അർജന്റൈൻ ഫുട്‌ബോൾ ആരാധകർക്ക് ആവേശമായി കോപ്പ അമേരിക്കയിൽ ലിയോണൽ സ്‌കലോണി തന്നെ അർജന്റീനയെ പരിശീലിപ്പിക്കും. ടൂർണമെന്റിനായി സ്‌കലോണിയും സഹപരിശീലകരും ഒരുക്കങ്ങൾ തുടങ്ങി. കോപ്പ അമേരിക്കയിലും ചാംപ്യന്മാർക്ക് തന്ത്രമോരുക്കാൻ കോച്ച് സ്‌കലോണിയുണ്ടാകുമോ എന്നുള്ള സംശയങ്ങൾ നേരത്തെയുണ്ടായിരുന്നു. ബ്രസീലിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിന് പിന്നാലെ പരിശീലക സ്ഥാനമൊഴിയുമെന്നതിനെക്കുറിച്ച് ചിന്തിക്കുന്നെന്ന് സ്‌കലോണി പറഞ്ഞത് ആരാധകരെയും ടീമിനെയും ആശങ്കയിലാക്കിയത് ചെറുതൊന്നുമല്ല.
ജൂണിൽ അമേരിക്കയിലാണ് കോപ്പ അമേരിക്ക ടൂർണമെന്റ്. ഇതിനുള്ള ഒരുക്കങ്ങൾ സ്‌കലോണിയും സഹപരിശീലകരും തുടങ്ങിക്കഴിഞ്ഞു. മാർച്ചിലെ സന്നാഹമത്സരങ്ങളോടെ ടീമിനെ കണ്ടെത്തുന്നതിനുള്ള നടപടികൾ തുടങ്ങും. കഴിഞ്ഞ കോപ്പ അമേരിക്കയോടെയായിരുന്നു ലിയോണൽ സ്‌കലോണിയുടേയും അർജന്റീനയുടെയും ജൈത്രയാത്രയുടെ തുടക്കം. ബ്രസീലിനെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ച് കിരീടം. പിന്നാലെ ലാറ്റിൻ അമേരിക്ക, യൂറോപ്പ് ചാംപ്യന്മാർ ഏറ്റുമുട്ടിയ ഫൈനലിൽ ജയം.
ഒടുവിൽ 36 വർഷത്തെ അർജന്റീനയുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഖത്തറിൽ ലോകകപ്പ്. സ്‌കലോണിക്ക് കീഴിൽ 67 മത്സരങ്ങളിൽ 46ലും അർജന്റീന ജയിച്ചിട്ടുണ്ട്. 15 മത്സരങ്ങൾ സമനിലയിലായപ്പോൾ തോറ്റത് വെറും ആറെണ്ണത്തിൽ. 2023 അവസാനിക്കുമ്പോൾ ഫിഫ റാങ്കിംഗിലും ഒന്നാം സ്ഥാനക്കാർ അർജന്റീന തന്നെ. സ്‌കലോണിയുടെ തീരുമാനം മാറ്റാൻ നായകൻ ലിയോണൽ മെസി ഉൾപ്പെടെയുള്ളവർ ഇടപ്പെട്ടിരുന്നു.
നിലവിലെ ടീമിൽ തൃപ്തനല്ലെന്നും ചിലരെ ഒഴിവാക്കി പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നുമാണ് സ്‌കലോണിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. അർജന്റീനയുടെ പദ്ധതികളെല്ലാം മെസിയെ കേന്ദ്രീകരിച്ചായതിനാൽ നായകനോട് തന്നെ ഇക്കാര്യം പറയാനായിരുന്നു സ്‌കലോണിയുടെ തീരുമാനം.
മെസിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം തന്റെ അഭിപ്രായങ്ങൾ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് മുന്നിലും സ്‌കലോണി അവതരിപ്പിച്ചു. തന്റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ തുടരുവെന്ന നിലപാടിലായിരുന്നു സ്‌കലോണി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്