ഐ.പി.എൽ 19-ാം സീസണിലെ ആദ്യജയവുമായി ആർ.സി.ബി

MARCH 28, 2026, 1:52 PM

ബംഗ്‌ളുരു : ഐ.പി.എൽ 19-ാം സീസണിലെ ആദ്യ വിജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബി. ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ആറുവിക്കറ്റുകൾക്ക് ചേസ് ചെയ്ത് കീഴടക്കുകയായിരുന്നു ബംഗ്ലൂരു.

ബംഗ്‌ളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്‌സ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 201 റൺസ് എടുത്തത്. 38 പന്തുകളിൽ എട്ടു ഫോറുകളും അഞ്ചു സിക്‌സുകളുമടക്കം 80 റൺസ് നേടിയ നായകൻ ഇഷാൻ കിഷനും 18 പന്തുകളിൽ മൂന്ന് ഫോറുകളും നാലുസിക്‌സുകളുമടക്കം 43 റൺസ് നേടിയ അനികേത് വെർമ്മയും 22 പന്തുകളിൽ 31 റൺസ് നേടിയ ഹെന്റിച്ച് ക്‌ളാസനുമാണ് സൺറൈസേഴ്‌സിനെ ഈ സ്‌കോറിലെത്തിച്ചത്.

മറുപടിക്കിറങ്ങിയ ആർ.സി.ബിക്ക് ഓപ്പണർ ഫിൽ സാൾട്ടിനെ (9) തുടക്കത്തിലേ നഷ്ടമായെങ്കിലും അർദ്ധസെഞ്ച്വറികൾ നേടുകയും രണ്ടാം വിക്കറ്റിൽ 101 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്ത മറുനാടൻ മലയാളി താരം ദേവ്ദത്ത് പടിക്കലും (26 പന്തുകളിൽ ഏഴുഫോറും നാലുസിക്‌സുമടക്കം 61 റൺസ്) വിരാട് കൊഹ്‌ലിയും(38 പന്തുകളിൽ അഞ്ചുവീതം ഫോറും സിക്‌സുമടക്കം പുറത്താകാതെ 69 റൺസ്) ചേർന്നാണ് ബെംഗളുരുവിന്റെ വിജയത്തിന് അടിത്തറയിട്ടത്.

vachakam
vachakam
vachakam

ഒൻപതാം ഓവറിൽ ദേവ്ദത്ത് പുറത്തായശേഷമെത്തിയ ക്യാപ്ടൻ രജത് പാട്ടീദാർ (31) വിരാടിനൊപ്പം നിന്ന് വിജയത്തിലേക്ക് വഴിവെട്ടി. ടിം ഡേവിഡ് 16 റൺസുമായി പുറത്താകാതെ നിന്നു. തന്റെ ഐ.പി.എൽ കരിയറിലെ 64-ാം അർദ്ധസെഞ്ച്വറി നേടിയ വിരാട് വിജയം വരെ ക്രീസിലുണ്ടായിരുന്നു.

ഓപ്പണർമാരായ അഭിഷേക് ശർമ്മയേയും (7) ട്രാവിസ് ഹെഡിനെയും (11) മൂന്നാം ഓവറിന്റെ ആദ്യത്തേയും അവസാനത്തേയും പന്തുകളിലായി ജേക്കബ് ഡഫി പുറത്താക്കിയെങ്കിലും ഇഷാൻ കിഷൻ കളത്തിലിറങ്ങിയതോടെ കളി മാറി. അഞ്ചാം ഓവറിൽ ഡഫി തന്നെ നിതീഷ് കുമാറിനെയും(1) ഡഫി മടക്കി അയച്ചു. 29/3 എന്ന നിലയിൽ നാലാം വിക്കറ്റിൽ ഒരുമിച്ച ഇഷാനും ക്‌ളാസനും ചേർന്ന് കൂട്ടിച്ചേർത്തത് 97 റൺസാണ്. ഇതിൽ കൂടുതലും പിറന്നത് ഇഷാന്റെ ബാറ്റിൽ നിന്നാണ്.

നേരിട്ട 27ാമത്തെ പന്തിൽ ഇഷാൻ അർദ്ധസെഞ്ച്വറി തികച്ചു. ഐ.പി.എല്ലിൽ 3000 റൺസും ഇഷാൻ തികച്ചു. 14ാം ഓവറിൽ റൊമാരിയോ ഷെപ്പേഡാണ് ക്‌ളാസനെ പുറത്താക്കിയത്. അടുത്ത ഓവറിൽ സലിൽ അറോറയെ (9) സുയാഷ് പുറത്താക്കി. അഭിനന്ദൻ സിംഗ് എറിഞ്ഞ 16ാം ഓവറിൽ ബൗണ്ടറി ലൈനിനരികിൽ ഫിൽ സാൾട്ടിന്റെ അതിമനോഹരമായ ഒരു ഡൈവിംഗ് ക്യാച്ചിലൂടെയാണ് ഇഷാൻ പുറത്തായത്. അവസാന ഓവറുകളിൽ ഹർഷ് ദുബെ(3), ഹർഷൽ പട്ടേൽ (0), എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായെങ്കിലും അനികേതിന്റെ വെടിക്കെട്ട് ടീം സ്‌കോർ 201ലെത്തിച്ചു.

vachakam
vachakam
vachakam

ആർ.സി.ബിക്ക് വേണ്ടി ജേക്കബ് ഡഫിയും റൊമാരിയോ ഷെപ്പേഡും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.ഭുവനേശ്വർ കുമാർ,സുയാഷ്, അഭിനന്ദൻ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

കഴിഞ്ഞ വർഷം ആർ.സി.ബിയുടെ ആദ്യ കിരീടാ നേട്ടം ആഘോഷിക്കുന്നതിനിടെയുണ്ടായ ഉന്തിലും തള്ളിലും പെട്ട് മരണപ്പെട്ടവരുടെ സ്മരണാർത്ഥം ഇന്നലെ ഐ.പി.എൽ ഉദ്ഘാടനത്തിന് ആഘോഷച്ചടങ്ങളുണ്ടായിരുന്നില്ല.ആർ.സി.ബി താരങ്ങൾ കറുത്ത ആം ബാൻഡ് ധരിച്ചാണ് ഇറങ്ങിയത്. ഗാലറിയിൽ ആദരസൂചകമായി 11 സീറ്റുകൾ പ്രത്യേകമായി തയ്യാറാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam