ കലാരൂപത്തിന്റെ പാരമ്പര്യവും ശാസ്ത്രീയതയും നിലനിർത്തിക്കൊണ്ട് നിരവധി വേദികളിലും ശിൽപ്പശാലകളിലും പ്രഭാഷണപ്രദർശന പരിപാടികളിലും അവർ സജീവമായി പ്രവർത്തിച്ചുവരുന്നു.

vachakam
vachakam
vachakam

ഇന്ത്യയിലെ പ്രകടനകലകൾക്കായുള്ള ദേശീയ അക്കാദമിയായ സംഗീത നാടക അക്കാദമി നൽകുന്ന പരമോന്നത ബഹുമതികളിലൊന്നാണ് സംഗീത നാടക അക്കാദമി പുരസ്‌കാരം. നൃത്തം, സംഗീതം, നാടകം തുടങ്ങിയ പ്രകടനകലകളിൽ അസാധാരണമായ സംഭാവനകൾ നൽകിയ കലാകാരന്മാരെ ആദരിക്കുന്ന ഈ പുരസ്‌കാരം രാജ്യത്തെ ഏറ്റവും അഭിമാനകരമായ സാംസ്‌കാരിക അംഗീകാരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

പുരസ്‌കാരം ഏറ്റുവാങ്ങിയ ഡോ. സുനന്ദ നായർ ഈ അംഗീകാരത്തിന് അഗാധമായ നന്ദി രേഖപ്പെടുത്തി. തന്റെ കലാജീവിതത്തെ രൂപപ്പെടുത്തിയ ഗുരുക്കന്മാരുടെ മാർഗനിർദേശത്തിനും അനുഗ്രഹത്തിനുമാണ് ഈ പുരസ്‌കാരം സമർപ്പിക്കുന്നതെന്ന് അവർ പറഞ്ഞു. ഗുരുക്കന്മാരിൽനിന്ന് ലഭിച്ച ജ്ഞാനവും പരിശീലനവും പ്രോത്സാഹനവുമാണ് ഈ നേട്ടത്തിലേക്ക് തന്നെ നയിച്ചതെന്നും അവർ വ്യക്തമാക്കി.

പത്മഭൂഷൺ ഡോ. കനക് റെലെയുടെ ശിഷ്യപരമ്പരയിൽ വളർന്ന ഡോ. സുനന്ദ നായർ, നളന്ദ നൃത്യകലാ മഹാവിദ്യാലയത്തിന്റെ കലാഅക്കാദമിക് പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്ന പ്രമുഖ മോഹിനിയാട്ടം ആചാര്യരിൽ ഒരാളാണ്. ഡോ. കനക് റെലെയുടെ മുതിർന്ന ശിഷ്യയും നളന്ദയിൽ പരിശീലനം നേടിയ ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളുമായ അവർ, ഈ വർഷം പ്രൊഫഷണൽ മോഹിനിയാട്ടം കലാകാരിയും അധ്യാപികയുമായി നാല് പതിറ്റാണ്ടുകൾ പൂർത്തിയാക്കുകയാണ്.

vachakam
vachakam
vachakam

മുംബൈ സർവകലാശാലയിലെ നളന്ദ നൃത്യകലാ മഹാവിദ്യാലയത്തിൽ നിന്ന് മോഹിനിയാട്ടത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ആദ്യ വിദ്യാർത്ഥിയാണ് ഡോ. സുനന്ദ നായർ. അഞ്ച് ദശാബ്ദത്തിലേറെ നീളുന്ന കലാജീവിതത്തിൽ നർത്തകി, നൃത്തസംവിധായക, ഗവേഷക, അധ്യാപിക, ഗുരു എന്നീ നിലകളിൽ അവർ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ നൃത്തോത്സവങ്ങളിലും സാംസ്‌കാരിക വേദികളിലും മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുള്ള സുനന്ദ നായർ, ആത്മീയത, ശാസ്ത്രീയത, സൗന്ദര്യാത്മക മികവ് എന്നിവ സമന്വയിപ്പിക്കുന്ന അവതരണങ്ങളിലൂടെ ദേശീയഅന്തർദേശീയ തലത്തിൽ ശ്രദ്ധേയയായിട്ടുണ്ട്. അവരുടെ നൃത്താവിഷ്‌കാരങ്ങളിലെ കഥാപാത്രങ്ങളുടെ മിഴിവും അനായാസമായ ചലനങ്ങളും ദൃശ്യഭംഗിയും സംഗീതവുമായി ഇഴചേർന്ന അഭിനയ മുഹൂർത്തങ്ങളും ഏറെ പ്രശംസ നേടിയിട്ടുണ്ട്.

