ക്വാലാലംപൂർ: നാലുദിവസത്തെ ഔദ്യോഗിക മലേഷ്യൻ പര്യടനത്തിനെത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദ്യമായ വരവേൽപ്പ്. മലേഷ്യൻ പ്രധാനമന്ത്രി ഓഫീസിലെ മതകാര്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മുഹമ്മദ് അജീബ് ബിൻ ഇസ്മാഈലിന്റെയും ഡോ. ബശീർ മുഹമ്മദ് അസ്ഹരിയുടെയും നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം ഗ്രാൻഡ് മുഫ്തിയെ സ്വീകരിച്ചു.
മതകാര്യ വകുപ്പിന്റെ കീഴിൽ ഈ മാസം പത്തുമുതൽ പുത്രജയയിലെ മസ്ജിദ് പുത്രയിൽ ലോകപ്രശസ്ത പണ്ഡിതരുടെ സാന്നിധ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സ്വഹീഹുൽ ബുഖാരി പാരായണ സദസ്സിന്റെ വ്യാഴാഴ്ചത്തെ സമാപന സംഗമത്തിന് നേതൃത്വം നൽകാനാണ് സർക്കാരിന്റെ ഔദ്യോഗിക അതിഥിയായി ഗ്രാൻഡ് മുഫ്തി മലേഷ്യയിൽ എത്തിയത്. പ്രധാനമന്ത്രി അൻവർ ഇബ്റാഹീം ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ മലേഷ്യൻ സർക്കാരിലെ ഉന്നതരും സ്വദേശിവിദേശി പണ്ഡിതരും മതവിദ്യാർത്ഥികളും സംബന്ധിക്കും.
പരിശുദ്ധ ഖുർആന് ശേഷം ഏറ്റവും പ്രബല ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിലൂടെ ഇസ്ലാമിക പൈതൃകവും പാരമ്പര്യവും വളർത്തിയെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. മലേഷ്യ മദനി നയത്തിന് കീഴിൽ പാരമ്പര്യ ഇസ്ലാമിന്റെ വ്യാപനത്തിനും വളർച്ചക്കുമായി നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി അൻവർ ഇബ്രാഹീമിന് കീഴിലുള്ള മലേഷ്യൻ മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ വർഷം ജൂലൈയിൽ പുത്ര മസ്ജിദിൽ വാർഷിക ബുഖാരി സംഗമങ്ങൾ ആരംഭിച്ചത്. മതപണ്ഡിതർക്കുള്ള മലേഷ്യൻ ഭരണകൂടത്തിന്റെ പരമോന്നത ബഹുമതിയായ മഅൽ ഹിജ്റ പുരസ്കാരം നേടിയതിന് പിറകെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയാണ് പ്രസ്തുത സംഗമത്തിന് തുടക്കമിട്ടത്.
സ്വഹീഹുൽ ബുഖാരി പൂർണമായും പാരായണം ചെയ്യുന്ന 12 ദിവസം നീണ്ടു നിൽക്കുന്ന സദസ്സിൽ തിരഞ്ഞെടുക്കപ്പെട്ട 750 പേരാണ് ശ്രോതാക്കൾ. മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നഈം ബിൻ മുഖ്താറിന്റെ മേൽനോട്ടത്തിലാണ് ദർസ് നടക്കുന്നത്. സമാപന ചടങ്ങിൽ സ്വഹീഹുൽ ബുഖാരി ദർസിന് പുറമെ ഗ്രാൻഡ് മുഫ്തിയുടെ പ്രഭാഷണവും ഇജാസത്ത് കൈമാറ്റവും നടക്കും. കൂടാതെ സ്വഹീഹുൽ ബുഖാരി അധ്യാപന കാലത്തെ തന്റെ പഠനങ്ങളും ആലോചനകളും ചർച്ചകളും ആസ്പദമാക്കി വിവിധ വ്യാഖ്യാന ഗ്രന്ഥങ്ങളെയും പണ്ഡിതരെയും അവലംബിച്ച് 20 വാള്യങ്ങളിലായി തയ്യാറാക്കിയ കാന്തപുരം ഉസ്താദിന്റെ 'തദ്കീറുൽ ഖാരി' വ്യാഖ്യാന കൃതിയുടെ ആദ്യഘട്ട പ്രകാശനവും പദ്ധതി പ്രഖ്യാപനവും ഈ വേദിയിൽ നടക്കും. 23 വരെ നീണ്ടുനിൽക്കുന്ന പര്യടനത്തിൽ വിവിധ സാംസ്കാരികവൈജ്ഞാനിക പരിപാടികളിലും ഗ്രാൻഡ് മുഫ്തി സംബന്ധിക്കും. പ്രധാനമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്