ജയ്പുർ: നായകനായി സഞ്ജു സാംസൺ തിരിച്ചെത്തിയെങ്കിലും തോൽവികളുടെ തുടർക്കഥയിൽ മാറ്റമില്ലാതെ രാജസ്ഥാൻ റോയൽസ്. ഇന്നലെ നടന്ന മത്സരത്തിൽ 10 റൺസിന് രാജസ്ഥാനെ തോൽപ്പിച്ച പഞ്ചാബ് കിംഗ്‌സ് ഇലവൻ 12 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി പട്ടികയിൽ രണ്ടാമതേക്കുയർന്ന് പ്‌ളേ ഓഫിലേക്ക് അടുത്തു.
ടോസ് നേടിയ പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ 34 റൺസ് നേടുന്നതിനിടെ അവരുടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്താൻ രാജസ്ഥാന് കഴിഞ്ഞു. രണ്ടാം ഓവറിൽ തുഷാർ ദേശ്പാണ്ഡേ പ്രിയാംശ് ആര്യയെ (9) ഹെറ്റ്‌മേയറുടെ കയ്യിലെത്തിച്ചാണ് പഞ്ചാബിന് ആദ്യ പ്രഹരം ഏൽപ്പിച്ചത്.
പകരമിറങ്ങിയ മിച്ചേൽ ഓവൻ (0) നേരിട്ട രണ്ടാം പന്തിൽ മഫാക്കയുടെയുടെ പന്തിൽ കീപ്പർ സഞ്ജു സാംസണിന് ക്യാച്ച് നൽകി മടങ്ങി. തൊട്ടടുത്ത പന്തിൽ പ്രഭ്‌സിമ്രാൻ സിംഗിനെയും (21) സഞ്ജു പിടികൂടി. തുഷാറായിരുന്നു ബൗളർ. ഇതോടെയാണ് പഞ്ചാബ് 34/3 എന്ന നിലയിലായത്.
തുടർന്ന് ക്രീസിലൊരുമിച്ച നെഹാൽ വധേരയും ക്യാപ്ടൻ ശ്രേയസ് അയ്യരും ചേർന്നാണ് 11ാം ഓവറിൽ 100കടത്തി ടീമിനെ അപകടത്തിൽ നിന്ന് കരകയറ്റിയത്. 44 പന്തുകളിൽ 67 റൺസ് കൂട്ടിച്ചേർത്ത സഖ്യം 10.3ാം ഓവറിൽ പിരിയുകയും ചെയ്തു.
25 പന്തുകളിൽ അഞ്ചുഫോറുകളടക്കം 30 റൺസ് നേടിയ പഞ്ചാബ് നായകനെ യശസ്വി ജയ്‌സ്വാളിന്റെ കയ്യിലെത്തിച്ച് റയാൻ പരാഗാണ് സഖ്യം പൊളിച്ചത്. എന്നാൽ പകരമിറങ്ങിയ ശശാങ്ക് സിംഗ് നെഹാലിനൊപ്പം തകർത്താടിയത് രാജസ്ഥാന് തിരിച്ചടിയായി. 33 പന്തുകളിൽ 58 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്. 59 പന്തുകളിൽ അഞ്ചുവീതം ഫോറും സിക്‌സുമടക്കം 70 റൺസടിച്ച നെഹാൽ 16 ഓവർ പൂർത്തിയായപ്പോഴാണ് കൂടാരം കയറിയത്. ആകാശ് മധ്വാളാണ് നെഹാലിനെ ഹെറ്റ്‌മേയറുടെ കയ്യിലെത്തിച്ചത്.
എന്നാൽ അവസാന നാലോവറിൽ വമ്പനടികൾ കാഴ്ചവച്ച ശശാങ്കും അസ്മത്തുള്ള ഒമർസായ്‌യും (21 നോട്ടൗട്ട്) ടീമിനെ 219ലെത്തിച്ചു. 24 പന്തുകളിൽ 60 റൺസാണ് ഇവർ അടിച്ചുകൂട്ടിയത്. 30 പന്തുകൾ നേരിട്ട ശശാങ്ക് അഞ്ചുഫോറും മൂന്ന് സിക്‌സും പറത്തി.ഒൻപത് പന്തുകൾ നേരിട്ട ഒമർസായ് മൂന്ന് ഫോറും ഒരു സിക്‌സുമടിച്ചു.
മറുപടിക്കിറങ്ങിയ രാജസ്ഥാന് യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. മൂന്നാം ഓവറിൽ 50 കടന്ന ടീം അഞ്ചാം ഓവറിൽ 76റൺസിലെത്തിയപ്പോഴാണ് വൈഭവിനെ നഷ്ടമായത്. 15 പന്തുകളിൽ നാലുവീതം ഫോറും സികസും പറത്തിയ വൈഭവിനെ ഹർപ്രീത് ബാർ ബാർട്ട്‌ലെറ്റിന്റെ കയ്യിലെത്തിക്കുകയായിരുന്നു. വൈകാതെ യശസ്വിയും മടങ്ങി. 25 പന്തുകളിൽ ഒൻപത് ഫോറും ഒരു സിക്‌സുമടക്കം 50 റൺസടിച്ച യശസ്വിയെ ഹർപ്രീത് ബാർ ഓവന്റെ കയ്യിലെത്തിക്കുകയായിരുന്നു.
ഇതോടെ പഞ്ചാബ് കളിയിലേക്ക് തിരിച്ചുവന്നു. പരിക്ക് മാറിയെത്തിയ നായകൻ സഞ്ജു സാംസണും (20) മുൻനായകൻ റിയാൻ പരാഗും (13) കൂടാരം കയറിയതോടെ രാജസ്ഥാൻ 144/4 എന്ന നിലയിലായി. തുടർന്ന് ധ്രുവ് ജുറേൽ (31 പന്തുകളിൽ മൂന്ന് ഫോറും നാലുസിക്‌സുമടക്കം 53 റൺസ്) പൊരുതിയെങ്കിലും മറുവശത്ത് ഹെറ്റ്‌മേയർ(11), ഹസരംഗ (0) എന്നിവർ പുറത്തായി.
ധ്രുവ് ജുറേലിനെയും അവസാന ഓവറിൽ ജാൻസൻ തിരിച്ചയച്ചതോടെ പഞ്ചാബ് വിജയമുറപ്പിച്ചു. പഞ്ചാബിനായി ഹർപ്രീത് ബ്രാർ മൂന്ന് വിക്കറ്റുകളും ജാൻസൻ, ഒമർസായ് എന്നിവർ രണ്ടുവിക്കറ്റുകൾ വീതവും വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്