പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് നിലവിലെ തന്ത്രി കണ്ഠരര്‍ രാജീവരുടെ മകൻ കണ്ഠരര്‍ ബ്രഹ്മദത്തനെ നിയമിക്കാനുള്ള സാധ്യത ശക്തമാകുന്നു. രാജീവരുടെ അഭ്യർഥന അംഗീകരിക്കുന്നതിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് നീങ്ങുന്നുവെന്നാണ് സൂചന. വിഷയത്തിൽ ബോർഡിനുള്ളിൽ അനുകൂല നിലപാടാണ് രൂപപ്പെട്ടിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്റെ തീരുമാനം ഹൈക്കോടതിയെ അറിയിക്കാനാണ് നീക്കം. താഴമൺ കുടുംബത്തിന്റെ പാരമ്പര്യാവകാശത്തിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന നിലപാടും ബോർഡ് കോടതിയെ അറിയിക്കുമെന്നാണ് വിവരം. അന്തിമ തീരുമാനം ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന്റേതായിരിക്കും.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, ബ്രഹ്മദത്തന്‍ തന്ത്രി സ്ഥാനത്തിന് ആവശ്യമായ യോഗ്യതയുണ്ടെന്ന് പ്രതികരിച്ചു. അദ്ദേഹത്തെ നിയമിക്കുന്നതിൽ ബോർഡിന് എതിർപ്പില്ലെന്നും, കേസ് കോടതിയുടെ പരിഗണനയിലായതിനാൽ ഹൈക്കോടതിയുടെ അഭിപ്രായം തേടിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. താഴമൺ കുടുംബത്തെ അപമാനിക്കുന്ന തരത്തിലുള്ള സമീപനം സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദേവസ്വം ബോർഡ് അംഗം പി.ഡി. സന്തോഷ് കുമാർ വിഷയത്തിൽ അന്തിമ തീരുമാനം ഹൈക്കോടതിയുടേതായിരിക്കുമെന്ന് പറഞ്ഞു. തന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂട്ടായ ആലോചനയിലൂടെ തീരുമാനിക്കേണ്ടതാണെന്നും, കോടതിയുടെ നിർദേശപ്രകാരമായിരിക്കും ബോർഡ് മുന്നോട്ടുപോകുകയെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ നിലപാട് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണക്കൊള്ള കേസിൽ പ്രതിയായതിനെ തുടർന്നാണ് തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര്‍ രാജീവർ ദേവസ്വം ബോർഡിന് കത്ത് നൽകിയത്. പകരം മകൻ ബ്രഹ്മദത്തനെ പരിഗണിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു.
ഇതിനിടെ, താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് പിന്മാറണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്. രാധാകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. ശബരിമല ക്ഷേത്രത്തിനും വിശ്വാസികൾക്കും കുടുംബം വലിയ അപമാനമാണ് വരുത്തിയതെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖ നടപടികളിൽ നിന്ന് കണ്ഠരര്‍ രാജീവരെ ഒഴിവാക്കാനും ദേവസ്വം ബോർഡ് നേരത്തെ തീരുമാനിച്ചിരുന്നു. അതേസമയം, തന്ത്രിയെ മാറ്റാനും യോഗ്യരായ മറ്റൊരാളെ നിയമിക്കാനും ദേവസ്വം ബോർഡിന് നിയമപരമായ അധികാരമുണ്ടെന്ന് പന്തളം കൊട്ടാരം കുടുംബാംഗം രാജരാജവർമ്മ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ദേവസ്വം മന്ത്രിക്ക് കത്തും നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
