നവംബർ 23 മുതൽ ഡിസംബർ 3 വരെ നടക്കുന്ന സയ്യിദ് മുഷ്താഖലി ക്രിക്കറ്റ് ടൂർണമെൻ്റിനായുള്ള കേരള ടീമിനെ തകർപ്പൻ ഫോമിലുള്ള ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസൺ നയിക്കും. ടി20 ഫോർമാറ്റിലുള്ള ടൂർണമെൻ്റിൽ സഞ്ജുവിൻ്റെ അനുഭവസമ്പത്ത് കേരള ടീമിന് മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിൻ്റെ വിജയത്തിൽ നിർണായകമായ സംഭാവനകൾ നൽകിയാണ് സഞ്ജു കേരളത്തിലേക്ക് മടങ്ങിയെത്തിയത്.
തുടർച്ചയായ അഞ്ച് അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ മൂന്ന് സെഞ്ചുറികൾ നേടി കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സഞ്ജു നിലവിൽ കളിക്കുന്നത്. 2024ൽ ഇന്ത്യൻ ടീമിനായി ഏറ്റവുമധികം റൺസ് നേടിയ ടി20 ബാറ്ററായും സഞ്ജു മാറിയിരുന്നു. വിരാട് കോഹ്‌ലിയാണ് പട്ടികയിൽ രണ്ടാമത്.
സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, ബേസിൽ തമ്പി, സൽമാൻ നിസാർ എന്നിവരും കേരള ടീമിൽ ഇടം നേടിയിട്ടുണ്ട്. ക്രിക്കറ്റ് ലീഗിൽ തിളങ്ങിയ അബ്ദുൾ ബാസിദും ഷറഫുദീനും ടീമിലുണ്ട്.
ഗ്രൂപ്പ് ഇ'യിൽ മുബൈ, മഹാരാഷ്ട്ര, ഗോവ, ആന്ധ്രാ പ്രദേശ്, സർവീസസ്, നാഗാലാൻ്റ് എന്നീ ടീമുകൾക്ക് ഒപ്പമാണ് കേരളമുള്ളത്. നവംബർ 23ന് സർവീസസിന് എതിരെയാണ് കേരളത്തിൻ്റെ ആദ്യ മത്സരം. 25ന് മഹാരാഷ്ട്രയെയും 27ന് നാഗാലാന്റിനെയും കേരളം നേരിടും.
സയ്യിദ് മുഷ്താഖലി ട്രോഫിക്കുള്ള കേരള ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ), സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, മൊഹമ്മദ് അസറുദ്ദീൻ, ബേസിൽ തമ്പി, സൽമാൻ നിസാർ, അബ്ദുൾ ബാസിദ് പി.എ, അഖിൽ സ്കറിയ, അജ്നാസ് എം, സിജോമോൻ ജോസഫ്, മിഥുൻ എസ്, വൈശാഖ് ചന്ദ്രൻ, വിനോദ് കുമാർ സി.വി, ബേസിൽ എൻ പി, ഷറഫുദ്ദീൻ എൻ.എം, നിധീഷ് എം.ഡി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്