പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിന്റെ ഇതിഹാസ താരം മുഹമ്മദ് സലാ ഈ സീസണൊടുവിൽ ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചു. ആൻഫീൽഡിലെ ഒൻപത് വർഷത്തെ ഐതിഹാസികമായ പോരാട്ടത്തിനൊടുവിലാണ് ഈജിപ്ഷ്യൻ താരം പടിയിറങ്ങുന്നത്. ക്ലബ്ബുമായുള്ള കരാർ അവസാനിക്കുന്നതോടെ ഈ സീസൺ തന്റെ അവസാനത്തേതായിരിക്കുമെന്ന് ചൊവ്വാഴ്ചയാണ് സലാ ഔദ്യോഗികമായി അറിയിച്ചത്.
2017-ൽ റോമയിൽ നിന്ന് ആൻഫീൽഡിലെത്തിയ സലാ, ലിവർപൂളിനായി ഇതുവരെ 435 മത്സരങ്ങളിൽ നിന്ന് 255 ഗോളുകൾ നേടിയിട്ടുണ്ട്. ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിൽ ഇയാൻ റഷ്, റോജർ ഹണ്ട് എന്നിവർക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് ഈ മുപ്പത്തിമൂന്നുകാരൻ.
2019/20, 2024/25 സീസണുകളിലെ പ്രീമിയർ ലീഗ് കിരീടങ്ങളിലും 2019-ലെ ചാമ്പ്യൻസ് ലീഗ് വിജയത്തിലും നിർണ്ണായക പങ്കുവഹിച്ചു. കൂടാതെ ക്ലബ്ബ് വേൾഡ് കപ്പ്, യുവേഫ സൂപ്പർ കപ്പ്, എഫ്.എ കപ്പ് എന്നിവയും ലിവർപൂളിനൊപ്പം താരം നേടിയിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ 29 ഗോളുകൾ നേടിയ സലാക്ക് ഈ സീസണിൽ ഇതുവരെ അഞ്ച് ഗോളുകൾ മാത്രമാണ് നേടാനായത്. ലിവർപൂൾ മാനേജർ ആർനെ സ്ലോട്ടുമായി ഡിസംബറിലുണ്ടായ തർക്കം സലായുടെ ഭാവി സംബന്ധിച്ച ആശങ്കകൾ വർദ്ധിപ്പിച്ചിരുന്നു. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ തന്നെ ബെഞ്ചിലിരുത്തിയത് ക്ലബ്ബ് തന്നെ ചതിച്ചതിന് തുല്യമാണെന്നും ഡച്ച് പരിശീലകനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സലാ തുറന്നടിച്ചിരുന്നു.
"വിടപറയുന്നത് ഒട്ടും എളുപ്പമല്ല. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങൾ നിങ്ങൾ എനിക്ക് നൽകി. ഈ നഗരവും ക്ലബ്ബും എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എല്ലാവർക്കും നന്ദി, നിങ്ങളുടെ പിന്തുണ കാരണം ഞാൻ ഒരിക്കലും തനിച്ചാവില്ല" സലാ പറഞ്ഞു.2025-26 സീസണോടെ സലാ പടിയിറങ്ങുന്നത് ലിവർപൂളിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായത്തിന്റെ അവസാനമാണെന്ന് ക്ലബ്ബ് തങ്ങളുടെ വെബ്‌സൈറ്റിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
