അഹമ്മദാബാദ് : ഈ ലോകകപ്പിലെ തന്റെ ൽ തുടർച്ചയായ മൂന്നാം അർദ്ധസെഞ്ച്വറിയുമായി സഞ്ജു സാംസൺ ഇന്ത്യയുടെ കിരീടസ്വപ്‌നം സഫലമാക്കുന്നതിൽ മുന്നണിപ്പോരാളിയായി. അഹമ്മദാബാദിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഉയർത്തിയത് 255/5 എന്ന ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയർന്ന സ്‌കോർ. സഞ്ജു സാംസൺ (46 പന്തുകളിൽ എട്ടുഫോറും അഞ്ചുസിക്‌സുമടക്കം 89 റൺസ് ), അഭിഷേക് ശർമ്മ (21 പന്തുകളിൽ ആറുഫോറും മൂന്ന് സിക്‌സുമടക്കം 52 റൺസ് ), ഇഷാൻ കിഷൻ (25 പന്തുകളിൽ നാലുവീതം ഫോറും സിക്‌സുമടക്കം 54 റൺസ്) എന്നിവ ർ നേടിയ അർദ്ധസെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ നൽകിയത്.
സെമിഫൈനലിൽ ഇംഗ്‌ളണ്ടിനെ തോൽപ്പിച്ച ടീമിൽ ഒരു മാറ്റവും വരുത്താതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. കിവീസ് സെമിയിൽ കളിച്ച ടീമിൽ പരിക്കേറ്റ മക്കോഞ്ചിക്ക് പകരം ജേക്കബ് ഡഫിയെ കളത്തിലിറക്കി. ടോസ് നേടിയ കിവീസ് ക്യാപ്ടൻ മിച്ചൽ സാന്റ്‌നർ മറ്റൊന്നും ആലോചിക്കാതെ ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു.
സഞ്ജുവും അഭിഷേകും കൂടിയാണ് ഓപ്പണിംഗിനെത്തിയത്. മാറ്റ് ഹെന്റി എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ നാലുപന്തുകൾ ക്ഷമയോടെ നേരിട്ട സഞ്ജു അഞ്ചാമത്തെ പന്തിൽ മിഡ്ഓണിന് മുകളിലൂടെ ഗാലറിയിലേക്ക് സിക്‌സടിച്ച് ആരാധകരെ ആവേശം കൊള്ളിച്ചു. ആദ്യ ഓവറിൽ ഏഴ് റൺസാണ് ഇന്ത്യ നേടിയത്. രണ്ടാം ഓവറിൽ ഗ്‌ളെൻ ഫിലിപ്പ്‌സ് അഞ്ചുറൺസേ വിട്ടുനൽകിയുള്ളൂ.മൂന്നാം ഓവറിൽ ഡഫിയെ തുടർച്ചയായ രണ്ട് ബൗണ്ടറികൾക്ക് പറത്തി അഭിഷേക് ഫോമിലേക്കെത്തി. ഈ ഓവറിന്റെ അവസാനപന്തിൽ സഞ്ജുവും ബൗണ്ടറി കണ്ടെത്തി.
തകർത്തടിച്ച് സഞ്ജുവും അഭിഷേകും
നാലാം ഓവറിൽ പന്തെടുത്ത ഫെർഗൂസനെ ഫോറും സിക്‌സും പായിച്ചാണ് അഭിഷേക് സ്വാഗതം ചെയ്തത്. ഈ ഓവറിൽ സഞ്ജുവും ഓരോ ഫോറും സിക്‌സും നേടിയതോടെ ഇന്ത്യയ്ക്ക് ആകെ ലഭിച്ചത് 24 റൺസ്.നാലോവറിൽ ഇന്ത്യ 51ലെത്തുകയും ചെയ്തു. അടുത്ത ഓവറിൽ ഹെന്റിയെ അഭിഷേകും സഞ്ജുവും ഓരോ സിക്‌സടിച്ചു. ആകെ 21 റൺസും നേടി. ആറാം ഓവറിൽ ഡഫിയെ അഭിഷേക് മൂന്ന് ഫോറുകൾക്കും ഒരു സിക്‌സിനും ശിക്ഷിച്ചു. ഈ ഓവറിൽ 20 റൺസ് അക്കൗണ്ടിലെത്തിയതോടെ ഇന്ത്യ പവർപ്‌ളേയിൽ 92 റൺസിലെത്തി. ഈ ലോകകപ്പിലെ പവർപ്‌ളേയിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. നേരിട്ട 18ാമത്തെ പന്തിൽ അഭിഷേക് അർദ്ധസെഞ്ച്വറിയിലുമെത്തി.
