പാകിസ്ഥാനെതിരായ ന്യൂ ഇയർ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ആദ്യം ബാറ്റിംഗ് ചെയ്ത ആതിഥേയർ ഒന്നാം ദിനം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ 316 റൺസ് നേടിയിട്ടുണ്ട്. സെഞ്ച്വറി നേടി ബാറ്റിംഗ് തുടരുന്ന റയാൻ റിക്കിൾടൺ (176*), ക്യാപ്ടൻ തെംബ ബവൂമ (106) എന്നിവരുടെ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. നാല് റൺസ് നേടി പുറത്താകാതെ നിൽക്കുന്ന ഡേവിഡ് ബെഡിംഗ്ഹാം ആണ് റിക്കിൾടണിന് ഒപ്പം ക്രീസിലുള്ളത്.
ഏയഡൻ മാർക്രം (17), വിയാൻ മൾഡർ (5), ട്രിസ്റ്റൻ സ്റ്റബ്‌സ് (0) എന്നിവരുടെ വിക്കറ്റുകളാണ് ബവൂമയ്ക്ക പുറമേ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. 232 പന്തുകൾ നേരിട്ട റിക്കിൾടൺ 21 ഫോറും ഒരു സിക്‌സും സഹിതമാണ് 176 റൺസ് നേടിയത്. 179 പന്തുകളിൽ ഒമ്പത് ഫോറും രണ്ട് സിക്‌സും സഹിതമാണ് ബവൂമ സെഞ്ച്വറി തികച്ചത്. പാകിസ്ഥാന് വേണ്ടി സൽമാൻ അലി ആഗ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഖുറാം ഷെഹ്‌സാദ്, മുഹമ്മദ് അബ്ബാസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ രണ്ട് വിക്കറ്റിന് വിജയിച്ച ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടിയിരുന്നു.
അതിനിടെ പാകിസ്ഥാന്റെ യുവതാരം സയീം അയൂബ് ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ് ടെസ്റ്റിൽ നിന്ന് പുറത്തായി. താരത്തിന്റെ കണങ്കാലിനാണ് പരിക്കേറ്റിരിക്കുന്നത്. സയീമിന്റെ വലത് കാലിന്റെ എംആർഐ, എക്‌സ്‌റേ എന്നിവ ലണ്ടനിലേക്ക് വിശദ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. അടുത്ത മാസം സ്വന്തം നാട്ടിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ പാക് ടീമിലെ പ്രധാന താരങ്ങളിൽ ഒരാളാണ് 22കാരനായ സയീം അയൂബ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്