ബംഗ്ളൂരു: അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് നിർത്തി വച്ച ഐ.പി.എൽ പതിനെട്ടാം സീസണിലെ മത്സരങ്ങൾ ഇന്ന് പുനരാരംഭിക്കും. പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സരങ്ങൾ പുനരാരംഭിക്കുന്നത്. മത്സരങ്ങൾ നിർത്തിയതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങൾ തിരിച്ചെത്തി തുടങ്ങി.
ഇന്ന് (മെയ് 17) നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗ്ളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും. ആർ.സി.ബിയുടെ തട്ടകമായ ബംഗ്ളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. 11 മത്സരങ്ങളിൽ നിന്ന് 8 ജയമുൾപ്പെടെ 16 പോയിന്റുമായി ആർ.സി.ബി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുള്ള കൊൽക്കത്ത ആറാമതും. ഇന്നത്തെ മത്സരം ജയിച്ച് പ്ലേഓഫിനോട് ഒരുപടി കൂടി അടുക്കാനാണ് ആർ.സി.ബി ലക്ഷ്യം വയ്ക്കുന്നത്. മറുവശത്ത് കെ.കെ.ആറിന് പ്ലേഓഫ് പ്രതീക്ഷ സജീവമാക്കാൻ ജയം അനവാര്യമാണ്.
ബംഗ്ളൂരു ടീമിൽ പരിക്കേറ്റ് ദേവ്ദത്തിന് പകരം ടീമിലെത്തിയ മായങ്ക് അഗർവാൾ ഇന്ന് കളിക്കാനിറങ്ങുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. പരിക്കേറ്റ പേസർ ജോഷ് ഹേസൽവുഡിന്റെ അഭാവമാണ് ആർ.സി.ബിയുടെ പ്രധാന തിരിച്ചടി. ടീം പ്ലേ ഓഫിലെത്തിയാൽ ഹേസൽവുഡിനെ തിരിച്ചെത്തിക്കാൻ ആർ.സി.ബി ശ്രമിക്കുന്നുണ്ടെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയ പൂർണമായും പച്ചക്കൊടി കാണിച്ചിട്ടില്ല. മറുവശത്ത് മോയിൻ അലി, റോവ്മാൻ പവൽ എന്നിവർ കെ.കെ.ആർ നിരയിൽ ഉണ്ടാകില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്