ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ പേസ് ബൗളറും ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച ബൗളറുമായ മോഹിത് ശർമ്മ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. അടുത്തിടെ ഡൽഹി ക്യാപിറ്റൽസ് അദ്ദേഹത്തെ നിലനിർത്തിയിരുന്നില്ല, പിന്നാലെയാണ് മോഹിത് ശർമ വിരമിക്കാൻ തീരുമാനിച്ചത്.
സോഷ്യൽ മീഡിയ അക്കൗണ്ടിലെ ഒരു പോസ്റ്റിലൂടെയാണ് താരം വിരമിക്കൽ ആരാധകരെ അറിയിച്ചത്. 'ഇന്ന്, എല്ലാത്തരം ക്രിക്കറ്റുകളിൽ നിന്നും ഞാൻ പൂർണ്ണഹൃദയത്തോടെ വിരമിക്കൽ പ്രഖ്യാപിക്കുന്നു. ഹരിയാനയെ പ്രതിനിധീകരിക്കുന്നത് മുതൽ ഇന്ത്യൻ ജേഴ്‌സി ധരിക്കുന്നതുവരേയും, പിന്നാലെ ഐ.പി.എല്ലിൽ കളിക്കുന്നത് വരെയുള്ള ഈ യാത്ര ഒരു അനുഗ്രഹമാണ് 'താരം പറഞ്ഞു.
'എന്റെ കരിയറിന്റെ നട്ടെല്ലായി നിന്നതിന് ഹരിയാന ക്രിക്കറ്റ് അസോസിയേഷന് നന്ദി, വാക്കുകൾക്കൊണ്ട് വിവരിക്കാൻ കഴിയാത്ത വിധത്തിൽ എന്റെ പാതയെ രൂപപ്പെടുത്തിയ, നിരന്തരമായ മാർഗനിർദേശം നൽകിയ അനിരുദ്ധ് സാറിന് നന്ദി, ബി.സി.സി.ഐ, എന്റെ പരിശീലകർ, സഹതാരങ്ങൾ, ഐ.പി.എൽ ഫ്രാഞ്ചൈസികൾ, സപ്പോർട്ട് സ്റ്റാഫ്, എല്ലാ സുഹൃത്തുക്കൾ അവരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. എന്റെ മാനസികാവസ്ഥയിലെ മാറ്റങ്ങളും കോപവും എപ്പോഴും കൈകാര്യം ചെയ്യുകയും എല്ലാത്തിലും എന്നെ പിന്തുണയ്ക്കുകയും ചെയ്ത എന്റെ ഭാര്യയ്ക്ക് പ്രത്യേക നന്ദി ' താരം എഴുതി.
ഇന്ത്യയ്ക്കായി 26 ഏകദിനങ്ങൾ കളിച്ച മോഹിത് ശർമ്മ 25 ഇന്നിംഗ്‌സുകളിൽ നിന്ന് 31 വിക്കറ്റുകൾ വീഴ്ത്തി. താരത്തിന്റെ ഏറ്റവും മികച്ച ഏകദിന പ്രകടനം 22 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയതായിരുന്നു. 8 ടി20 അന്താരാഷ്ട്ര മൽസരങ്ങളിൽ നിന്ന് 6 വിക്കറ്റുകളും മോഹിത് നേടിയിട്ടുണ്ട്.
കൂടാതെ, 120 ഐ.പി.എൽ മൽസരങ്ങളിൽ നിന്ന് 119 ഇന്നിങ്‌സുകളിൽ നിന്നായി 134 വിക്കറ്റുകൾ മോഹിതിന്റെ പേരിലുണ്ട്. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ്, ഗുജറാത്ത് ടൈറ്റൻസ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്‌സ് തുടങ്ങിയ ടീമുകൾക്കായി മോഹിത് കളിച്ചിട്ടുണ്ട്. 2013 സീസണിൽ 20 വിക്കറ്റും 2014ൽ 23 വിക്കറ്റും നേടി. 2023ൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പം 27 വിക്കറ്റുകൾ നേടിയ താരം ആ സീസണിലെ രണ്ടാമത്തെ വിക്കറ്റ് ടേക്കറായിരുന്നു. സി.എസ്.കെ, ജി.ടി എന്നീ ചാമ്പ്യൻ ടീമുകളിലും അദ്ദേഹം അംഗമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