എട്ടാം ഓവറിന്റെ ആദ്യ പന്തിലാണ് ഗാലറിയെ നിശബ്ദമാക്കി അഭിഷേക് മടങ്ങിയത്. രചിൻ രവീന്ദ്രയുടെ വൈഡ്ബാളിൽ ബാറ്റെത്തിപ്പിടിച്ച് കീപ്പർ സീഫർട്ടിന് ക്യാച്ച് സമ്മാനിക്കുകയായിരുന്നു അഭിഷേക്. ഇതോടെ ഇന്ത്യ 98/1 എന്ന നിലയിലായി.തുടർന്ന് ക്രീസിലേക്ക് എത്തിയ ഇഷാൻ ഈ ഓവറിന്റെ അവസാന രണ്ടുപന്തുകളും ബൗണ്ടറി പായിച്ചു. ഇന്ത്യ 100 കടക്കുകയും ചെയ്തു. ആദ്യ പത്തോവർ പിന്നിടുമ്പോൾ ഇന്ത്യ 127/1 എന്ന നിലയിലായിരുന്നു.11ാം ഓവറിൽ നേരിട്ട 33ാമത്തെ പന്തിൽ സഞ്ജു ഈ ലോകകപ്പിലെ തുടർച്ചയായ മൂന്നാം അർദ്ധസെഞ്ച്വറിയിലെത്തി.12ാം ഓവറിൽ ഫെർഗൂസനെതിരെ സഞ്ജു രണ്ട് സിക്‌സുകളും ഒരു ഫോറും ഇഷാൻ ഒരു സിക്‌സും നേടി.ഇന്ത്യ 150 കടക്കുകയും ചെയ്തു. 15 ഓവറിൽ ഇന്ത്യ 200 ഉം കടന്നു.
16ാം ഓവറിലാണ് ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് നീഷം മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്. ആദ്യ പന്തിൽ ഉയർത്തിയടിച്ച സഞ്ജുവിനെ ബൗണ്ടറി ലൈനിനരികിൽ സബ്സ്റ്റിറ്റിയൂട്ട് ഫീൽഡർ മക്കോഞ്ചി പിടികൂടുകയായിരുന്നു.അഞ്ചാം പന്തിൽ ഇഷാനെ ചാപ്പ്മാനും അവസാനപന്തിൽ സൂര്യകുമാറിനെ (0) രചിൻ രവീന്ദ്രയും പിടികൂടിയതോടെ ഇന്ത്യ 203/1 എന്ന നിലയിൽ നിന്ന് 204/4 എന്ന നിലയിലേക്കായി. എന്നാൽ ഹാർദിക് പാണ്ഡ്യയും (18) ശിവം ദുബെയും (8 പന്തുകളിൽ 26 റൺസ് )ചേർന്ന് 255ലെത്തിക്കുകയായിരുന്നു. അവസാന ഓവറിൽ 24 റൺസാണ് ദുബെ അടിച്ചുകൂട്ടിയത്.
തുടക്കത്തിലേ തിരിച്ചടി
ആദ്യ ഓവറിൽ അർഷ്ദീപിന്റെ ബൗളിംഗിൽ ഫിൻ അല്ലെൻ നൽകിയ ഈസി ക്യാച്ച് ശിവം ദുബെ കളഞ്ഞെങ്കിലും ആദ്യ വിക്കറ്റ് വീഴ്ത്താൻ അധികം കാത്തിരിക്കേണ്ടിവന്നില്ല.രണ്ടാം ഓവറിൽ ഹാർദിക് പാണ്ഡ്യ 21 റൺസാണ് വിട്ടുകൊടുത്തത്. എന്നാൽ മൂന്നാം ഓവറിൽ അക്‌സർ പട്ടേൽ അല്ലെന് മടക്കടിക്കറ്റ് നൽകി. ലോംഗ് ഓണിലേക്ക് ഉയർത്തിയടിച്ച അല്ലെനെ (9) തിലക് വർമ്മ ഈസിയായി കൈയിലൊതുക്കുകയായിരുന്നു. നാലാം ഓവറിൽ ബുറംയെ പന്തേൽപ്പിച്ച ക്യാപ്ടൻ സൂര്യയ്ക്ക് പിഴച്ചില്ല. ആദ്യ പന്തിൽ രചിൻ രവീന്ദ്രയെ(2) ഇഷാൻ ഡൈവ് ചെയ്ത് കയ്യിലൊതുക്കി. അഞ്ചാം ഓവറിൽ അക്‌സർ വീണ്ടും അവതരിച്ചു. ഇത്തവണ ഗ്‌ളെൻ ഫലിപ്പ്‌സിന്റെ (5) കുറ്റി തെറിക്കുകയായിരുന്നു. ഇതോടെ കിവീസ് 47/3 എന്ന നിലയിലായി. ആദ്യ ആറോവർ പവർപ്‌ളേയിൽ 52 റൺസിലെത്താനേ കിവീസിനായുള്ളൂ.
സീഫർട്ടും വീണു
ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും കിവീസിനെ മുന്നോട്ടുനയിച്ചത് ടിം സീഫർട്ടായിരുന്നു. ഏഴാം ഓവറിൽ മാർക്ക് ചാപ്പ്മാനെ (3) ഹാർദിക് പാണ്ഡ്യ പുറത്താക്കിയതിന് പിന്നാലെ സീഫർട്ടിന് വരുൺ മടക്കടിക്കറ്റ് നൽകി. 22 പന്തുകളിൽ രണ്ട് ഫോറുകളും അഞ്ച് സിക്‌സും അടക്കം 52 റൺസ് നേടിയ സീഫർട്ടിനെ ഡീപ് മിഡ് വിക്കറ്റിൽ ഇഷാൻ ഓടി കയ്യിലൊതുക്കുകയായിരുന്നു. ആദ്യ പത്തോവർ പിന്നിടുമ്പോൾ കിവീസ് 88/5 എന്ന നിലയിലേക്ക് പതറിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
