ബ്രസീലിയ: ബ്രസീലിയൻ ഫുട്ബോൾ സൂപ്പർ താരം നെയ്‌മറിന് വരാനിരിക്കുന്ന ഫിഫ ലോകകപ്പിൽ കളിക്കാൻ ആഗ്രഹമില്ലെന്ന് മുൻ താരം ലൂയിസാവോ. 2002-ലെ ലോകകപ്പ് ജേതാവായ ലൂയിസാവോ ഒരു അഭിമുഖത്തിലാണ് നെയ്‌മറിൻ്റെ കായികക്ഷമതയെയും ആത്മസമർപ്പണത്തെയും ചോദ്യം ചെയ്തത്. ലോകകപ്പ് കളിക്കണമെന്ന് നെയ്‌മറിന് ആഗ്രഹമുണ്ടായിരുന്നെങ്കിൽ അദ്ദേഹം പരിശീലകൻ കാർലോ ആഞ്ചലോട്ടിയെ നേരിൽ കണ്ട് സംസാരിക്കുമായിരുന്നുവെന്നും, ഇതിന് വിപരീതമായ കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നതെന്നും ലൂയിസാവോ പറഞ്ഞു.
പരിക്കിൽ നിന്ന് മുക്തനാകാത്തതാണ് നെയ്‌മറിനെ ടീമിലേക്ക് പരിഗണിക്കാതിരിക്കാൻ കാരണമെന്ന് ആഞ്ചലോട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, 2002-ൽ ഗുരുതരമായ പരിക്കിൽ നിന്ന് തിരിച്ചുവന്ന റൊണാൾഡോ നസാരിയോയുടെ പോരാട്ടവീര്യം നെയ്‌മറിൽ കാണുന്നില്ലെന്ന് ലൂയിസാവോ വിമർശിച്ചു.
"നെയ്‌മറി ലോകകപ്പിന് പോകാൻ ആഗ്രഹമില്ലെന്നാണ് ഞാൻ കരുതുന്നത്. നമുക്ക് ശരിക്കും ഒരു കാര്യം വേണമെന്നുണ്ടെങ്കിൽ നമ്മൾ അതിനായി പരിശീലകനെ തേടിപ്പോകും, പരിശീലകൻ തിരിച്ചും. ഇവിടെ അതുണ്ടായിട്ടില്ല," അദ്ദേഹം പറഞ്ഞു.
അതേസമയം, ദേശീയ ടീമിലേക്ക് തിരിച്ചുവരാൻ താൻ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് നേയ്‌മർ വ്യക്തമാക്കി. ഖത്തർ ലോകകപ്പിലെ ക്രോയേഷ്യക്കെതിരെയുള്ള തോൽവി തന്നെ വല്ലാതെ വേട്ടയാടുന്നുണ്ടെന്നും അന്ന് താൻ മരിച്ചതുപോലെയാണ് തോന്നിയതെന്നും തൻ്റെ യൂട്യൂബ് ചാനലിലൂടെ നെയ്‌മർ പ്രതികരിച്ചു.
മെയ് മാസത്തിലാണ് ബ്രസീൽ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുക. പാനമ, ഈജിപ്ത് എന്നിവർക്കെതിരെയുള്ള സൗഹൃദ മത്സരങ്ങൾക്ക് ശേഷം മൊറോക്കോയ്‌ക്കെതിരെയാണ് ബ്രസീലിൻ്റെ ലോകകപ്പ് പോരാട്ടം ആരംഭിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
