ന്യൂഡൽഹി : ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ ആറുവിക്കറ്റിന് തോൽപ്പിച്ച് ആർ.സി.ബി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഡൽഹിയിൽ നടന്ന മത്സരത്തിൽ ചേസിംഗിൽ ജയിക്കാൻ 163 റൺസ് വേണ്ടിയിരുന്ന ആർ.സി.ബി 18.3 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ വിജയം കാണുകയായിരുന്നു.
സീസണിലെ ആറാമത്തെ അർദ്ധസെഞ്ച്വറി നേടിയ വിരാട് കൊഹ്‌ലിയും (51), 73 റൺസുമായി പുറത്താകാതെ നിന്ന ക്രുനാൽ പാണ്ഡ്യയുമാണ് ആർ.സി.ബിക്ക് തകർപ്പൻ ചേസിംഗ് വിജയമൊരുക്കിയത്. വിരാടിന്റെ തുടർച്ചയായ മൂന്നാം അർദ്ധസെഞ്ച്വറിയാണിത്. 47 പന്തുകളിൽ നാലുബൗണ്ടറികൾ പായിച്ച അർദ്ധസെഞ്ച്വറിയിലെത്തിയ വിരാട് ഇന്നലെ ആഞ്ഞടിക്കുന്നതിന് പകരം മുൻനിരയിലെ വിക്കറ്റുകൾ നഷ്ടമായപ്പോൾ പിടിച്ചുനിൽക്കാനാണ് ശ്രമിച്ചത്.
ക്രുനാൽ 47 പന്തുകളിൽ അഞ്ചുഫോറും നാലുസിക്‌സും പറത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 162 റൺസ് നേടിയത്. അഭിഷേക് പൊറേൽ (28), ഡുപ്‌ളെസി (22), കെ.എൽ രാഹുൽ (41), ട്രിസ്റ്റൺ സ്റ്റബ്‌സ് (34) എന്നിവരുടെ പരിശ്രമമാണ് ഡൽഹിയെ ഈ സ്‌കോറിലെത്തിച്ചത്.
ഡൽഹിക്ക് വേണ്ടി ഓപ്പണിംഗിൽ പൊറേലും ഡുപ്‌ളെസിയും ചേർന്ന് 3.4 ഓവറിൽ 33 റൺസ് കൂട്ടിച്ചേർത്തിരുന്നു. പൊറേലിനെ പുറത്താക്കി ഹേസൽവുഡാണ് ഡൽഹിക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. അടുത്ത ഓവറിൽ കരുൺ നായരെ(4) യഷ് ദയാൽ മടക്കി അയച്ചു.
തുടർന്ന് രാഹുൽ ഒരറ്റത്ത് നങ്കൂരമിട്ടപ്പോൾ ഡുപ്‌ളെസി, ക്യാപ്ടൻ അക്ഷർ പട്ടേൽ(15) എന്നിവരെ നഷ്ടമായി. 17ാം ഓവറിൽ രാഹുൽ പുറത്തായശേഷം സ്റ്റബ്‌സ് സ്‌കോർ ഉയർത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്