അഹമ്മദാബാദ്: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് ക്യാപ്ടനായുള്ള അരങ്ങേറ്റം തകർപ്പൻ ജയവുമായി ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യൻ സ്റ്റാർ ബാറ്റർ ശ്രേയസ് അയ്യർ. ക്യാപ്ടൻസിയിൽ മാത്രമല്ല, ബാറ്റിങിലും തിളങ്ങിയ ശ്രേയസ് പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരവും കൈക്കലാക്കി. റൺമഴ കണ്ട കളിയിൽ ശുഭ്മൻ ഗിൽ നയിച്ച ഗുജറാത്ത് ടൈറ്റൻസിനെ ത്രില്ലിങ് മാച്ചിൽ 11 റൺസിനാണ് പഞ്ചാബ് തോൽപ്പിച്ചത്.
മൂന്നാം നമ്പറിൽ ഇറങ്ങിയ ശ്രേയസ് പുറത്താവാതെ 97 റൺസാണ് അടിച്ചെടുത്തത്. അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച അദ്ദേഹം 42 ബോളിൽ അഞ്ചു ഫോറും ഒമ്പത് സിക്‌സറുകളുമാണ് അടിച്ചെടുത്തത്. ഈ മൽസരത്തിലെ മികച്ച പ്രകടനത്തിലൂടെ രണ്ട് വമ്പൻ റെക്കോർഡുകളാണ് ശ്രേയസിനെ തേടിയെത്തിയിരിക്കുന്നത്. ഐ.പി.എൽ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ക്യാപ്ടൻ ഈ നേട്ടത്തിന് അവകാശിയായത്.
ഐപിഎല്ലിന്റെ ചരിത്രത്തിൽ ക്യാപ്ടനായുള്ള ആദ്യത്തെ മൽസരത്തിൽ തന്നെ രണ്ടു വ്യത്യസ്ത ഫ്രാഞ്ചൈസികൾക്കൊപ്പം 90 പ്ലസ് റൺസ് അടിച്ചെടുത്ത ലോകത്തിലെ ആദ്യത്തെ നായകനായാണ് ശ്രേയസ് അയ്യർ മാറിയിരിക്കുന്നത്. നേരത്തേ 2018ൽ ഡൽഹി ക്യാപ്പിറ്റൽസിനെയാണ് ഐപിഎല്ലിൽ അദ്ദേഹം ആദ്യമായി നയിക്കുന്നത്.
ടീമിന്റെ തുടർച്ചയായ മോശം പ്രകടനങ്ങളെ തുടർന്ന് സീസണിന്റെ മധ്യത്തിൽ വച്ച് ഗൗതം ഗംഭീർ ക്യാപ്ടൻസി ഒഴിയുകയും പകരം ചുമതല ശ്രേയസിനെ ഏൽപ്പിക്കുകയുമായിരുന്നു. കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള മൽസരത്തിലാണ് അദ്ദേഹം ആദ്യമായി ടീമിനെ നയിച്ചത്. ഈ കളിയിൽ 93 റൺസുമായി ക്യാപ്ടനെന്ന നിലയിൽ ശ്രേയസ് വരവറിയിക്കുകയും ചെയ്തു.
അതിനു ശേഷം കഴിഞ്ഞ രണ്ടു സീസണുകളിൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ നായകനായിരുന്നു അദ്ദേഹം. അവസാന എഡിഷനിൽ ടീമിനു കിരീടം നേടിക്കൊടുത്തിട്ടും ശ്രേയസിനെ കെകെആർ നിലനിർത്തിയില്ല. തുടർന്നാണ് മെഗാ ലേലത്തിൽ പഞ്ചാബ് കിങ്‌സ് അദ്ദേഹത്തെ സ്വന്തമാക്കിയത്. പഞ്ചാബിന്റെ ചുവപ്പ് ജഴ്‌സിയിൽ ആദ്യ കളിയിൽ തന്നെ 97* റൺസോടെ ശ്രേയസ് കസറുകയും ഒപ്പം ചരിത്രം കുറിക്കുകയും ചെയ്തു.
