ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടി റെക്കോർഡിട്ട തിലക് വർമക്ക് വീണ്ടും സെഞ്ചുറി. മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെ ആയിരുന്നു തിലകിന്റെ വെടിക്കെട്ട് സെഞ്ചുറി.
ടി20 ക്രിക്കറ്റിൽ തുടർച്ചയായി മൂന്ന് സെഞ്ചുറികൾ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോർഡും ഇതോടെ തിലക് സ്വന്തമാക്കി. ഇതിന് പുറമെ മുഷ്താഖ് അലി ടി20യിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറും തിലക് സ്വന്തം പേരിലാക്കി. 147 റൺസെടുത്തിരുന്ന ശ്രേയസ് അയ്യരുടെ റെക്കോർഡാണ് തിലക് 151 റൺസെടുത്ത് മെച്ചപ്പെടുത്തിയത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ രാഹുൽ സിംഗ് ഗാലൗട്ടിനെ നഷ്ടമായെങ്കിവും മൂന്നാം നമ്പറിലിറങ്ങിയ ഹൈദരാബാദ് ക്യാപ്ടൻ കൂടിയായ തിലക് 67 പന്തിൽ 151 റൺസടിച്ചു. 14 ഫോറും 10 സിക്‌സും അടങ്ങുന്നതാണ് തിലകിന്റെ ഇന്നിംഗ്‌സ്. രണ്ടാം വിക്കറ്റിൽ തൻമയ് അഗർവാളിനൊപ്പം(23 പന്തിൽ 55) 122 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ തിലക് മൂന്നാം വിക്കറ്റിൽ ബുദ്ധി രാഹുലിനൊപ്പം(23 പന്തിൽ 30) 84 റൺസ് കൂട്ടുകെട്ടുയർത്തി.
ആദ്യ ഓവറിലെ അവസാന പന്തിൽ ക്രീസിലെത്തിയ തിലക് വർമ ഇന്നിംഗ്‌സിലെ അവസാന പന്തിൽ പുറത്താകുമ്പോൾ ഹൈദരാബാദ് സ്‌കോർ 20 ഓവറിൽ 248ൽ എത്തിയിരുന്നു. നേരത്തെ ടോസ് നേടിയ മേഘാലയ ഹൈദരാബാദിനെ ബാറ്റിംഗിന് അയക്കുകയായിരുന്ന
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ മൂന്നാം നമ്പർ സ്ഥാനം ക്യാപ്ടൻ സൂര്യകുമാർ യാദവിൽ നിന്ന് ചോദിച്ചു വാങ്ങിയ തിലക് വർമ അവസാന രണ്ട് കളികളിലും സെഞ്ചുറി നേടി നാലു കളികളിൽ 280 റൺസടിച്ച് പരമ്പരയുടെ താരമായിരുന്നു.
ഒരു ടി20 പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസടിക്കുന്ന ഇന്ത്യൻ ബാറ്ററെന്ന റെക്കോർഡിട്ട തിലക് ഐസിസി ടി20 റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്