വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് വമ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തപ്പോൾ ഓപ്പണർമാരായ സഞ്ജു സാംസണിന്റെയും ക്യാപ്ടൻ രോഹൻ കുന്നുമ്മലിന്റെയും വെടിക്കെട്ട് സെഞ്ചുറികളുടെ കരുത്തിൽ കേരളം 42.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
78 പന്തിൽ 124 റൺസെടുത്ത രോഹൻ കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. സഞ്ജു സാംസൺ 95 പന്തിൽ 101 റൺസെടുത്തു. ഇരുവരും പുറത്തായശേഷം ബാബാ അപരാജിതും വിഷ്ണു വിനോദും ചേർന്ന് കേരളത്തെ വിജയവര കടത്തി. അഞ്ച് മത്സരങ്ങളിൽ കേരളത്തിന്റെ മൂന്നാം ജയമാണിത്. സ്‌കോർ ജാർഖണ്ഡ് 50 ഓവറിൽ 311 /7, കേരളം 42.3 ഓവറിൽ 313/2.
തുടക്കം മുതൽ തകർത്തടിച്ച രോഹൻ കുന്നുമ്മലാണ് കേരളത്തിന്റെ വിജയത്തിന് അടിത്തറയിട്ടത്. സഞ്ജുവിനെ കാഴ്ചക്കാരനാക്കി രോഹൻ തകർത്തടിച്ചപ്പോൾ കേരളത്തിന്റെ സ്‌കോർ ബോർഡ് അതിവേഗം കുതിച്ചു. രോഹന് മികച്ച പിന്തുണ നൽകിയ സഞ്ജുവും ക്രീസിലുറച്ചതോടെ ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ജാർഖണ്ഡ് നായകൻ ഇഷാൻ കിഷന് റണ്ണൊഴുക്ക് തടയാനായില്ല. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 25.2 ഓവറിൽ 212 റൺസെടുത്തപ്പോഴെ കേരളം വിജയം ഉറപ്പിച്ചിരുന്നു.
8 ഫോറും 11 സിക്‌സും പറത്തി 78 പന്തിൽ 124 റൺസെടുത്ത രോഹനെ മടക്കി വികാസ് സിംഗ് കൂട്ടുകെട്ട് പൊളിച്ചെങ്കിലും പിന്നാലെ സഞ്ജുവും തകർത്തടിക്കാൻ തുടങ്ങിയതോടെ കേരളത്തിന്റെ സമ്മർദ്ദമകന്നു. 90 പന്തിലാണ് സഞ്ജു സെഞ്ചുറി തികച്ചത്. 95 പന്തിൽ 9 ഫോറും മൂന്ന് സിക്‌സും പറത്തിയ സഞ്ജു സ്‌കോർ 248ൽ നിൽക്കെ പുറത്തായെങ്കിലും ബാബാ അപരാജിതും(49 പന്തിൽ 41), വിഷ്ണു വിനോദും(33 പന്തിൽ 40) ചേർന്ന് കേരളത്തിന്റെ വിജയം പൂർത്തിയാക്കി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് കുമാർ കുഷാഗ്രയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തിലാണ് 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തത്. 137 പന്തിൽ 143 റൺസെടുത്ത് പുറത്താകാതെ നിന്ന കുമാർ കുഷാഗ്രയായിരുന്നു ജാർഖണ്ഡിന്റെ ടോപ് സ്‌കോറർ. ക്യാപ്ടൻ ഇഷാൻ കിഷൻ 21 റൺസെടുത്ത് പുറത്തായപ്പോൾ അനുകൂൽ റോയ് 72 റൺസെടുത്തു. 111/4 എന്ന സ്‌കോറിൽ പതറിയ ജാർഖണ്ഡിനെ കുമാർ കുഷാഗ്രയും അനുകൂൽ റോയിയും ചേർന്ന് അഞ്ചാം വിക്കറ്റിൽ 176 റൺസ് കൂട്ടിച്ചേർത്താണ് കരകയറ്റിയത്. കേരളത്തിനായി എം.ഡി. നിധീഷ് നാലു വിക്കറ്റെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
