റിയൽ ബെറ്റിസിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ റയൽ മാഡ്രിഡ് സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് മെയ് പത്തിന് നടക്കാനിരിക്കുന്ന എൽ ക്ലാസിക്കോ നഷ്ടമായേക്കും. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇടത് കാലിലെ പേശിക്കേറ്റ പരിക്കിനെത്തുടർന്ന് അവസാന നിമിഷങ്ങളിൽ എംബാപ്പെയെ പിൻവലിച്ചിരുന്നു. വിശദമായ പരിശോധനകൾക്ക് ശേഷമാണ് പരിക്ക് സാരമുള്ളതാണെന്ന് ക്ലബ്ബ് സ്ഥിരീകരിച്ചത്. താരം എന്നാണ് മൈതാനത്തേക്ക് തിരിച്ചെത്തുക എന്ന കാര്യത്തിൽ മാഡ്രിഡ് അധികൃതർ കൃത്യമായ വിശദീകരണം നൽകിയിട്ടില്ലെങ്കിലും നിലവിലെ സാഹചര്യം ആരാധകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
ബാഴ്‌സലോണയ്‌ക്കെതിരായ നിർണ്ണായകമായ എൽ ക്ലാസിക്കോയ്ക്ക് പുറമെ ജൂൺ 11ന് ആരംഭിക്കുന്ന ലോകകപ്പിൽ ഫ്രാൻസിന് വേണ്ടി എംബാപ്പെ കളിക്കുന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ബാഴ്‌സലോണയേക്കാൾ 11 പോയിന്റ് പിന്നിലുള്ള റിയൽ മാഡ്രിഡിന് ഈ ഘട്ടത്തിൽ എംബാപ്പെയുടെ അഭാവം വലിയ തിരിച്ചടിയാണ്. എൽ ക്ലാസിക്കോയ്ക്ക് മുൻപായി എസ്പാന്യോളിനെതിരായ മത്സരവും മാഡ്രിഡിനുണ്ട്.
അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ലോകകപ്പിന് മുൻപായി ഫ്രഞ്ച് ക്യാപ്ടൻ പൂർണ്ണ കായികക്ഷമത തിരിച്ചുപിടിക്കുമോ എന്ന ഉത്കണ്ഠയിലാണ് ഫ്രാൻസ് ടീം അധികൃതരും. താരത്തിന്റെ ഓരോ നീക്കങ്ങളും വൈദ്യശാസ്ത്ര സംഘം നിരീക്ഷിച്ചുവരികയാണ്. ലോകകപ്പിന് മുൻപായി എംബാപ്പെക്ക് മതിയായ വിശ്രമവും മികച്ച ചികിത്സയും ഉറപ്പാക്കി അദ്ദേഹത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷനും ഊർജ്ജിതമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
