ഐ.പി.എല്ലിലെ ആവേശ പോരാട്ടത്തിൽ ഏപ്രിൽ 7ന് (ഇന്ന്) രാജസ്ഥാൻ റോയൽസിനെ നേരിടാനൊരുങ്ങവെ രാജസ്ഥാന്റെ വെടിക്കെട്ട് ഓപ്പണർ വൈഭവ് സൂര്യവംശിയെ ഭയക്കുന്നില്ലെന്ന് തുറന്നുപറഞ്ഞ് മുംബൈ ഇന്ത്യൻസ് ബൗളിംഗ് പരിശീലകൻ പരസ് മാംബ്രെ.
രാജസ്ഥാന്റെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പ് തള്ളിയ മാംബ്രെ, ലെഗ് സ്പിന്നർ രവി ബിഷ്‌ണോയിയിൽ ഇപ്പോൾ 'മിസ്റ്ററി' ഒന്നുമില്ലെന്നും കൂട്ടിച്ചേർത്തു. വൈഭവ് ഞങ്ങൾക്ക് പുതിയൊരാളല്ല. ഇത് അവന്റെ രണ്ടാം സീസണാണ്. വൈഭവ് മികച്ച
താരമാണെന്നതിൽ തർക്കമില്ല, ടീം നൽകിയ ഉത്തരവാദിത്തം അവൻ ഭംഗിയായി നിറവേറ്റുന്നുണ്ട്. എന്നാൽ മറ്റ് താരങ്ങളെപ്പോലെ തന്നെയാണ് ഞങ്ങൾ വൈഭവിനെയും കാണുന്നത്. അവന് വേണ്ടി മാത്രമായി പ്രത്യേക തന്ത്രങ്ങളൊന്നും മെനയുന്നില്ലെന്നും മാംബ്രെ പറഞ്ഞു. ഹൈപ്പുണ്ടാക്കാതെ സാധാരണ തയ്യാറെടുപ്പുകൾ മാത്രമാണ് സൂര്യവംശിക്കെതിരെയും മുംബൈ നടത്തുന്നതെന്ന് മാംബ്രെ വ്യക്തമാക്കി.
ബൗളിംഗിൽ രാജസ്ഥാന്റെ തുരുപ്പുചീട്ടായ സ്പിന്നർ രവി ബിഷ്‌ണോയിയെ നേരിടാൻ മുംബൈക്ക് ആശങ്കയില്ലെന്നും മാംബ്രെ പറഞ്ഞു. ബിഷ്‌ണോയി കാലങ്ങളായി ഐ.പി.എല്ലിൽ കളിക്കുന്ന താരമാണെന്നും അതുകൊണ്ട് തന്നെ ബൗളിംഗ് രീതികൾ എല്ലാവർക്കും പരിചിതമാണെന്നും മാംബ്രെ ഓർമ്മിപ്പിച്ചു. ബിഷ്‌ണോയിയുടെ ബൗളിംഗ് ശൈലി ടീമുകൾ കൃത്യമായി പഠിച്ചു കഴിഞ്ഞു. ഈ സീസണിൽ ബിഷ്‌ണോയി വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതിനാൽ മറ്റ് ബൗളർമാരെപ്പോലെ തന്നെ ബിഷ്‌ണോയിയെയും മുംബൈ ബാറ്റ്‌സ്മാന്മാർ നേരിടും. ക്രിക്കറ്റിൽ എല്ലാ താരങ്ങൾക്കും നല്ല സമയവും മോശം സമയവും ഉണ്ടാകുമെന്നും ബിഷ്‌ണോയിയുടെ പ്രകടനത്തെ ആ രീതിയിൽ മാത്രമേ കാണുന്നുള്ളൂ എന്നും മാംബ്രെ കൂട്ടിചേർത്തു.
ഡൽഹി ക്യാപിറ്റൽസിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് മുംബൈ ഗുവാഹത്തിയിൽ എത്തുന്നത്. അസുഖബാധിതനായതോടെ കഴിഞ്ഞ മത്സരത്തിൽ നിന്ന് വിട്ടു നിന്ന ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ ഇന്ന് തിരിച്ചെത്തിയേക്കുമെന്നും മാംബ്രെ സൂചന നൽകി. ഹാർദിക്കിന്റെ അഭാവത്തിൽ സൂര്യകുമാർ യാദവായിരുന്നു ഡൽഹിക്കെതിരായ മത്സരത്തിൽ മുംബൈയെ നയിച്ചത്.
എന്നാൽ രാജസ്ഥാനെതിരായ നിർണ്ണായക മത്സരത്തിൽ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഹാർദിക് കൂടി മടങ്ങിയെത്തുന്നതോടെ ബാറ്റിംഗിലും ബൗളിംഗിലും കൃത്യമായ ബാലൻസ് കണ്ടെത്താമെന്നും വിജയവഴിയിൽ തിരിച്ചെത്താമെന്നുമാണ് മുംബൈ ഇന്ത്യൻസിന്റെ പ്രതീക്ഷ. മികച്ച ഫോമിലുള്ള രാജസ്ഥാന്റെ ടോപ്പ് ഓർഡറിനെ പൂട്ടുക എന്നതാകും മുംബൈ ബൗളർമാരുടെ പ്രധാന വെല്ലുവിളി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
