ബംഗ്ലാദേശ് പേസർ മുസ്തഫിസൂർ റഹ്മാനെ ഐ.പി.എൽ 2026 സീസണിൽ നിന്ന് ഒഴിവാക്കാൻ ബി.സി.സി.ഐ. താരത്തെ ഒഴിവാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന് ബി.സി.സി.ഐ നിർദേശം നൽകി.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. മുസ്തഫിസൂറിന് പകരം മറ്റൊരു താരത്തെ ടീമിലെടുക്കാൻ കൊൽക്കത്തയ്ക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.
നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെന്ന് ബി.സി.സി.ഐ സെക്രട്ടറി വ്യക്തമാക്കി. സമീപകാലത്തുണ്ടായ സംഭവവികാസങ്ങൾ കണക്കിലെടുത്ത്, മുസ്തഫിസൂർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കാൻ ബി.സി.സി.ഐ കെ.കെ.ആറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവർക്ക് പകരക്കാരനെ വേണമെങ്കിൽ ആവശ്യപ്പെടാം, അതിനുള്ള അനുമതി ബി.സി.സി.ഐ നൽകും,' ദേവജിത് സൈകിയ പറഞ്ഞു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കു നേരെയുണ്ടായ ആക്രമണങ്ങളും ഒരു ഹിന്ദു യുവാവ് കൊല്ലപ്പെട്ടതും ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ബംഗ്ലാദേശ് താരത്തെ ടീമിലെടുത്തതിനെതിരെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ പ്രതിഷേധം ഉയർന്നിരുന്നു. കെ.കെ.ആർ ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനെതിരെയും വ്യാപക വിമർശനമുയർന്നിരുന്നു.
കഴിഞ്ഞ മാസം നടന്ന ലേലത്തിൽ 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മുസ്തഫിസൂറിനെ 9.20 കോടി രൂപയ്ക്കാണ് കെ.കെ.ആർ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിങ്‌സും ഡൽഹി ക്യാപിറ്റൽസും താരത്തിനായി രംഗത്തുണ്ടായിരുന്നുവെങ്കിലും കെ.കെ.ആർ ലേലം ഉറപ്പിക്കുകയായിരുന്നു. ഈ വർഷത്തെ ഐ.പി.എൽ ലേലത്തിൽ ടീമിലെത്തിയ ഏക ബംഗ്ലാദേശ് താരമായിരുന്നു മുസ്തഫിസൂർ.
ഐ.പി.എല്ലിൽ 60 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് മുസ്തഫിസുർ റഹ്മാൻ. 65 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2016ൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിലൂടെയാണ് ഐ.പി.എല്ലിൽ അരേങ്ങേറ്റം നടത്തിയത്. അതേസമയം, ബംഗ്ലാദേശുമായി സെപ്തംബറിൽ നിശ്ചയിച്ചിരുന്ന ക്രിക്കറ്റ് പരമ്പര സംബന്ധിച്ച് ബി.സി.സി.ഐ നിലവിൽ പ്രതികരിച്ചിട്ടില്ല. മുസ്തഫിസൂറിനെ ഒഴിവാക്കിയതോടെ കെ.കെ.ആർ ഇനി ആരെ പകരക്കാരനായി എത്തിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
