ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 275 റൺസെന്ന നിലയിലാണ് ഇന്ത്യ.
സെഞ്ചുറി തികച്ച യശസ്വി ജയ്‌സ്വാളും(141) ദേവദത്ത് പടിക്കലുമാണ്(25) ക്രീസിൽ. അർധ സെഞ്ചുറി നേടിയ കെ.എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നിലവിൽ 321 റൺസിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്.
ഇതുവരെ ഓസ്‌ട്രേലിയയിൽ കളിക്കാത്ത യുവതാരത്തെ എന്തിനാണ് ഓസീസ് ടീം ഭയന്നതെന്ന് ഇന്ന് പെർത്തിൽ വ്യക്തമായിരിക്കുകയാണ്. പെർത്തിൽ തകർപ്പൻ സെഞ്ച്വറിയോടെ ജയ്‌സ്വാൾ എല്ലാവരേയും അത്ഭുതപ്പെടുത്തുകയാണ്. അതും പെർത്തിൽ സിക്‌സറിലൂടെ സെഞ്ച്വറി പൂർത്തിയാക്കി എന്നതാണ് എടുത്തു പറയേണ്ടത്.
ജയ്‌സ്വാളിന്റെ കന്നി ഓസീസ് ടെസ്റ്റ് പരമ്പരയാണിത്. ഓസീസിൽ കന്നി ടെസ്റ്റ് പരമ്പരയിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി ജയ്‌സ്വാൾ മാറിയിരിക്കുകയാണ്. 18-ാം വയസിൽ സച്ചിൻ ടെണ്ടുൽക്കർ പെർത്തിൽ സെഞ്ച്വറി നേടിയിരുന്നു. 23കാരനായ വിരാട് കോഹ്ലി അഡ്‌ലെയ്ഡിൽ സെഞ്ച്വറി പ്രകടനം നടത്തിയപ്പോൾ 22-ാം വയസിൽ ജയ്‌സ്വാൾ പെർത്തിൽ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. 22 വയസിനുള്ളിൽ നാല് ടെസ്റ്റ് സെഞ്ച്വറി ജയ്‌സ്വാൾ നേടിക്കഴിഞ്ഞു.
വേഗത്തിൽ 1500 ടെസ്റ്റ് റൺസ് നേടുന്ന ഇന്ത്യൻ ഓപ്പണറെന്ന റെക്കോഡിൽ തലപ്പത്തെത്താനും ജയ്‌സ്വാളിന് സാധിച്ചുവിക്കറ്റ് നഷ്ടമില്ലാതെ 172 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി ശ്രദ്ധയോടെയാണ് ജയ്‌സ്വാളും രാഹുലും ബാറ്റേന്തിയത്. പത്ത് റൺസ് കൂടി ചേർത്ത് ജയ്‌സ്വാൾ സെഞ്ചുറി നേടി. പിന്നാലെ ഇരുവരും ചേർന്ന് ടീം സ്‌കോർ 200കടത്തി. 201ൽ നിൽക്കേ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 77 റൺസെടുത്ത രാഹുലിനെ സ്റ്റാർക് പുറത്താക്കി. ദേവദത്ത് പഠിക്കലാണ് ജയ്‌സ്വാളിനൊപ്പം ക്രീസിലുള്ളത്.
നിർണായക ഒന്നാമിന്നിങ്‌സ് ലീഡിനൊപ്പം ഓപ്പണർമാർ ഉറച്ചുനിന്ന് പൊരുതി. ഒന്നാമിന്നിങ്‌സിൽ സന്ദർശകർ 46 റൺസിന്റെ ലീഡാണ് നേടിയത്.ഓസീസ് ബാറ്റിങ്ങിന്റെ വാലറ്റത്ത് മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ പിച്ചിൽ പിടിച്ചുനിൽക്കേണ്ടതെന്ന പാഠമുണ്ടായിരുന്നു. അത് ഉൾക്കൊണ്ടാണ് ജയ്‌സ്വാളും രാഹുലും കളിക്കാനിറങ്ങിയത്.
ക്രീസിൽ ക്ഷമയോടെ പിടിച്ചുനിന്ന ഇരുവരും ഓസീസ് പേസർമാരെ ശ്രദ്ധയോടെയും ക്ഷമയോടെയും നേരിട്ടു. ആക്രമണോത്സുക ഷോട്ടുകൾക്ക് മുതിരാതെ സിംഗിളുകളിലൂടെ സ്‌കോർ ബോർഡ് ചലിപ്പിക്കാനും ഇരുവർക്കുമായി. ഓപ്പണിങ് സഖ്യത്തെ പൊളിക്കാൻ ഓസീസ് നായകൻ പാറ്റ് കമിൻസ് ഏഴ് ബൗളർമാരെയാണ് രംഗത്തിറക്കിയത്. എന്നാൽ, രണ്ടാംദിനത്തിൽ കോട്ടകെട്ടി വിക്കറ്റ് കാത്ത രാഹുലും ജയ്‌സ്വാളും ഇന്ത്യക്ക് വ്യക്തമായ മേധാവിത്വവും സമ്മാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്