ചെന്നൈ : ചെന്നൈ സൂപ്പർ കിംഗ്‌സിനെ അവരുടെ മണ്ണിൽ തലകുനിപ്പിച്ച് ആർ.സി.ബി. ഇന്നലെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ഐ.പി.എൽ മത്സരത്തിൽ 50 റൺസിനാണ് ആർ.സി.ബി വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർ.സി.ബി നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് നേടിപ്പോൾ ചെന്നൈയുടെ മറുപടി 146/8ലൊതുങ്ങി.
അർദ്ധസെഞ്ച്വറി നേടിയ നായകൻ രജത് പാട്ടീദാർ(51), ഓപ്പണർ ഫിൽ സാൾട്ട് (32),വിരാട് കൊഹ്‌ലി (31),ദേവ്ദത്ത് പടിക്കൽ (27), ടിം ഡേവിഡ് (22) എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ആർ.സി.ബിയെ 196ലെത്തിച്ചത്. ചെന്നൈയ്ക്ക് വേണ്ടി നൂർ അഹമ്മദ് മൂന്ന് വിക്കറ്റുമായി തിളങ്ങി. മറുപടിക്കിറങ്ങിയ ചെന്നൈയെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസൽവുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ യഷ് ദയാലും ലിയാം ലിവിംഗ്സ്റ്റണും ചേർന്നാണ് ഒതുക്കിയത്. ഭുവനേശ്വർ കുമാറിന് ഒരുവിക്കറ്റ് ലഭിച്ചു.
രചിൻ രവീന്ദ്ര (41), ശിവം ദുബെ(19), രവീന്ദ്ര ജഡേജ(25), ധോണി(30*), അശ്വിൻ (11) എന്നിവർക്ക് മാത്രമേ ചെന്നൈ നിരയിൽ രണ്ടക്കം കടക്കാനായുള്ളൂ. അവസാനഓവറിൽ ധോണി രണ്ട് സിക്‌സും ഒരുഫോറുമടിച്ച് കാണികളുടെ സങ്കടം കുറച്ചു. രാഹുൽ ത്രിപാതി(5),റുതുരാജ് ഗെയ്ക്ക്‌വാദ് (0).ദീപക് ഹൂഡ(4), സാം കറൻ (8) എന്നിവരുടെ നിരുത്തരവാദപരമായ പുറത്താകലാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത്.
ആർ.സി.ബി ബാറ്റിംഗിൽ വിരാടും സാൾട്ടും ചേർന്ന് ആദ്യ അഞ്ചോവറിൽ 45 റൺസാണ് കൂട്ടിച്ചേർത്തത്. കഴിഞ്ഞ കളിയിൽ സൂര്യകുമാറിനെ സ്റ്റംപ് ചെയ്തതുപോലെ ഇന്നലെ ഫിൽ സാൾട്ടിനെ നൂർ അഹമ്മദിന്റെ പന്തിൽ സ്റ്റംപ് ചെയ്ത് ധോണിയാണ് ഓപ്പണിംഗ് പൊളിച്ചത്. തുടർന്ന് വിരാടും ദേവ്ദത്തും ചേർന്ന് എട്ടാം ഓവറിൽ 76 റൺസിലെത്തിച്ചപ്പോൾ ദേവ്ദത്തിനെ അശ്വിൻ പുറത്താക്കി. 14 പന്തുകൾ നേരിട്ട ദേവ്ദത്ത് രണ്ട് വീതം ഫോറും സിക്‌സും പായിച്ചിരുന്നു. 30 പന്തുകളിൽ 31 റൺസ് നേടിയ വിരാട് ടീം സ്‌കോർ 117ലാണ് മടങ്ങിയത്.
തുടർന്ന് രജത് അർദ്ധസെഞ്ച്വറിയിലേക്ക് നീങ്ങി.32 പന്തുകൾ നേരിട്ട ആർ.സി.ബി ക്യാപ്ടൻ നാലു ഫോറും മൂന്ന് സിക്‌സും പായിച്ചു. എട്ടുപന്തുകളിൽ പുറത്താകാതെ ഒരു ഫോറും മൂന്ന് സിക്‌സും പറത്തിയ ടിം ഡേവിഡാണ് അവസാന ഓവറുകളിൽ സ്‌കോർ ഉയർത്തിയത്.
ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ കളിച്ച 10 മത്സരങ്ങളിൽ ഇത് രണ്ടാം തവണ മാത്രമാണ് ആർ.സി.ബിക്ക് ചെന്നൈ സൂപ്പർ കിംഗ്‌സിനെ തോൽപ്പിക്കാൻ കഴിയുന്നത്. 10 വർഷം മുമ്പായിരുന്നു ചെപ്പോക്കിലെ ആർ.സി.ബിയുടെ ആദ്യജയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്