ഗുജറാത്ത് ടൈറ്റൻസിനെതിരേ പഞ്ചാബ് കിങ്‌സിനെ നയിക്കാനിറങ്ങിയതോടെ മറ്റൊരു നാഴികക്കല്ല് കൂടി ശ്രേയസ് അയ്യർ പൂർത്തിയാക്കിയിരുന്നു. ഐപിഎല്ലിൽ മൂന്നു വ്യത്യസ്ത ഫ്രാഞ്ചൈസികളുടെ ക്യാപ്ടനായ രണ്ടാമത്തെ ഇന്ത്യൻ താരമായാണ് അദ്ദേഹം മാറിയത്. നേരത്തേ അജിങ്ക്യ രഹാനെയ്ക്കു മാത്രം അവകാശപ്പെട്ട നേട്ടമായിരുന്നു ഇത്. ഇപ്പോൾ ശ്രേയസും ഇതിൽ പങ്കാളിയായി മാറിയിരിക്കുകയാണ്.
ഐപിഎല്ലിന്റെ ചരിത്രത്തിൽ തന്നെ വെറും അഞ്ചു പേർ മാത്രമേ മൂന്നു ഫ്രാഞ്ചൈസികളെ ഇതു വരെ നയിച്ചിട്ടുള്ളൂ. ഈ എലൈറ്റ് ക്ലബ്ബിലാണ് ശ്രേയസും ഇപ്പോൾ അംഗമായിരിക്കുന്നത്. ഡൽഹി ക്യാപ്പിറ്റൽസിനെ 41 മൽസരങ്ങളിൽ അദ്ദേഹം നയിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായി ഡിസി ടീം ഫൈനൽ കളിച്ചതും ശ്രേയസിനു കീഴിൽ തന്നെ. 2020ലായിരുന്നു ഇത്. അന്നു പക്ഷെ മുംബൈ ഇന്ത്യൻസിനു മുന്നിൽ അവർ കിരീടം അടിയറ വച്ചു.
ഡിസി വിട്ടതിനു ശേഷം കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തിയ ശ്രേയസ് 29 മൽസരങ്ങളിലാണ് ടീമിന്റെ നായകനായിട്ടുള്ളത്. അതിനു പിന്നാലെയാണ് ഇപ്പോൾ അദ്ദേഹം പഞ്ചാബിന്റെ അമരത്തേക്കു വന്നത്.
രഹാനെയുടെ കാര്യമെടുത്താൽ അദ്ദേഹം റൈസിങ് പൂനെ സൂപ്പർ ജയന്റ്‌സ് (1 കളി), രാജസ്ഥാൻ റോയസൽസ് (24), കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (1) എന്നീ ഫ്രാഞ്ചൈസികളെയാണ് നയിച്ചിട്ടുള്ളത്.
ശ്രീലങ്കയുടെ മുൻ ഇതിഹാസങ്ങളായ കുമാർ സങ്കക്കാര, മഹേല ജയവർധനെ, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഐപിഎല്ലിൽ മൂന്നു ഫ്രാഞ്ചൈസികളെ നയിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള നായകർ. പഞ്ചാബ് കിങ്‌സ് (13 മൽസരം), ഡെക്കാൻ ചാർജേഴ്‌സ് (25), സൺറൈസേഴ്‌സ് ഹൈദരാബാദ് (9) എന്നീ ടീമുകളെയാണ് സങ്കക്കാര നയിച്ചത്.
ജയവർധനെയാവട്ടെ പഞ്ചാബ് കിങ്‌സ് (1), കൊച്ചി ടസ്‌കേഴ്‌സ് കേരള (13), ഡൽഹി ക്യാപ്പിറ്റൽസ് (13) എന്നീ ടീമുകളുടെ ക്യാപ്ടനായിട്ടുണ്ട്. പൂനെ വാരിയേഴ്‌സ് (1), റൈസിങ് പൂനെ സൂപ്പർ ജയന്റ്‌സ് (15), രാജസ്ഥാൻ റോയൽസ് (27) എന്നീ ടീമുകളെയാണ് സ്മിത്ത് നയിച്ചിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്