തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ എട്ടുമത്സരങ്ങളിൽ ഏഴാം വിജയം നേടി കൊല്ലം സെയ്‌ലേഴ്‌സ് ജൈത്രയാത്ര തുടരുന്നു. പന്ത്രണ്ടാം ദിവസമായ ഇന്നലത്തെ ആദ്യ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ മൂന്നു വിക്കറ്റിനാണ് കൊല്ലം സെയ്‌ലേഴ്‌സ് പരാജയപ്പെടുത്തിയത്. 173 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊല്ലം ഒരു പന്ത് ബാക്കിനിൽക്കേയാണ് വിജയത്തിലെത്തിയത്.
ഇതോട െ14 പോയിന്റിലെത്തിയ സെയ്‌ലേഴ്‌സ് നേരത്തെ സെമി ഉറപ്പിച്ചിരുന്നു. ആദ്യ ബാറ്റിംഗിനിറങ്ങിയ ഗ്ലോബ്സ്റ്റാർസ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസ് നേടിയത്. ക്യാപ്ടൻ രോഹൻ കുന്നുമ്മലിന്റെ (61) മികച്ച ബാറ്റിംഗ് കാലിക്കറ്റിന് അടിത്തറ പാകി. ഒമർ അബുബക്കർ (47) -രോഹൻ കുന്നുമ്മൽ ഓപ്പണിംഗ് കൂട്ടുകെട്ട് കാലിക്കറ്റിന്റെ സ്‌കോർ 77ലെത്തിച്ചു.
28 പന്തിൽ നിന്നും രണ്ട് സിക്‌സും ഏഴു ബൗണ്ടറിയും ഉൾപ്പെടെ റൺസെടുത്ത ഒമർ അബുബക്കറിനെ ആഷിക് മുഹമ്മദിന്റെ പന്തിൽ പവൻരാജ് പിടിച്ചു പുറത്താക്കി. രോഹൻ മൂന്നു സിക്‌സും അഞ്ചു ബൗണ്ടറിയും ഉൾപ്പെടെയാണ് 61 റൺസ് നേടിയത്. കാലിക്കറ്റ് സ്‌കോർ 160ൽ നിൽക്കെ 26 പന്തിൽ 37 റൺസെടുത്ത സൽമാൻ നിസാർ പുറത്തായി. സെയ്‌ലേഴ്‌സിന് വേണ്ടി ആഷിക്ക് മൂന്ന് ഓവറിൽ 21 റൺസിന് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
173 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലത്തിന് ഓപ്പണർ അരുൺ പൗലോസ് (44), ക്യാപ്ടൻ സച്ചിൻ ബേബി (34), അനന്തു സുനിൽ (24), ഷറഫുദ്ദീൻ (20), അമൽ (17*), ആഷിക്ക് മുഹമ്മദ് (12*) എന്നിവരാണ് വിജയമൊരുക്കിയത്. അവസാന ഓവറിൽ വിജയിക്കാൻ 12 റൺസാണ് വേണ്ടിയിരുന്നത്. അമലും ആഷിക്കും ചേർന്ന് അഞ്ചുപന്തുകളിൽ അത് നേടിയെടുത്തു. ആൾറൗണ്ട് മികവ് പുറത്തെടുത്ത കൊല്ലത്തിന്റെ എൻ.കെ. ഷറഫുദ്ദീനാണ് പ്ലെയർ ഓഫ് ദി മാച്ച്.
സെപ്തംബർ 14ലെ മത്സരങ്ങൾ: ഉച്ചയ്ക്ക് 2.30ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് Vs തൃശൂർ ടൈറ്റൻസ്, വൈകിട്ട് 6.45ന് കൊല്ലം സെയ്‌ലേഴ്‌സ് Vs ട്രിവാൻഡ്രം റോയൽസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്