സയ്യിദ് മുഷ്താഖ് അലി ടി20യിൽ സർവീസസിനെതിരെ കേരളത്തിന് മൂന്ന് വിക്കറ്റ് ജയം. ഹൈദരാബാദ്, രാജീവ്ഗാന്ധി ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ സർവീസസ് ഉയർത്തിയ 150 റൺസ് വിജയക്ഷ്യം 18.1 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു.
ക്യാപ്ടൻ സഞ്ജു സാംസണിന്റെ (45 പന്തിൽ 75) ഇന്നിംഗ്‌സാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. രോഹൻ കുന്നുമ്മൽ 27 റൺസെടുത്തു. നേരത്തെ അഞ്ച് വിക്കറ്റെടുത്ത അഖിൽ സ്‌കറിയയാണ് സർവീസസിനെ ഒതുക്കിയത്. നിധീഷ് എംഡിക്ക് രണ്ട് വിക്കറ്റുണ്ട്.
നേരത്തെ മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ സഞ്ജു-രോഹൻ സഖ്യം 73 റൺസ് ചേർത്തു. വിശാൽ ഗൗറിന് വിക്കറ്റ് നൽകിയാണ് രോഹൻ മടങ്ങുന്നത്. അതേ ഓവറിൽ വിഷ്ണു വിനോദും (4) മടങ്ങി. ഇതോടെ രണ്ടിന് 77 എന്ന നിലയിലായി കേരളം. പിന്നാലെ മുഹമ്മദ് അസറുദ്ദീനൊപ്പം 44 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി സഞ്ജു. എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഇരുവരും മടങ്ങി. ആദ്യം അസറിനെ (11) അമിത് ശുക്ല പുറത്താക്കി.
പിന്നാലെ സഞ്ജു പുൽകിത് നാരംഗിന്റെ പന്തിൽ ലോംഗ് ഓഫിൽ ക്യാച്ച് നൽകി. മൂന്ന് സിക്‌സും 10 ഫോറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ക്യാപ്ടൻ കൂടിയായ സഞ്ജു ആദ്യ ഓവറിൽ തന്നെ 18 റൺസ് അടിച്ചെടുത്തു. തുടർന്നെത്തിയ സച്ചിൻ ബേബിക്കും (6), അബ്ദുൾ ബാസിത്തിനും (1), അഖിൽ (1) തിളങ്ങാനായില്ല. എന്നാൽ സൽമാൻ നിസാർ (17), സിജോമോൻ ജോസഫ് (0) എന്നിവർ കേരളത്തെ വിജയത്തിലേക്ക് നയിച്ചു. പുൽകിത് നാല് വിക്കറ്റ് വീഴ്ത്തി.
നേരത്തെ അഞ്ച് വിക്കറ്റ് നേടിയ അഖിൽ നാല് വിക്കറ്റും ഒരോവറിലാണ് സ്വന്തമാക്കിയത്. നാല് ഓവറിൽ 30 റൺസ് മാത്രമാണ് അഖിൽ വഴങ്ങിയത്. 29 പന്തിൽ 41 റൺസെടുത്ത മോഹിത് അഹ്ലാവദാണ് സർവീസസിന്റെ ടോപ് സ്‌കോറർ. മോശം തുടക്കമായിരുന്നു സർവീസസിന്. പവർ പ്ലേ തീരുന്നതിന് മുമ്പ് അവർക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരായ കുമാർ പതക് (16), രോഹില്ല (2) എന്നിവരെ നിതീഷ് പുറത്താക്കുകയായിരുന്നു. ഇതോടെ രണ്ടിന് 35 എന്ന നിലയിലായി സർവീസസ്.
പിന്നാലെ വിതീക് ധൻകർ (35) -മോഹിത് സഖ്യം 40 റൺസ് കൂട്ടിചേർത്ത് തകർച്ചയിൽ നിന്ന് രക്ഷിച്ചു. എന്നാൽ മോഹിത്തിനെ പുറത്താക്കി സിജോ മോൻ കേരളത്തിന് ബ്രേക്ക് ത്രൂ നൽകി. തുടർന്നാണ് മോഹിത്തിനൊപ്പം അരുൺ കുമാർ (22 പന്തിൽ 28) ചേർന്നത്. ഇരുവരും 49 റൺസ് ടോട്ടലിനൊപ്പം ചേർത്തു.
എന്നാൽ അരുണിനെ പുറത്താക്കി വിനോദ് കുമാർ കേരളത്തിന് ബ്രേക്ക് ത്രൂ നൽകി. വൈകാതെ 19-ാം ഓവറിൽ അഹ്ലാവദിനെ, അഖിൽ സ്‌കറിയയും മടക്കി. തൊട്ടടുത്ത പന്തിൽ പി.എസ്. പൂനിയ (0)യും നാലാം പന്തിൽ എം.എസ്. രതിയേയും (8) അവസാന പന്തിൽ ഗൗരവ് ശർമയേയും (1) അഖിൽ മടക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്