ഓസ്‌ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ചയോടെ തുടക്കം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 51 റൺസെന്ന നിലയിൽ പതറുകയാണ്. 10 റൺസുമായി റിഷഭ് പന്തും നാലു റണ്ണോടെ ധ്രുവ് ജുറെലും ക്രീസിൽ.
യശസ്വി ജയ്‌സ്വാൾ, മലയാളി താരം ദേവ്ദത്ത് പടിക്കൽ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ എന്നിവരുടെ വിക്കറ്റുകളാണ് ലഞ്ചിനുമുമ്പ് ഇന്ത്യക്ക് നഷ്ടമായത്. ഓസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറിൽ തന്നെ തിരിച്ചടിയേറ്റു. ഓപ്പണർ യശസ്വി ജയ്‌സ്വാൾ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ സ്ലിപ്പിൽ മക്‌സ്വീനിക്ക് ക്യാച്ച് നൽകി മടങ്ങി. എട്ട് പന്തുകൾ നേരിട്ടെങ്കിലും ജയ്‌സ്വാളിന് അക്കൗണ്ട് തുറക്കാനായിരുന്നില്ല. രണ്ടാം വിക്കറ്റിൽ രാഹുലിനൊപ്പം പടിക്കൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും സ്റ്റാർക്കിന്റെയും ഹേസൽവുഡിന്റെയും പന്തുകൾക്ക് മുന്നിൽ പതറി. ഒടുവിൽ 23 പന്ത് നേരിട്ട പടിക്കൽ റണ്ണൊന്നുമെടുക്കാതെ ഹേസൽവുഡിന് മുന്നിൽ വീണു.
ഓസീസ് പേസർമാരെ ആത്മവിശ്വാസത്തോടെ നേരിട്ട രാഹുലാണ് ഇന്ത്യയെ രണ്ടക്കം കടത്തിയത്.
രാഹുലും കോഹ്ലിയും ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും ഹേസൽവുഡിന്റെ അപ്രതീക്ഷിത ബൗൺസിന് മുന്നിൽ കോഹ്ലി(5) വീണു. 12 പന്തിൽ അഞ്ച് റണ്ണെടുത്ത കോഹ്ലിയെ സ്ലിപ്പിൽ ഉസ്മാൻ ഖവാജ കൈയിലൊതുക്കുകയായിരുന്നു. ഓസീസ് പേസർമാരുടെ പന്തുകളെ മികച്ച രീതിയിൽ നേരിട്ട രാഹുലാണ് ഇന്ത്യയെ മുന്നോട്ടു നയിച്ചത്.
എന്നാൽ ആദ്യ ദിനം ലഞ്ചിന് തൊട്ടു മുമ്പ് രാഹുലിനെ(26) കൂടി മടക്കി മിച്ചൽ സ്റ്റാർക്ക് ഇന്ത്യയ്ക്ക് നാലാം പ്രഹരമേൽപ്പിച്ചു. സ്റ്റാർക്കിന്റെ പന്ത് രാഹുലിന്റെ ബാറ്റിലാണോ ബാറ്റ് പാഡിലാണോ തട്ടിയതെന്ന് സംശയമുണ്ടായിരുന്നെങ്കിലും ടിവി അമ്പയർ രാഹുലിനെ ഔട്ട് വിധിക്കുകയായിരുന്നു. 74 പന്ത് നേരിട്ട രാഹുൽ മൂന്ന് ബൗണ്ടറിയടക്കം 26 റൺസെടുത്ത് മടങ്ങി.
സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയു ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായപ്പോൾ വാഷിംഗ്ടൺ സുന്ദർ ഒരേയൊരു സ്പിന്നറായി പ്ലേയിംഗ് ഇലവനിലെത്തി. പേസ് ഓൾ റൗണ്ടറായി നിതീഷ് കുമാർ റെഡ്ഡി ഇന്ത്യക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുമ്പോൾ പേസർമാരായി ക്യാപ്ടൻ ജസ്പ്രീത് ബുമ്രക്ക് പുറമെ മുഹമ്മദ് സിറാജും ഹർഷിത് റാണയുമാണ് ടീമിലെത്തിയത്. വിക്കറ്റ് കീപ്പർ ധ്രുവ് ജുറെലും സ്‌പെഷലിസ്റ്റ് ബാറ്ററായി ടീമിലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്