ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി സമാപന ചടങ്ങില്‍ പാകിസ്ഥാന്‍ പ്രതിനിധികളെ പങ്കെടുപ്പിക്കാത്തതിനെ ചൊല്ലി വിവാദം. പിസിബി ചെയര്‍മാന്‍ അടക്കം പ്രമുഖ ചുമതലക്കാരാരും ദുബായില്‍ എത്തിയിരുന്നില്ലെന്ന് ഐസിസി പറയുന്നു. എന്നാല്‍ ടൂര്‍ണമെന്റിന്റെ ഡയറക്ടര്‍ കൂടിയായ പിസിബിയുടെ സിഇഒ സുമൈര്‍ അഹമ്മദ് സമാപന ചടങ്ങിന്റെ വേദിയില്‍ ഉണ്ടായിരുന്നെന്നും അദ്ദേഹത്തെ സമാപന ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്നും പിസിബി ആരോപിച്ചു. ഐസിസിയെ പ്രതിഷേധം അറിയിക്കാനാണ് പിസിബി തീരുമാനം.
ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ചാംപ്യന്‍മാരായ ഇന്ത്യക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തപ്പോള്‍ വേദിയില്‍ ഐസിസി പ്രസിഡന്റ് ജയ് ഷായും ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയും സെക്രട്ടറി ദേവജിത് സൈകിയയുമാണ് ഉണ്ടായത്. ട്രോഫിയും മെഡലുകളും ജാക്കറ്റും ഇവര്‍ ചേര്‍ന്നാണ് വിതരണം ചെയ്തത്. ടൂര്‍ണമെന്റ് ആതിഥേയര്‍ പിസിബി ആണെന്നിരിക്കെ അവരുടെ ചുമതലക്കാരുടെ അഭാവം നിഴലിച്ചു.
പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി ചടങ്ങില്‍ ലഭ്യമല്ലായിരുന്നെന്നും ദുബായിലേക്ക് യാത്ര ചെയ്തില്ലെന്നും ഐസിസി വക്താവ് പറഞ്ഞു. 'മിസ്റ്റര്‍ നഖ്വി യാത്ര ചെയ്തിരുന്നില്ല, അദ്ദേഹം ലഭ്യമല്ലായിരുന്നു. ധാരണ പ്രകാരം, ട്രോഫി അവതരണത്തിനായി ഭാരവാഹികളെ മാത്രമേ വിളിക്കാന്‍ കഴിയൂ, അതിനാല്‍ പിസിബിയില്‍ നിന്ന് ഒരു ഭാരവാഹിയും അതിനായി ലഭ്യമായിരുന്നില്ല. അവര്‍ (പിസിബി) ആതിഥേയരായിരുന്നു, അവര്‍ അവിടെ ഉണ്ടായിരിക്കേണ്ടതായിരുന്നു,' ഐസിസി വക്താവ് പറഞ്ഞു.
ടൂര്‍ണമെന്റിന്റെ ഡയറക്ടര്‍ കൂടിയായ പിസിബിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുമൈര്‍ അഹമ്മദ് സമാപന ചടങ്ങിന്റെ വേദിയില്‍ ഉണ്ടായിരുന്നെന്നും അദ്ദേഹത്തെ ക്ഷണിച്ചില്ലെന്നും പിസിബി പറയുന്നു. അദ്ദേഹവും ഫൈനല്‍ ചടങ്ങ് സംഘടിപ്പിക്കാന്‍ ഉത്തരവാദികളായ ഐസിസി ഉദ്യോഗസ്ഥരും തമ്മിലുള്ള ആശയവിനിമയ പിശകാണ് അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിക്കാതിരിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്