നാല് പതിറ്റാണ്ടിലേറെയായി പ്രൊഫഷണൽ കലാകാരിയായും അധ്യാപികയായും പ്രവർത്തിക്കുന്ന ഡോ. നായർ നിരവധി ശിഷ്യരെ ഇന്ത്യൻ ശാസ്ത്രീയ നൃത്തരംഗത്തേക്ക് വളർത്തിയെടുത്തിട്ടുണ്ട്. അവരുടെ ശിഷ്യരിൽ ദൂരദർശൻ ഗ്രേഡഡ് ആർട്ടിസ്റ്റുമാർ, സി.സി.ആർ.ടി. സ്‌കോളർഷിപ്പ് ജേതാക്കൾ, വിവിധ പുരസ്‌കാരങ്ങൾ നേടിയ കലാകാരന്മാർ എന്നിവരുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും വിവിധ വേദികളിൽ അവരുടെ ശിഷ്യർ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചുവരുന്നു.

vachakam
vachakam
vachakam

ഹൂസ്റ്റണിൽ വർഷങ്ങളായി താമസമാക്കിയ സുനന്ദ നായർ അമേരിക്കൻ ഇന്ത്യൻ സമൂഹത്തിനും പ്രത്യേകിച്ച് പ്രവാസി മലയാളികൾക്കും അഭിമാനമായി മാറിയിരിക്കുകയാണ്. സ്വന്തം സ്ഥാപനമായ Sunanda's Performing Arts Center (SPARC)ലൂടെയും വിവിധ കലാപരിപാടികളിലൂടെയും കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി മോഹിനിയാട്ടത്തെ അമേരിക്കൻ സമൂഹത്തിനിടയിലും ആഗോളതലത്തിലും പരിചയപ്പെടുത്തുന്നതിൽ അവർ സജീവമാണ്.

തിരക്കേറിയ കലാജീവിതത്തിനിടയിലും ഓരോ വർഷവും SPARCന്റെ നേതൃത്വത്തിൽ കുറഞ്ഞത് രണ്ട് പ്രധാന നൃത്തോത്സവങ്ങൾ സംഘടിപ്പിക്കുന്നത് അവരുടെ പ്രവർത്തനങ്ങളുടെ പ്രത്യേകതയാണ്. ഗുരു ഡോ. കനക് റെലെയുടെ ജന്മദിനത്തോടനുബന്ധിച്ച് മുംബൈയിൽ സംഘടിപ്പിക്കുന്ന കനക് ഫെസ്റ്റിവലും, ഹൂസ്റ്റണിൽ സംഘടിപ്പിക്കുന്ന നർത്തകി നൃത്തോത്സവവും ഇതിൽ പ്രധാനപ്പെട്ടവയാണ്. ഹൂസ്റ്റണിലെ നൃത്തപരിശീലന ക്ലാസുകൾക്കു പുറമെ മുംബൈയിലെ ശ്രുതിലയയിലും ഗുരുവായൂരിലും പരിശീലന പരിപാടികൾ തുടരുന്നു. കനക് നൃത്തോത്സവത്തിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും അവർ പ്രകടനങ്ങൾ സംഘടിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

മോഹിനിയാട്ടത്തിന്റെ സമ്പന്നമായ പാരമ്പര്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പകർന്നുനൽകുകയും പുതുതലമുറയിലെ നർത്തകരെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന സാംസ്‌കാരിക അംബാസഡർ എന്ന നിലയിലുള്ള ഡോ. സുനന്ദ നായരുടെ പ്രവർത്തനങ്ങൾക്കുള്ള ദേശീയ അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരം.

ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് ഈ വലിയ ബഹുമതി ഏറ്റുവാങ്ങിയതിന്റെ സന്തോഷവും അഭിമാനവും പങ്കുവെച്ച ഡോ. സുനന്ദ നായർ, നിരവധി പേരുടെ ആശംസകളും അനുഗ്രഹങ്ങളും ഇതിനകം ലഭിച്ചുവരുന്നതായി ഈ ലേഖകനോട് പറഞ്ഞു. തന്റെ കലാജീവിതത്തിൽ ഒപ്പമുണ്ടായിരുന്ന ഗുരുക്കന്മാർക്കും കുടുംബാംഗങ്ങൾക്കും ശിഷ്യർക്കും സുഹൃത്തുക്കൾക്കും കലാസ്‌നേഹികൾക്കും അവർ നന്ദി അറിയിച്ചു.

മോഹിനിയാട്ടത്തിന്റെ ശാസ്ത്രീയതയും പാരമ്പര്യവും ലോകമെമ്പാടും കൂടുതൽ പ്രചരിപ്പിക്കാനും പുതുതലമുറയിലേക്ക് അതിന്റെ മഹത്വം പകർന്നുനൽകാനും ഇനിയും പ്രവർത്തിക്കണമെന്ന ദൃഢനിശ്ചയത്തോടെയാണ് ഈ ദേശീയ ബഹുമതിയുടെ നിറവിൽ ഡോ. സുനന്ദ നായർ മുന്നോട്ടുപോകുന്നത്.

ജീമോൻ റാന്നി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam