ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിൽ 201 റൺസിന് എല്ലാവരും പുറത്ത്.
ഗുവാഹത്തി, ബർസപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 489നെതിരെയാണ് ഇന്ത്യ തകർന്നടിഞ്ഞത്. ദക്ഷിണാഫ്രിക്കയ്ക്ക് 288 റൺസ് ലീഡുണ്ട്. എന്നാൽ ഒന്നരപ്പതിറ്റാണ്ടിനു ശേഷം ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ ഫോളോ ഓൺ ചെയ്യിക്കാൻ അവസരമുണ്ടായിട്ടും വേണ്ടെന്ന് ദയവുകാട്ടിൽ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സിനിറങ്ങി മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 26 റൺസിലടുത്തിട്ടുണ്ട്. 48 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ യാൻസനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിമോൺ ഹാർമറും ചേർന്നാണ് ഇന്ത്യയെ തകർത്തത്. ഇന്ത്യയ്ക്കുവേണ്ടി ജയ്‌സ്വാൾ 58, രാഹുൽ 22, സായി സുദർശൻ 15, ധ്രുവ് ജുറാൾ 0, ക്യാപ്ടൻ റിഷഭ് പന്ത് 7, രവീന്ദ്ര ജഡേജ 6, നിധീഷ് റെഡ്ഡി 10, വാഷിംഗ്ടൺ സുന്ദർ 48, കുൽദീപ് യാദവ് 19, ബുംറ 5, സിറാജ് (2*) എന്നിവരാണ് സ്‌കോറർമാർ.
നേരത്തെ സെനുരാൻ മുത്തുസാമി (109), മാർകോ യാൻസൻ (93) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
ഏഴാം നമ്പറിലിറങ്ങി ഇന്ത്യക്കെതിരെ സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ദക്ഷിണാഫ്രിക്കൻ ബാറ്ററാണ് മുത്തുസാമി. 2019ൽ ക്വിന്റൺ ഡി കോക്കും 1997ൽ ലാൻസ് ക്ലൂസ്‌നറുമാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവർ. സെഞ്ചുറി പൂർത്തിയാക്കിയ ശേഷം അധിക നേരം താരം ക്രീസിൽ തുടർന്നില്ല. സിറാജിന്റെ പന്തിൽ യശസ്വി ജയ്‌സ്വാളിന് ക്യാച്ച് നൽകി. രണ്ട് സിക്‌സും 10 ഫോറും ഉൾപ്പെടുന്നതായിരുന്നു മുത്തുസാമിയുടെ ഇന്നിംഗ്‌സ്. തുടർന്ന് ക്രീസിലെത്തിയ സിമോൺ ഹാർമറെ (5) ബുംറ ബൗൾഡാക്കി. ഹാർമർക്കൊപ്പം യാൻസൻ 31 റൺസ് കൂട്ടിചേർത്തു.
തുടർന്ന് അവസാനക്കാരനായി ക്രീസിലെത്തിയ കേശവ് മഹാരാജിനൊപ്പം 27 റൺസ് ചേർക്കാനും യാൻസന് സാധിച്ചു. എന്നാൽ സെഞ്ചുറിക്ക് മുമ്പ് കുൽദീപ് യാദവ്, യാൻസനെ ബൗൾഡാക്കി. 91 പന്തുകൾ നേരിട്ട താരം ഏഴ് സിക്‌സും ആറ് ഫോറും നേടി. ഇന്ത്യക്കായി കുൽദീപിന് പുറമെ ജസ്പ്രിത് ബുംറയും രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. എയ്ഡാൻ മാർക്രം (38), റ്യാൻ റിക്കിൾട്ടൺ (35), ട്രിസ്റ്റൺ സ്റ്റബ്‌സ് (49), തെംബ ബാവൂമ (41), ടോണി ഡി സോർസി (28), വിയാൻ മൾഡർ (13) എന്നിവരുടെ വിക്കറ്റുകൾ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യദിനം നഷ്ടമായിരുന്നു. കുൽദീപ് യാദവ് ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി.
വിക്കറ്റ് നഷ്ടമില്ലാതെ ഒമ്പത് എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ക്രീസിലെത്തിയത്. വ്യക്തിഗത സ്‌കോറിനോട് 20 റൺസ് കൂടി ചേർത്ത് കെ.എൽ. രാഹുൽ (22) ഇന്ന് ആദ്യം മടങ്ങി. മഹാരാജിന്റെ പന്തിൽ സ്ലിപ്പിൽ എയ്ഡൻ മാർക്രമിന് ക്യാച്ച്. ജയ്‌സ്വാളിനൊപ്പം 65 റൺസാണ് രാഹുൽ ചേർത്തത്. വൈകാതെ യശ്വസി ജയ്‌സ്വാൾ അർധ സെഞ്ചുറി പൂർത്തിയാക്കി. എന്നാൽ അധിക നേരം ക്രീസിൽ തുടരാൻ ജയ്‌സ്വാളിന് (58) സാധിച്ചില്ല. ഹാർമറിന്റെ പന്തിൽ ഷോർട്ട് തേർഡ്മാനിൽ യാൻസന് ക്യാച്ച് നൽകി.
മൂന്നാമതായി ക്രീസിലെത്തിയ സായ് സുദർശൻ (15) ഒരിക്കൽ കൂടി നിരാശപ്പെടുത്തി. ഇത്തവണ ഹാർമറിന്റെ പന്തിൽ മിഡ് വിക്കറ്റിൽ റ്യാൻ റിക്കിൾട്ടൺ ക്യാച്ചെടുത്തു. തുടക്കം മുതൽ ക്രീസിൽ ബുദ്ധിമുട്ടിയ ധ്രുവ് ജുറൽ യാൻസണിനെതിരെ പുൾ ഷോട്ട് കളിക്കുന്നതിനിടെ വിക്കറ്റ് നൽകി. വൈഡ് മിഡ് ഓണിൽ മഹാരാജിന് ക്യാച്ച്.
നാലാം ദിവസം ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തിട്ടുണ്ട് ദക്ഷിണാഫ്രിക്ക. ഇപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് 508 റൺസ് ലീഡുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
