ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ ഇന്ത്യയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ബംഗ്ലാദേശ് താരങ്ങൾ ഇന്ത്യയിൽ സുരക്ഷിതരല്ലെന്നും, അതിനാൽ വരാനിരിക്കുന്ന ടി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ഐസിസിയോട് ആവശ്യപ്പെടാൻ ബിസിബി തീരുമാനിച്ചു.
ഫെബ്രുവരി 7ന് ആരംഭിക്കുന്ന ലോകകപ്പിൽ ബംഗ്ലാദേശിന്റെ ആദ്യ മൂന്ന് മത്സരങ്ങൾ കൊൽക്കത്തയിലും ഒരെണ്ണം മുംബൈയിലുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ നാല് മത്സരങ്ങളും ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബോർഡിന്റെ ആവശ്യം.
ഇന്ത്യയിൽ ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത് ബംഗ്ലാദേശിൽ അനുവദിക്കരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടാനും ഓൺലൈനായി ചേർന്ന ബിസിബി യോഗത്തിൽ തീരുമാനമായി. ഒരു കരാർ ഉണ്ടായിരുന്നിട്ടും മുസ്തഫിസുർ റഹ്മാന് ഇന്ത്യയിൽ കളിക്കാൻ കഴിയുന്നില്ലെങ്കിൽ, ലോകകപ്പ് കളിക്കാൻ ദേശീയ ടീമിനെ ഇന്ത്യയിലേക്ക് അയക്കുന്നത് സുരക്ഷിതമാകില്ലെന്ന് കായികമന്ത്രാലയത്തിന്റെ ചുമതലയുള്ള സർക്കാർ വക്താവ് ആസിഫ് നസ്രുൾ വ്യക്തമാക്കി.
ഡിസംബറിൽ നടന്ന മിനി ലേലത്തിൽ 9.2 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുസ്തഫിസുറിനെ സ്വന്തമാക്കിയത്. എന്നാൽ, ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതോടെ ബിസിസിഐയുടെ നിർദ്ദേശപ്രകാരം കെകെആർ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ പ്രകോപിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
