പാകിസ്ഥാനെതിരെ ടി20 പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ. മൂന്നാം മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന് 18.1 ഓവറിൽ 117 റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. 41 റൺസ് നേടിയ ബാബർ അസമാണ് ടോപ് സ്‌കോറർ. ആരോൺ ഹാർഡി ഓസീസിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിൽ ഓസീസ് 11.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 27 പന്തിൽ 61 റൺസുമായി പുറത്താവാതെ നിന്ന മാർകസ് സ്‌റ്റോയിനിസാണ് വിജയശിൽപി.
മോശം തുടക്കമായിരുന്നു ഓസീസിന്. 30 റൺസിനിടെ അവർക്ക് ഓപ്പണർമാരായ മാത്യൂ ഷോർട്ട് (2), ജേക്ക് ഫ്രേസർ മക്ഗുർക് (18) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. പിന്നീടായിരുന്നു സ്റ്റോയിനിസ് ഷോ. ജോഷ് ഇൻഗ്ലിസ് (27) കട്ടയ്ക്ക് പിന്തുണ നൽകി. 55 റൺസ് കൂട്ടിചേർത്ത ശേഷമാണ് ഇരുവരും പിരിഞ്ഞത്. ഇൻഗ്ലിസിനെ, അബ്ബാസ് അഫ്രീദി പുറത്താക്കുകയായിരുന്നു. എങ്കിലും ടിം ഡേവിഡിനെ (7) കൂട്ടുപിടിച്ച് സ്റ്റോയിനിസ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചു.
27 പന്തുകൾ മാത്രം നേരിട്ട സ്റ്റോയിനിസ് അഞ്ച് വീതം സിക്‌സും ഫോറും നേടി. ഹാരിസ് റൗഫ് എറിഞ്ഞ ഒമ്പതാം ഓവറിൽ രണ്ട് വീതം സിക്‌സും ഫോറുമാണ് സ്‌റ്റോയിനിസ് നേടിയത്. 22 റൺസാണ് ഓവറിൽ പിറന്നത്. ഷഹീൻ അഫ്രീദിയെറിഞ്ഞ 11-ാ ഓവറിൽ മൂന്ന് സിക്‌സുകൾ വന്നു. അതിൽ മൂന്നും രണ്ടും സ്‌റ്റോയിനിസിന്റെ വക. കൂടെ ഒരു ഫോറും. മറ്റൊരു സിക്‌സ് ഡേവിഡും നേടിയതോടെ ഓവറിൽ ഒന്നാകെ 25 റൺസാണ് വന്നത്. ഇതോടെ കളിയും തീരുമാനമായി. 52 പന്തുകൾ ബാക്കി നിൽക്കെയാണ് ഓസീസ് ജയിക്കുന്നത്. പന്ത് അടിസ്ഥാനത്തിൽ പാകിസ്ഥാനെതിരെ ഏതൊരും ടീമും നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ ജയമാണിത്. 55 ബാക്കി നിൽക്കെ ജയിച്ച ഓസീസ് തന്നെയാണ് ഒന്നാമത്.
നേരത്തെ ബാബർ ഒഴികെ ഹസീബുള്ള ഖാൻ (24), ഇർഫാൻ ഖാൻ (10), ഷഹീൻ അഫ്രീദി (16) എന്നിവർ മാത്രമാണ് പാകിസ്ഥാൻ നിരയിൽ രണ്ടക്കം കണ്ടത്. സാഹിബ്‌സദ ഫർഹാൻ (9), ഉസ്മാൻ ഖാൻ (3), അഗ സൽമാൻ (1), അബ്ബാസ് അഫ്രീദി (1), ജഹന്ദാദ് ഖാൻ (5), സുഫിയാൻ മുഖീം (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ഹാർഡിക്ക് പുറമെ സ്‌പെൻസർ ജോൺസൺ, ആഡം സാംപ എന്നിവർ ഓസീസിന് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്