ഐ.പി.എല്ലിന് മുന്നോടിയായി ആരാധകരെ ആവേശത്തിലാക്കി ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാമ്പിൽ ധോണിയും സഞ്ജുവും തമ്മിലുള്ള ദീർഘസംഭാഷണം. ഐ.പി.എൽ ചരിത്രത്തിലെ തന്നെ വമ്പൻ ട്രേഡുകളിലൊന്നിലൂടെ രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈയിലെത്തിയ മലയാളി താരം സഞ്ജു സാംസൺ ഇന്നലെയാണ് ചെന്നൈ ടീമിനൊപ്പം ചേർന്നത്. ഇതിന് പിന്നാലെയാണ് പരിശീലനത്തിനിടെ എം.എസ് ധോണിയും സഞ്ജുവും മാറിയിരുന്ന് ദീർഘനേരം സംസാരിക്കുന്ന വീഡിയോ പുറത്തുവന്നത്.
വർഷങ്ങളായി ചെന്നൈയുടെ അവിഭാജ്യ ഘടകമായിരുന്ന രവീന്ദ്ര ജഡേജയെയും സാം കറനെയും കൈവിട്ടാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് രാജസ്ഥാൻ റോയൽസിന്റെ നായകനായിരുന്ന സഞ്ജു സാംസണെ ടീമിലെത്തിച്ചത്. ലോകകപ്പ് വിജയത്തിന് ശേഷം ക്യാമ്പിലെത്തിയ സഞ്ജുവിനോട് ധോണി തന്ത്രങ്ങൾ ഉപദേശിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ടീമിന്റെ ഭാവി നായകനായാണ് ആരാധകർ സഞ്ജുവിനെ കാണുന്നത്.
ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജു മികച്ച ഫോമിലാണ്. ലോകകപ്പിലെ ടൂർണമെന്റ് താരം കൂടിയായ സഞ്ജുവിന്റെ സാന്നിധ്യം ചെന്നൈയുടെ കരുത്ത് വർദ്ധിപ്പിക്കും. ധോണി ഭായിയോടൊപ്പം രണ്ട് മാസം ചെലവഴിക്കാൻ കഴിയുന്നത് വലിയൊരു അവസരമാണ്. അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് സഞ്ജു നേരത്തെ പ്രതികരിച്ചിരുന്നു.
മാർച്ച് 30ന് ഗുവാഹത്തിയിൽ വെച്ച് സഞ്ജുവിന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം. റുതുരാജ് ഗെയ്ക്‌വാദ് നയിക്കുന്ന ടീമിൽ സഞ്ജു ഏത് പൊസിഷനിൽ ഇറങ്ങുമെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
