മുംബൈ: എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വധക്കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പോലീസ് വെള്ളിയാഴ്ച നാഗ്പൂരില്‍ നിന്നുള്ള ഒരാളെ അറസ്റ്റ് ചെയ്തു. കേസിലെ 26-ാമത്തെ അറസ്റ്റാണിത്. പ്രതികള്‍ക്ക് പണം കൈമാറിയ വ്യക്തിയാണ് അറസ്റ്റിലായതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
അന്വേഷണവുമായി ബന്ധപ്പെട്ട് നാഗ്പൂരിലേക്ക് പോയ ക്രൈംബ്രാഞ്ച് സംഘം അകോലയിലെ പനജ് സ്വദേശി സുമിത് ദിനകര്‍ വാഗിനെയാണ് (26) പിടികൂടിയത്. ഇയാളെ മുംബൈയിലേക്ക് കൊണ്ടുവരുന്നു.
ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, നേരത്തെ അറസ്റ്റിലായ പ്രതി ഗുര്‍നൈല്‍ സിംഗിന്റെ സഹോദരന്‍ നരേഷ്‌കുമാര്‍ സിംഗിനും രൂപേഷ് മൊഹോള്‍, ഹരീഷ്‌കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള മറ്റ് പ്രതികള്‍ക്കും വാഗ് പണം കൈമാറി.
അറസ്റ്റിലായ മറ്റൊരു പ്രതിയായ സല്‍മാന്‍ വോറയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ സിം കാര്‍ഡ് ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി ഇയാള്‍ ഇടപാടുകള്‍ നടത്തിയിരുന്നത്.
അകോല ക്രൈംബ്രാഞ്ചിന്റെ സഹകരണത്തോടെ നവംബര്‍ 17നാണ് വോറയെ അറസ്റ്റ് ചെയ്തത്. വാഗിന്റെ സമീപവാസിയായ ശുഭം ലോങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് പണം കൈമാറിയതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നവംബര്‍ 10 ന് ഉത്തര്‍പ്രദേശിലെ ബഹ്റൈച്ച് ജില്ലയില്‍ നിന്ന് പ്രധാന ഷൂട്ടര്‍ ശിവകുമാര്‍ ഗൗതമിനെ അറസ്റ്റ് ചെയ്തതോടെ കേസിന്റെ അന്വേഷണത്തില്‍ വലിയ വഴിത്തിരിവ് ഉണ്ടായി. ഒക്ടോബര്‍ 12 മുതല്‍ ഒളിവിലായിരുന്ന ഗൗതം നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്