രണ്ടാംപകുതിയിൽ പകരക്കാരനായിട്ടിറങ്ങി സൂപ്പർഗോൾ നേടിയ മുഹമ്മദ് അജ്‌സലിലൂടെ സന്തോ ഷ് ട്രാഫി പ്രാഥമിക റൗണ്ട് മത്സരത്തിൽ കേരളത്തിന് ആദ്യജയം. എതിരില്ലാത്ത ഒരുഗോളിന് (1-0) റെയിൽവേയ്‌സിനെ തകർത്താണ് ഗ്രൂപ്പ് എച്ചിൽ കേരളം തേരോട്ടം തുടങ്ങിയത്. രാവിലെ നടന്ന ആദ്യ മത്സരത്തിൽ 3-2ന് ലക്ഷദ്വീപിനെ തകർത്ത് പോണ്ടിച്ചേരിയും ജയം കണ്ടു.
ആദ്യപകുതിയിൽ കിട്ടിയ അവസരങ്ങൾ പാഴാക്കിയ കേരളം രണ്ടാം പകുതിയിൽ സൽമാനെ വലിച്ച് മുഹമ്മദ് അജ്‌സലിനെ ഇറക്കി. 71-ാം മിനിട്ടിൽ നിജോ ഗിൽബർട്ട് ഗോൾപോസ്റ്റിനരികിൽ നിന്ന് കുറുക്കി നൽകിയ പാസ് അജ്‌സൽ വെടിയുണ്ട കണക്കെ ഗോൾപോസ്റ്റിലേക്ക് പായിച്ചു. അതുവരെ നനഞ്ഞപടക്കംപോലെ നീങ്ങിയ കളി കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തെ കോരിത്തരിപ്പിക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. തുടർന്നുള്ള മിനുട്ടുകളിൽ മലയാളിതാരങ്ങൾ ആധിപത്യം വഹിക്കുന്ന റെയിൽവേസ് സടകുടഞ്ഞെഴുന്നേറ്റെങ്കിലും കേരളത്തിന്റെ സൂപ്പർ ഗോളി എസ്.ഹജ്മൽ ഗോൾ വഴങ്ങാതെ കോട്ടകാത്തു.
ആദ്യ പകുതിയിൽ കൂടുതൽ ഗോളവസരങ്ങൾ കേരളത്തിനായിരുന്നു. കളിയുടെ 19-ാം മിനിട്ടിൽ ഗനിയുടെ സൂപ്പർ പാസ് ക്രിസ്റ്റി ഡേവിസിന്റെ കാലുകളിൽ കൃത്യമായി പതിഞ്ഞെങ്കിലും ഷോട്ട് പാളിപ്പോയി. കളിയുടെ 63ാം മിനിട്ട് ചങ്കിടിപ്പിന്റേതായിരുന്നു. റെയിൽവേയുടെ സൂഫിയാൻ ഷെയ്ക്ക് ഗോളിയെവെട്ടിച്ച് പോസ്റ്റിനുള്ളിലേക്ക് ഇടിച്ച് കയറിയെങ്കിലും കേരളത്തിന്റെ മനോജിന്റെ കാലുകൾ ഗോൾലൈനിൽ നിന്നും പന്തിനെ തിരിച്ചടിച്ചു. ഗോളെന്ന് വിളിച്ചുപറഞ്ഞ ഗ്യാലറിയേയും ആവേശത്തിലാറാടാനിരുന്ന റെയിൽവേസിനേയും ആ ഗോൾ നിരാശപ്പെടുത്തിയത് ചില്ലറയല്ല.
ആദ്യഗോളിന് ശേഷം കേരളം റെയിൽവേസിന്റെ ഗോൾപോസ്റ്റിലേക്ക് 76-ാം മിനുട്ടിൽ ഇരച്ച് കയറിയെങ്കിലും അവരുടെ ഗോളി അതിനെ നെഞ്ചോട് ചേർത്തുപിടിച്ചു. തുടർന്നുള്ള മിനിട്ടുകളിൽ പ്രതിരോധം തീർത്ത് കളിയുടെ സമയം നീട്ടിയെടുക്കുകയായിരുന്നു കേരളം. ഇടയ്ക്ക് വീണും പുറത്തേക്ക് പന്തടിച്ചും സമയം നീട്ടിയെടുത്ത താരങ്ങൾ തങ്ങളുടെ ആദ്യ ജയം വലുതായിതന്നെ ആഘോഷിച്ചു. കേരളത്തിന്റെ കരുത്തിൽ ക്യാപ്ടൻ സഞ്ജുവും മനോജും മുഷറഫും മുഹമ്മദ് റിയാസും നിർണായക സാന്നിദ്ധ്യമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്