സൗദി ലീഗിലെ അൽ നസറിന്റെ തോൽവി അറിയാതെയുള്ള കുതിപ്പിന് വിരാമമായിരിക്കുകയാണ്. ആദ്യത്തെ 10 മത്സരങ്ങൾ ജയിച്ച അൽ നസറിന് 11-ാം മത്സരത്തിൽ സമനില കുരുക്ക് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ 12-ാം മത്സരത്തിൽ ടീം സീസണിലെ ആദ്യ തോൽവി നേരിട്ടിരിക്കുകയാണ്. അൽ അഹ്‌ലി എസ് സിയാണ് അൽ നസർ എഫ്‌സിയെ തകർത്തുവിട്ടത്. 3-2നാണ് അൽ അഹ്‌ലിയുടെ ജയം.
ആദ്യ പകുതിയിൽ ഇരു ടീമും രണ്ട് ഗോളുകൾ വീതം നേടി ഒപ്പത്തിനൊപ്പം നിന്നെങ്കിലും രണ്ടാം പകുതിയിലെ ഗോളിന്റെ കരുത്തിൽ അൽ അഹ്‌ലി വിജയം നേടിയെടുക്കുകയായിരുന്നു. ഇപ്പോഴിതാ അൽ നസറിന്റെ തോൽവിക്ക് പിന്നാലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ ശക്തമായ വിമർശനം ഉയർത്തുകയാണ് ആരാധകർ. റൊണാൾഡോയാണ് അൽ നസറിന്റെ തോൽവിക്ക് കാരണമെന്നാണ് ആരാധകർ ആരോപിക്കുന്നത്.
ഒന്നിലധികം അവസരങ്ങൾ റൊണാൾഡോ നഷ്ടപ്പെടുത്തി. റൊണാൾഡോയുടെ കാലം കഴിഞ്ഞു. 1000 ഗോളുകൾ എന്ന നേട്ടത്തിലേക്കെത്താനായാണ് ഇപ്പോഴും കളി തുടരുന്നത്. 40കാരനായ റൊണാൾഡോക്ക് ഇപ്പോഴും മികച്ച ഫിറ്റ്‌നസുണ്ട്. എന്നാൽ പഴയ പ്രകടന മികവ് ഇപ്പോൾ അവകാശപ്പെടാൻ സാധിക്കില്ല. എങ്കിലും ലീഗിലെ ഗോൾവേട്ടക്കാരിൽ റൊണാൾഡോ തലപ്പത്തുണ്ടെന്നത് എടുത്തു പറയേണ്ട കാര്യമാണ്. 13 ഗോളും 1 അസിസ്റ്റും റൊണാൾഡോ നടത്തിയിട്ടുണ്ട്. 13 ഗോളും 3 അസിസ്റ്റും നേടിയ ജാവോ ഫെലിക്‌സാണ് നിലവിൽ തലപ്പത്തുള്ളത്.
70% പന്തടക്കത്തിൽ മുന്നിട്ട് നിൽക്കാൻ അൽ നസറിന് സാധിച്ചു. എന്നിട്ടും ജയിക്കാനായില്ല. ഏഴാം മിനുട്ടിലും 20-ാം മിനുട്ടിലും വലകുലുക്കി ഇവാൻ ടോണിയാണ് അൽ അഹ്‌ലിയെ തുടക്കത്തിലെ മുന്നിലെത്തിച്ചത്.
എന്നാൽ 31-ാം മിനുട്ടിലും 44-ാം മിനുട്ടിലും വലകുലുക്കി അൽ നസർ മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാൽ 55-ാം മിനുട്ടിൽ ഡെമിറൽ നേടിയ ഗോളിന്റെ കരുത്തിൽ അൽ അഹ്‌ലി ജയിക്കുകയായിരുന്നു. തോറ്റെങ്കിലും 12 മത്സരത്തിൽ നിന്ന് 31 പോയിന്റോടെ അൽ നസർ പോയിന്റ് പട്ടികയിൽ തലപ്പത്താണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
