ഓസ്‌ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പേസർമാരിലൂടെ തിരിച്ചടിച്ച് ഇന്ത്യ. ആദ്യ ഇന്നിംഗ്‌സിൽ 150 റൺസിന് ഓൾ ഔട്ടായ ഇന്ത്യ ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സിൽ ആദ്യ ദിനം 67 റൺസെടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ പിഴുതാണ് അടിക്ക് തിരിച്ചടി നൽകിയത്.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 150 റൺസിന് മറുപടിയായി ആദ്യ ദിനം സ്റ്റംപെടുക്കുമ്പോൾ 67-7 എന്ന സ്‌കോറിൽ കൂട്ടത്തകർച്ചയിലാണ് ഓസീസ്. 19 റൺസോടെ അലക്‌സ് ക്യാരിയും ആറ് റൺസോടെ മിച്ചൽ സ്റ്റാർക്കും ക്രീസിൽ. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യൻ സ്‌കോറിനൊപ്പമെത്താൻ ഓസീസിന് ഇനിയും 83 റൺസ് കൂടി വേണം.
ഓപ്പണർമാരായ നഥാൻ മക്‌സ്വീനെ, ഉസ്മാൻ ഖവാജ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, മാർനസ് ലാബുഷെയ്ൻ, ക്യാപ്ടൻ പാറ്റ് കമിൻസ് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് 67 റൺസെടുക്കുന്നതിനിടെ നഷ്ടമായത്. 17 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ക്യാപ്ടൻ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയുടെ തിരിച്ചടിക്ക് നേതൃത്വം നൽകിയത്.
തിരിച്ചടി തുടങ്ങിയത് ബുമ്രയിലൂടെ
തന്റെ രണ്ടാം ഓവറിൽ തന്നെ അരങ്ങേറ്റക്കാരൻ നഥാൻ മക്‌സ്വീനെയെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ബുമ്ര വിക്കറ്റ് വേട്ട തുടങ്ങിയത്. 13 പന്തിൽ 10 റൺസെടുത്ത മക്‌സ്വീനെയെ ബുമ്ര വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. പിന്നാലെ മാർനസ് ലാബുഷെയ്‌നിനെ സ്ലിപ്പിൽ കോലിയുടെ കൈകളിലെത്തിച്ചെങ്കിലും അനായാസ ക്യാച്ച് കോലി കൈവിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി.
തന്റെ നാലാം ഓവറിൽ ഉസ്മാൻ ഖവാജയെ(8) സ്ലിപ്പിൽ കോലിയുടെ കൈകളിലെത്തിച്ച ബുമ്ര അടുത്ത പന്തിൽ സ്റ്റീവ് സ്മിത്തിന്റെ വിലപ്പെട്ട വിക്കറ്റും സ്വന്തമാക്കി. നേരിട്ട ആദ്യ പന്തിൽ തന്നെ സ്മിത്തിനെ ബുമ്ര വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ ട്രാവിസ് ഹെഡ് ഹർഷിത് റാണക്കെതിരെ ഒരോവറിൽ രണ്ട് ബൗണ്ടറിയടിച്ച് ഭീഷണി ഉയർത്തിയെങ്കിലും തന്റെ അടുത്ത ഓവറിൽ ഹെഡിനെ(11) ക്ലീൻ ബൗൾഡാക്കിയ റാണ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കി. മിച്ചൽ മാർഷിന്റെ ഊഴമായിരുന്നു
അടുത്തത്. ബൗണ്ടറിയടിച്ച് തുടങ്ങിയ മാർഷിനെ(6) മുഹമ്മദ് സിറാജിന്റെ പന്തിൽ സ്ലിപ്പിൽ രാഹുൽ പറന്നു പിടിച്ചു. 38-5ലേക്ക് വീണ ഓസീസിനെ ലാബുഷെയ്‌നും ക്യാരിയും ചേർന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും ആദ്യ റണ്ണെടുക്കാൻ 24 പന്ത് നേരിട്ട ലാബുഷെയ്ൻ 52 പന്തിൽ രണ്ട് റണ്ണെടുത്ത് സിറാജിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. ആദ്യ ദിനം കളി തീരും മുമ്പ് ക്യാപ്ടൻ പാറ്റ് കമിൻസിനെ(3) കൂടി റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച ബുമ്ര ഓസീസിനെ കൂട്ടത്തതകർച്ചയിലാക്കി.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ 150ന് പുറത്താകുകയായിരുന്നു. നാലു പേർ മാത്രം രണ്ടക്കം കടന്ന ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സിൽ 41 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോററായത്.
റിഷഭ് പന്ത് 37 റൺസടിച്ചപ്പോൾ കെ.എൽ രാഹുൽ 26ഉം ധ്രുവ് ജുറെൽ 11ഉം റൺസെടുത്ത് പുറത്തായി. ഓസ്‌ട്രേലിയക്കായി ജോഷ് ഹേസൽവുഡ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ മിച്ചൽ മാർഷ്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമിൻസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്