ഐ.എസ്.എൽ 2025-26 സീസൺ തിയതികൾ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എ.ഐ.എഫ.്എഫ്) അറിയിച്ചു. .ജനുവരി മൂന്നിന് ചേർന്ന അടിയന്തര യോഗത്തിന് ശേഷമാണ് ഫെഡറേഷന്റെ പ്രഖ്യാപനം. എ.ഐ.എഫ്.എഫ് ഐ.എസ്.എൽ ഏകോപന സമിതി സമർപ്പിച്ച റിപ്പോർട്ട് ഫെഡറേഷൻ അംഗീകരിച്ചു.
ഐ.എസ്.എൽ 2025 -26 നടത്തണമെന്ന് ഏകോപന സമിതി ശുപാർശ ചെയ്തു. ഈ റിപ്പോർട്ട് എ.ഐ.എഫ്.എഫ് അടിയന്തര യോഗത്തിൽ ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു. ഐ.എസ്.എൽ അനിശ്ചിതമായി നീണ്ടതോടെയാണ് പ്രതിസന്ധി പരിഹരിക്കാൻ ഏകോപന സമിതി രൂപീകരിച്ചത്. എ.ഐ.എഫ്.എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും വാർഷിക പൊതുയോഗത്തിലും നടന്ന ചർച്ചകൾക്ക് ശേഷം 2025 ഡിസംബർ 20ന് ആണ് ഏകോപന സമിതി രൂപീകരിച്ചത്.
ജനുവരി 2ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് ഏകോപന സമിതിയോട് ആവശ്യപ്പെട്ടിരുന്നത്. ഇത് പ്രകാരം യഥാസമയം എ.ഐ.എഫ്.എഫ് സെക്രട്ടേറിയറ്റിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് എ.ഐ.എഫ്.എഫ് എമർജൻസി കമ്മിറ്റി ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നുവെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.
എ.ഐ.എഫ്.എഫ് ആയിരിക്കും ലീഗ് നടത്തുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് ലീഗ് നടക്കേണ്ടിയിരുന്നത്. സ്‌പോൺസർമാരെ ലഭിക്കാത്തതിനെ തുടർന്നാണ് ഇത്രയും വൈകിയത്. ലീഗിന് ഒരു വാണിജ്യ പങ്കാളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഫുട്‌ബോൾ ലീഗ് സംബന്ധിച്ച അനിശ്ചിതത്വം വ്യാപക വിമർശനത്തിന് കാരണമായിരുന്നു. 'സേവ് ഇന്ത്യൻ ഫുട്‌ബോൾ' എന്ന പേരിൽ കഴിഞ്ഞ വെള്ളിയാഴ്ച സുനിൽ ഛേത്രി, ഗുർപ്രീത് സിങ് സന്ധു, സന്ദേശ് ജിങ്കൻ എന്നിവരുൾപ്പെടെ നിരവധി ഫുട്‌ബോൾ കളിക്കാർ വീഡിയോ പുറത്തിറക്കി. ഇന്ത്യൻ ഫുട്‌ബോളിനെ രക്ഷിക്കാൻ ഫിഫയും ഫിഫ്‌പ്രോയും ഇടപെടണമെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ താരങ്ങൾ ആവശ്യപ്പെട്ടു.
എ.ഐ.എഫ്.എഫിന് ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയാത്തതിനാൽ രാജ്യത്തെ ഫുട്‌ബോളിന്റെ ഭാവി സംരക്ഷിക്കാൻ ഫിഫ ഇടപെടണമെന്ന് കളിക്കാർ വീഡിയോയിൽ അഭ്യർത്ഥിച്ചു. ഐ.എസ്.എൽ വൈകുന്നതുമായി ബന്ധപ്പെട്ടും എ.ഐ.എഫ്.എഫിനെ കുറിച്ചും അറിയാവുന്ന കാര്യങ്ങൾ ഉറക്കെ പറയാൻ ഭയവും നിരാശയും കൊണ്ട് സാധിക്കുന്നില്ലെന്ന് ജിങ്കൻ പറഞ്ഞു.
ജനുവരി ആയിട്ടും ലീഗിനെ കുറിച്ച് ഒന്നും പറയാനാവാത്തത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണെന്ന് ഗുർപ്രീത് ചൂണ്ടിക്കാട്ടി. 'ഇന്ത്യൻ ഫുട്‌ബോൾ ഭരണസമിക്ക് ഇനി അതിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയില്ല' എന്ന് കളിക്കാർ പ്രസ്താവിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
