മുംബയ്: സീസണിന്റെ തുടക്കത്തിലെ തോൽവികളിൽ നിന്ന് പതിവുപോലെ ഉയിർത്തെണീറ്റ് മുംബയ് ഇന്ത്യൻസിന്റെ കുതിപ്പ്. ഇന്നലെ 54 റൺസിന് ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ തോൽപ്പിച്ച മുംബയ് ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. സീസണിലെ 10 മത്സരങ്ങളിൽ മുംബയ് ഇന്ത്യൻസിന്റെ ആറാം ജയമാണിത്.
തുടർച്ചയായ അഞ്ചാമത്തെ ജയവും. ഇന്നലെ മുംബയ് വാങ്കഡേ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ മുംബയ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് നേടിയപ്പോൾ മറുപടിക്കിറങ്ങിയ ലക്‌നൗ 20 ഓവറിൽ 161 റൺസിന് ആൾ ഔട്ടാവുകയായിരുന്നു. ലക്‌നൗവിന്റെ ഈ സീസണിലെ അഞ്ചാം തോൽവിയാണിത്.
അർദ്ധസെഞ്ച്വറികൾ നേടിയ റയാൻ റിക്കിൾട്ടൺ (58), സൂര്യകുമാർ യാദവ് (54), വിൽ ജാക്‌സ് (29), നമാൻ ധിർ (25*), കോർബിൻ ബോഷ് (20) എന്നിവരുടെ ബാറ്റിംഗാണ് മുംബയ്‌യെ 215ലെത്തിച്ചത്. പരിക്കിന് ശേഷം ഐ.പി.എല്ലിലേക്ക് തിരിച്ചുവന്ന ലക്‌നൗ പേസർ മായാങ്ക് യാദവ് നാലോവറിൽ 40 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും റണ്ണൊഴുക്ക് തടുക്കാനായില്ല. ആവേശ് ഖാനും രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ ലക്‌നൗവിനെ നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും നാലോവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ട്രെന്റ് ബൗൾട്ടും ചേർന്നാണ് പിച്ചിച്ചീന്തിയത്. വിൽ ജാക്‌സിന് രണ്ട് വിക്കറ്റ് ലഭിച്ചു. ജാക്‌സാണ് പ്‌ളേയർ ഒഫ് ദ മാച്ചായത്.
നേരത്തേ ആദ്യ ബാറ്റിംഗിനിറങ്ങിയ മുംബയ്ക്ക് രോഹിത് ശർമ്മയെ (12) മൂന്നാം ഓവറിൽ നഷ്ടമായിരുന്നു. മടങ്ങിവരവിലെ മായാങ്കിന്റെ ആദ്യ ഇരയാവുകയായിരുന്നു രോഹിത്. പ്രിൻസ് യാദവിനായിരുന്നു ക്യാച്ച്. തുടർന്ന് വിൽ ജാക്‌സും റിക്കിൾട്ടണും ചേർന്ന് 8.4ഓവറിൽ 88 റൺസിലെത്തിച്ചു. അവിടെവച്ച് റിക്കിൾട്ടൺ പുറത്തായി. 32 പന്തുകളിൽ ആറുഫോറും നാലു സിക്‌സും പായിച്ച റിക്കിൾട്ടണിനെ ദിഗ്‌വേഷ് രതിയാണ് മടക്കി അയച്ചത്.
തുടർന്നിറങ്ങിയ സൂര്യകുമാർ യാദവ് 28 പന്തുകളിൽ നാലുവീതം ഫോറുംസിക്‌സുമടിച്ച് സീസണിലെ മൂന്നാം അർദ്ധസെഞ്ച്വറിയോടെ സീസണിലെ റൺവേട്ടയിൽ മുന്നിലെത്തി ഓറഞ്ച് ക്യാപ്പിന് അർഹനായി. 10 ഇന്നിംഗ്‌സുകളിൽ നിന്ന് 427 റൺസാണ് സൂര്യ നേടിയത്.
മറുപടിക്കിറങ്ങിയ ലക്‌നൗവിന്റെ എയ്ഡൻ മാർക്രമിനെ (9) മൂന്നാം ഓവറിൽ പുറത്താക്കി ബുംറയാണ് ആദ്യ പ്രഹരമേൽപ്പിച്ചത്.
തുടർന്ന് മിച്ചൽ മാർഷും (34) നിക്കോളാസ് പുരാനും (27) പിടിച്ചുനിൽക്കാൻ ശ്രമിച്ചു. ഏഴാം ഓവറിൽ പുരാനെയും പകരമിറങ്ങിയ നായകൻ പന്തിനെയും(4) പുറത്താക്കി ജാക്‌സ് ലക്‌നൗവിന്റെ നട്ടെല്ലൊടിച്ചു. തുടർന്ന് ബൗൾട്ട് മാർഷിനെയും ആയുഷ് ബദോനിയേയും (35) അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി.
ഡേവിഡ് മില്ലർ(24), അബ്ദുൽ സമദ്(2), ആവേഷ് ഖാൻ (0) എന്നിവരെക്കൂടി ബുംറ പുറത്താക്കി. ദിഗ്‌വേഷിനെ (1) പുറത്താക്കി ബൗൾട്ടാണ് ലക്‌നൗ ഇന്നിംഗ്‌സിന് കർട്ടനിട്ടത
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്