ബംഗളൂരു: ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി വ്യാജ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത നാലംഗ സംഘത്തെ പൊലീസ് പിടികൂടി. ബംഗളൂരുവിലാണ് സംഭവം. ഇഎസ്‌ഐയുടെ വെബ്‌സൈറ്റില്‍ വ്യാജ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് അതിലെ ജീവനക്കാരായി ആളുകളെ ചേര്‍ക്കുകയായിരുന്നു സംഘത്തിന്റെ രീതി.
ബംഗളൂരു രാജാജി നഗറിലെ ഇഎസ്‌ഐ ആശുപത്രിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന വി. ശ്രീധര, ഇതേ ആശുപത്രിയില്‍ ക്യാന്റീന്‍ നടത്തുന്ന രമേശ്, നേരത്തെ ഇഎസ്‌ഐ ജീവനക്കാരനായിരുന്ന ശിവലിംഗ, ഇവരുടെ സുഹൃത്തും സദാശിവനഗറിലെ ഒരു ആശുപത്രി ജീവനക്കാരനുമായ ചന്ദ്രു എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് പുറമെ രാജാജി നഗര്‍ ആശുപത്രിയിലെ അക്കൗണ്ട്‌സ് സെക്ഷനില്‍ ജോലി ചെയ്യുന്ന രണ്ട് സ്ത്രീകള്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതായി സംശയമുണ്ട്. ഇവരാണ് ഡോക്ടര്‍മാരില്‍ നിന്ന് വ്യാജ ശുപാര്‍ശ കത്തുകള്‍ ലഭ്യമാക്കിയിരുന്നതെന്നാണ് സംശയം.
കാര്‍ഡ് കൊടുത്തവരില്‍ നിന്നെല്ലാം പണവും വാങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ 869 പേര്‍ക്ക് ചികിത്സാ ആനുകൂല്യങ്ങള്‍ക്കുള്ള ഇഎസ്‌ഐ കാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്‍കിയെന്നും അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. 21,000 രൂപയ്ക്ക് താഴെ മാസ ശമ്പളം വാങ്ങുന്നവര്‍ക്ക് ഇഎസ്‌ഐ ആശുപത്രികളിലും മറ്റ് എംപാനല്‍ഡ് ആശുപത്രികളിലും ചികിത്സാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് തൊഴിലുടമ വഴി നല്‍കുന്നതാണ് ഇഎസ്‌ഐ കാര്‍ഡുകള്‍.
രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ ഇഎസ്‌ഐ വെബ്‌സൈറ്റില്‍ ഏതാനും വ്യാജ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഈ കമ്പനികളിലെ ജീവനക്കാരെന്ന പോലെ ആളുകളെ ചേര്‍ത്തു. ഇവര്‍ക്കെല്ലാം ചികിത്സാ ആനുകൂല്യങ്ങള്‍ക്കുള്ള കാര്‍ഡും നല്‍കി. ഇതിനായി ഓരോരുത്തരില്‍ നിന്നും 20,000 രൂപയാണ് ആദ്യം വാങ്ങിയത്. പിന്നീട് മാസം തോറും 500 രൂപ വീതം വാങ്ങിവരികയായിരുന്നു. ഇതില്‍ 280 രൂപ ഇഎസ്‌ഐ കോണ്‍ട്രിബ്യൂഷനായി അടയ്ക്കുകയും ബാക്കി തുക ഇവര്‍ തന്നെ എടുക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്