2025 ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യ സ്വന്തമാക്കിയപ്പോൾ ഏറ്റവുമധികം വൈകാരികപരമായ നിമിഷങ്ങൾ ഉണ്ടായത് സീനിയർ താരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത് ശർമയ്ക്കുമായിരുന്നു.
ഇരുവരെ സംബന്ധിച്ചും വലിയ ഒരു ദൗത്യം തന്നെയായിരുന്നു ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി.
കോഹ്ലി ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലടക്കം വളരെ മികച്ച പ്രകടനങ്ങൾ ബാറ്റിംഗിൽ കാഴ്ച വയ്ക്കുകയുണ്ടായി. നിർണായകമായ ഫൈനൽ മത്സരത്തിൽ രോഹിത് ശർമയും പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നതോടെ ഇന്ത്യ കിരീടം സ്വന്തമാക്കുകയാണ് ഉണ്ടായത്. നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആധിപത്യത്തെ സംബന്ധിച്ച് മത്സരശേഷം വിരാട് കോഹ്ലി സംസാരിക്കുകയുണ്ടായി.
താനും രോഹിത്തും വിരമിക്കൽ പ്രഖ്യാപിച്ചാലും, ഇന്ത്യ ഇന്ന് ലോക ക്രിക്കറ്റിൽ ഒരുപാട് ആധിപത്യം പുലർത്താൻ സാധിക്കുന്ന ടീമാണ് എന്ന് വിരാട് കോഹ്ലി പറഞ്ഞു. എന്നിരുന്നാലും നിലവിൽ തനിക്ക് വിരമിക്കലിനെ സംബന്ധിച്ച് യാതൊരു പദ്ധതികളുമില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിരാട് കോഹ്ലി. 'ഞാൻ ടീമിലുള്ള മറ്റ് യുവതാരങ്ങളുമായി സംസാരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. ദീർഘദൂരം സഞ്ചരിക്കുന്നതിനെ സംബന്ധിച്ചുള്ള എന്റെ അനുഭവസമ്പത്ത് ഞാൻ അവരുമായി പങ്കിടാറുണ്ട്. അവരുടെ മത്സരത്തിൽ പുരോഗതികൾ ഉണ്ടാക്കാൻ പാകത്തിനുള്ള കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട്. എന്റെ കരിയർ അവസാനിപ്പിക്കുന്ന സമയത്ത് ഏറ്റവും മികച്ച പൊസിഷനിൽ നിന്നുകൊണ്ട് അവസാനിപ്പിക്കണം എന്നാണ് ഞാൻ കരുതുന്നത്. അതിനായാണ് എന്റെ ശ്രമം.' കോഹ്ലി പറഞ്ഞു.
'നിലവിൽ ഇന്ത്യയുടെ ടീം വളരെ ശക്തമാണ്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായി ഇന്ത്യ മാറി. അടുത്ത 8 -10 വർഷം കൃത്യമായി ലോക ക്രിക്കറ്റിൽ ആധിപത്യം സ്ഥാപിക്കാൻ ഈ ടീമിന് സാധിക്കും. കാരണം അത്രമാത്രം മികച്ച രീതിയിലാണ് ടീം മുൻപോട്ട് പോകുന്നത്. ഇപ്പോൾ തന്നെ അവർ മുൻപിലേക്ക് വന്ന് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഓസ്‌ട്രേലിയൻ പര്യടനത്തിന് ശേഷം വലിയൊരു തിരിച്ചുവരവ് ഞങ്ങൾക്കാവശ്യമായിരുന്നു. അതുകൊണ്ടു തന്നെ ഈ ടൂർണമെന്റിൽ വലിയ വിജയം ഞങ്ങൾ പ്രതീക്ഷിച്ചു. അത് അവിസ്മരണീയമായ രീതിയിൽ നടപ്പാക്കാനും ഞങ്ങൾക്ക് സാധിച്ചു. യുവതാരങ്ങളോടൊപ്പം ഇത്തരത്തിൽ പ്രകടനം കാഴ്ചവയ്ക്കാൻ വലിയ സന്തോഷമാണുള്ളത്. ഡ്രസ്സിങ് റൂമിൽ മികച്ച കഴിവുകളുള്ള താരങ്ങളുണ്ട്. കൃത്യമായ ദിശയിലേക്ക് തന്നെയാണ് അവർ ഇന്ത്യൻ ക്രിക്കറ്റിനെ കൊണ്ടുപോകുന്നത്.' കോഹ്ലി കൂട്ടിച്ചേർക്കുകയുണ്ടായി.
'കുറച്ചധികം വർഷങ്ങളായി ഇത്തരം സാഹചര്യങ്ങളിൽ ഞങ്ങൾ കളിച്ചിട്ടുണ്ട്. സമ്മർദ്ദങ്ങൾ നമ്മളിലേക്ക് എത്തുമ്പോൾ കൃത്യമായി മുൻപിലേക്ക് വരികയും കൈകൾ ഉയർത്തി പോരാടുകയും ചെയ്യണം. കുറച്ചു നാളുകൾക്ക് മുൻപുവരെ ഞങ്ങൾക്ക് കിരീടങ്ങൾ സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ ടീമിലുള്ള എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചാണ് കിരീടം സ്വന്തമാക്കിയിരിക്കുന്നത്. ഒരുപാട് ഇമ്പാക്ടുള്ള ഇന്നിംഗ്‌സുകൾ ഈ ടൂർണമെന്റിൽ പലരും കളിക്കുകയുണ്ടായി. എല്ലാ സമയത്തും കൂട്ടായ ഒരു പരിശ്രമത്തിന് ഭാഗമായി മാത്രമേ കിരീടങ്ങൾ ലഭിക്കൂ. ഒരു യൂണിറ്റ് എന്ന നിലയിൽ ടീം മുൻപോട്ട് പോകുന്നതിൽ വലിയ സന്തോഷമാണ് ഉള്ളത്. പരിശീലനത്തിലും മൈതാനത്തുമൊക്കെ എല്ലാവർക്കും മികവ് പുലർത്താൻ സാധിക്കുന്നുമുണ്ട്.' വിരാട് കോഹ്ലി പറഞ്ഞുവയ്ക്കുകയുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്