ന്യൂദൽഹി:അമേരിക്കൻ നീതിന്യായ വകുപ്പും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനും അദാനി ഗ്രീൻ എനർജി ഡയറക്ടർമാർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് അദാനി ഗ്രൂപ്പ്. ഈ ആരോപണങ്ങൾ നിഷേധിക്കുന്നതായി അദാനി ഗ്രൂപ്പ് വക്താവ് പ്രസ്താവനയിൽ അറിയിച്ചു.
നിലവിൽ ഗ്രൂപ്പിനെതിരെയുള്ളത് കുറ്റാരോപണങ്ങൾ മാത്രമാണെന്നും, കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതികൾ നിരപരാധികളാണെന്നും നീതിന്യായ വകുപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി.
അവരുടെ നിരപരാധിത്വം തെളിയിക്കാൻ നിയമപരമായ എല്ലാ മാർഗങ്ങളും സ്വീകരിക്കും. ‘അദാനി ഗ്രൂപ്പ് എപ്പോഴും അതിൻ്റെ പ്രവർത്തനങ്ങളിൽ ഏറ്റവും ഉയർന്ന മൂല്യങ്ങളും സുതാര്യതയും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. എല്ലാ നിയമങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഞങ്ങളെന്ന് ഞങ്ങളുടെ പങ്കാളികൾക്കും ജീവനക്കാർക്കും ഞങ്ങൾ ഉറപ്പ് നൽകുന്നു,' അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.
സൗരോർജ പദ്ധതിക്ക് കരാർ ലഭിക്കാൻ ഇന്ത്യൻ സർക്കാരിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തുവെന്ന് ആരോപിച്ചാണ് അമേരിക്കയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും ഗ്രൂപ്പിലെ മറ്റ് ഉന്നതർക്കുമെതിരെ കേസെടുക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തത്.
നിലവിൽ അദാനിയെ കൂടാതെ മറ്റ് ഏഴ് പേരും കേസിൽ പ്രതികളാണ്. അദാനിയുടെ അടുത്ത ബന്ധു സാഗർ അദാനിയാണ് കേസിലെ മറ്റൊരു പ്രതി. വിവിധ കരാറുകൾ സ്വന്തമാക്കാനായി 265 മില്യൺ ഡോളർ അദാനി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിലൂടെ രണ്ട് ബില്യൺ ഡോളർ ലാഭമുണ്ടാക്കുകയായിരുന്നു അദാനിയുടെ ലക്ഷ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്