ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ നിന്ന് നാടകീയമായി പിൻവാങ്ങി നൊവാക് ജോക്കോവിച്ച്. അലക്‌സാണ്ടർ സ്വരേവുമായുള്ള മത്സരത്തിന്റെ ആദ്യ സെറ്റ് സ്വരേവ് 7-6(7-5) ടൈ ബ്രേക്കറിൽ സ്വന്തമാക്കിയതിന് പിന്നാലെയാണ് ജോക്കോവിച്ച് പിൻമാറിയത്. ഇതോടെ വാക്കോവർ ലഭിച്ച സ്വരേവ് ഫൈനലിലെത്തി. ഇടതു കാൽമുട്ടിലെ പരിക്കുമൂലമാണ് ജോക്കോവിച്ച് ആദ്യ സെറ്റിന് ശേഷം പിൻവാങ്ങിയത്.
ക്വാർട്ടറിൽ കാർലോസ് അൽകാരസിനെതിരായ മത്സരത്തിലും ജോക്കോവിച്ചിനെ ഇടതുകാലിലെ പരിക്ക് അലട്ടിയിരുന്നു. മെഡിക്കൽ ടൈം ഔട്ട് എടുത്തശേഷം കാലിൽ ടേപ്പ് ചുറ്റി തിരിച്ചുവന്നാണ് ജോക്കോവിച്ച് അൽകാരസിനെ നാലു സെറ്റ് പോരാട്ടത്തിൽ വീഴ്ത്തി സെമിയിലെത്തിയത്.
പരിക്കുമൂലം സെമിക്ക് മുമ്പുള്ള പരിശീലന സെഷനും ജോക്കോവിച്ച് ഉപേക്ഷിച്ചിരുന്നു.
സ്വരേവിനെതിരായ സെമി മത്സരത്തിലും കാലിൽ ടേപ്പ് ചുറ്റിയാണ് ജോക്കോവിച്ച് മത്സരിക്കാനിറങ്ങിയത്. ആദ്യ സെറ്റിൽ മൂന്ന് തവണ സ്വരേവിന്റെ സെർവ് ബ്രേക്ക് ചെയ്യാൻ ജോക്കോവിച്ചിന് അവസരം ലഭിച്ചിരുന്നെങ്കിലും അതൊന്നും മുതലാക്കാനായിരുന്നില്ല.
ആദ്യ സെറ്റിൽ എട്ട് എയ്‌സുകളും 24 വിന്നറുകളും പായിച്ച് സ്വരേവ് ആധിപത്യം പുലർത്തിയെങ്കിലും സെറ്റ് ടൈ ബ്രേക്കറിലേക്ക് നീട്ടാൻ ജോക്കോക്കായി. എന്നാൽ ടൈ ബ്രേക്കറിൽ ജോക്കോയെ മറികടന്ന് സ്വരേവ് സെറ്റ് സ്വന്തമാക്കിയതോടെ ജോക്കോ മത്സരത്തിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചു.
സ്വരേവിന് എതിരാളി സിന്നർ
ഞായറാഴ്ച നടക്കുന്ന പുരുഷ സിംഗിൾസ് ഫൈനലിൽ നിലവിലെ ചാമ്പ്യൻ യാന്നിക്ക് സിന്നറെയാണ് സ്വരേവ് എതിരിടുന്നത്. ഇന്നലെ നടന്ന രണ്ടാം സെമിയിൽ 21-ാം സീഡ് അമേരിക്കൻ താരം ബെൻ ഷെൽട്ടണെയാണ് സിന്നർ കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്നറുടെ ജയം. സ്‌കോർ : 7-6, 6-2, 6-2.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്