മസ്കറ്റ്: എബോള രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്ന് ഒമാനിലെത്തുന്ന യാത്രക്കാർക്ക് ഹെൽത്ത് ഡിക്ലറേഷൻ ഫോം ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി നിർബന്ധമാക്കി.
ഇതുസംബന്ധിച്ച് അധികൃതർ പുതിയ സർക്കുലർ പുറപ്പെടുവിച്ചു. ഈ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും അവിടെ നിന്നും നേരിട്ടോ അല്ലാതെയോ ഒമാനിലേക്ക് എത്തുന്ന മറ്റ് യാത്രക്കാർക്കും ഒമാനിൽ എത്തുന്നതിന് മുൻപുള്ള 21 ദിവസങ്ങൾക്കുള്ളിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും ഈ നിബന്ധന ബാധകമായിരിക്കും.
യാത്രക്കാർ ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി, ഇതിനായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇലക്ട്രോണിക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ ഫോം പൂർത്തിയാക്കേണ്ടതുണ്ട്.
കോംഗോയിലും ഉഗാണ്ടയിലും എബോള രോഗബാധ തുടർച്ചയായി പടരുന്നതായും കേസുകൾ വർധിക്കുന്നതായും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒമാൻ ആരോഗ്യ മന്ത്രാലയവുമായും മെഡിക്കൽ റെസ്പോൺസ് സെക്ടറുമായും ഏകോപിപ്പിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി ഈ മുൻകരുതൽ നടപടി സ്വീകരിച്ചത്.
രാജ്യത്തെ പ്രവേശന കവാടങ്ങളിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഒമാനിലേക്ക് സർവീസ് നടത്തുന്ന എല്ലാ എയർലൈൻ കമ്പനികളും യാത്രക്കാരും ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അഭ്യർത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
