ഫ്രേയ്ബർഗ് : യുവേഫ നേഷൻസ് ലീഗിന്റെ ഗ്രൂപ്പ് സിയിലെ അഞ്ചാം മത്സരത്തിൽ മറുപടിയില്ലാത്ത ഏഴുഗോളുകൾക്ക് ദുർബലരായ ബോസ്‌നിയ ആൻഡ് ഹെഴ്‌സഗോവിനയെ തോൽപ്പിച്ച് ജർമ്മനി ഒന്നാം സ്ഥാനം സുരക്ഷിതമാക്കി. നേരത്തേതന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്ന ജർമ്മനിക്കായി ബോസ്‌നിയക്കെതിരെ ടിം ക്‌ളെയ്ൻഡീയെസ്റ്റ്, ഫ്‌ളോറിയൻ വിറ്റ്‌സ് എന്നിവർ ഇരട്ട ഗോളുകൾ നേടി. ജമാൽ മുസെയ്‌ല, കായ് ഹാർവർട്‌സ്, ലെറോയ് സാനേ എന്നിവർ ഓരോ ഗോൾ വീതം നേടി.
രണ്ടാം മിനിട്ടിൽ മുസൈലയുടെ ഗോളിലൂടെയാണ് ജർമ്മനി അക്കൗണ്ട് തുറന്നത്. 23,79 മിനിട്ടുകളിലായിരുന്നു ക്‌ളെയ്ൻഡീയെസ്റ്റിന്റെ ഗോളുകൾ. വിറ്റ്‌സ് 50,57 മിനിട്ടുകളിൽ സ്‌കോർ ചെയ്തു. കായ് ഹാവെർട്‌സ് 37-ാം മിനിട്ടിലും ലെറോയ് സാനേ 66-ാം മിനിട്ടിലും വലകുലുക്കി. ഇതോടെ ഗ്രൂപ്പ് സിയിൽ അഞ്ചുമത്സരങ്ങളിൽ നാലു വിജയം നേടിയ ജർമ്മനി 13 പോയിന്റിലെത്തി.
കഴിഞ്ഞ രാത്രി നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ ഹംഗറിയെ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് തോൽപ്പിച്ച് ക്വാർട്ടർ ഉറപ്പിച്ച ഹോളണ്ടാണ് എട്ടുപോയിന്റുമായി ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്ത്. ആദ്യ പകുതിയിൽ വൗട്ട് വെഗോസ്റ്റും കോഡി ഗാപ്‌കോയും രണ്ടാം പകുതിയിൽ ഡെൻസൽ ഡംഫ്രീസും തെയൂൺ കൂപ്‌മൈനേഴ്‌സും നേടിയ ഗോളുകൾക്കാണ് ഹോളണ്ടിന്റെ ജയം.
ഗ്രൂപ്പ് ഐയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സ്‌ളൊവാക്യയെ തോൽപ്പിച്ച സ്വീഡൻ 13 പോയിന്റുമായി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. കഴിഞ്ഞരാത്രി നടന്ന മറ്റ് മത്സരങ്ങളിൽ തുർക്കിയും വെയിൽസും ഗോൾ രഹിത സമനിലയിലും ജോർജിയയും യുക്രെയ്‌നും ഓരോ ഗോളടിച്ചും സമനിലയിൽ പിരിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്