തിരുവനന്തപുരം: മദ്യ വില വർധിപ്പാക്കാനുള്ള സർക്കാർ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
വില വർധിപ്പിച്ച മദ്യത്തിൻറെ പട്ടികയിൽ മദ്യ നിർമ്മാണ കമ്പനി സ്ഥാപിക്കാൻ സർക്കാർ രഹസ്യമായി അനുമതി നൽകിയ ഒയാസിസ് കമ്പനിയുടെ വിവിധ ബ്രാൻഡുകളും ഉൾപ്പെട്ടിട്ടുണ്ട്. മദ്യ നിർമ്മാണ കമ്പനിക്ക് അനുമതി നൽകിയതിന് പിന്നാലെ മദ്യ കമ്പനികൾക്കു വേണ്ടി വില വർധിപ്പിച്ചുള്ള സർക്കാർ തീരുമാനം സംശയകരമാണ്.
കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടി 341 ബ്രാൻഡുകളുടെ വിലയാണ് 10 രൂപ മുതൽ 50 രൂപ വരെ വർധിപ്പിച്ചത്. ഇതിൽ ജനപ്രിയ ബ്രാൻഡുകളുടെയെല്ലാം വില സർക്കാർ വർധിപ്പിച്ചിട്ടുണ്ട്.
നേരത്തെ മദ്യ കമ്പനികൾ ആവശ്യപ്പെട്ടത് അനുസരിച്ച് വിറ്റുവരവ് നികുതി സർക്കാർ ഒഴിവാക്കിക്കൊടുത്തിരുന്നു. അന്നും നഷ്ടം നികത്തിയത് വില കൂട്ടിയാണ്. എലപ്പുള്ളിയിൽ മദ്യ നിർമ്മാണ കമ്പനിക്ക് അനുമതി നൽകിയതു പോലെ ഇപ്പോഴത്തെ തീരുമാനത്തിലും സുതാര്യതയില്ലെന്ന് സതീശൻ ആരോപിച്ചു.
മദ്യവില കൂട്ടിയതുകൊണ്ട് ഉപഭോഗം കുറയില്ലെന്നതാണ് യാഥാർത്ഥ്യം. കുടുംബ ബജറ്റിലേക്കുള്ള വിഹിതത്തിൽ കുറവ് വരുന്നതിനാൽ സ്ത്രീകളും കുട്ടികളുമാകും ഇതിൻറെ ഇരകളായി മാറുന്നത്. മദ്യ ഉപഭോക്താക്കളെ ചൂഷണം ചെയ്ത് മദ്യകമ്പനികൾക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കാൻ സർക്കാർ കൂട്ടു നിൽക്കുന്നത് അംഗീകരിക്കാനാകില്ല. തീരുമാനം പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്