2028ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സ് മുതൽ വനിതാ വിഭാഗങ്ങളിൽ മത്സരിക്കുന്നതിൽ നിന്ന് ട്രാൻസ്‌ജെൻഡർ വനിതകളെയും ഡി.എസ്.ഡി (Differences in Sex Development) വിഭാഗത്തിൽപ്പെട്ട കായികതാരങ്ങളെയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വിലക്കി.
ബയോളജിക്കൽ പുരുഷന്മാർ വനിതാ വിഭാഗത്തിൽ മത്സരിക്കുന്നത് നീതിയല്ല' എന്ന് ഐ.ഒ.സി പ്രസിഡന്റ് കിർസ്റ്റി കവെൻട്രി തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.
ഒളിമ്പിക്‌സിലെ വനിതാ വിഭാഗത്തിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന കായികതാരങ്ങൾ ഒരു തവണ ജീൻ സ്‌ക്രീനിംഗിന് വിധേയരാകണമെന്നും ഐ.ഒ.സി അറിയിച്ചു. ഇത് ബയോളജിക്കൽ വനിതകൾക്കും ബാധകമായിരിക്കും. ഉമിനീർ, കവിളിലെ കോശങ്ങൾ അല്ലെങ്കിൽ രക്തസാമ്പിൾ എന്നിവ വഴി ഈ പരിശോധന നടത്താം. മറ്റ് രീതികളെ അപേക്ഷിച്ച് ഇത് തികച്ചും ലളിതവും ബുദ്ധിമുട്ടില്ലാത്തതുമാണെന്ന് ഐ.ഒ.സി വ്യക്തമാക്കി.
എല്ലാ അന്താരാഷ്ട്ര ഫെഡറേഷനുകളും ദേശീയ ഒളിമ്പിക് കമ്മിറ്റികളും അനുബന്ധ അസോസിയേഷനുകളും ഈ നയം അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുമെന്ന് ഐ.ഒ.സി പ്രതീക്ഷിക്കുന്നതായും സംഘടന വ്യക്തമാക്കി.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി, അന്താരാഷ്ട്ര കായിക ലോകം ട്രാൻസ്‌ജെൻഡർ, ഡി.എസ്.ഡി കായികതാരങ്ങൾ വനിതാ വിഭാഗത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 2021ൽ, ന്യൂസിലൻഡ് വെയ്റ്റ്‌ലിഫ്റ്റർ ലോറൽ ഹബ്ബാർഡ് ഒളിമ്പിക്‌സിൽ വനിതാ വിഭാഗത്തിൽ മത്സരിച്ച ആദ്യ ട്രാൻസ്‌ജെൻഡർ വനിതയായി ചരിത്രം കുറിച്ചിരുന്നു.
ഒളിമ്പിക് കായികരംഗത്തെ 'വനിതാ വിഭാഗത്തെ സംരക്ഷിക്കുന്നതിനായി' എന്ന പേരിൽ വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ നയത്തിലാണ് ഐ.ഒ.സി ഈ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ഈ തീരുമാനമെടുക്കുന്നതിന് മുൻപ് ഇതുമായി ബന്ധപ്പെട്ട കായികതാരങ്ങളുമായി നേരിട്ട് സംസാരിച്ചതായും, ഐ.ഒ.സി അത്‌ലറ്റ്‌സ് കമ്മിറ്റിയുമായി കൂടിയാലോചനകൾ നടത്തിയതായും ഒളിമ്പിക്‌സ് കമിറ്റി അറിയിച്ചു. കൂടാതെ, ശാസ്ത്രീയ വശങ്ങൾ, വിവിധ അന്താരാഷ്ട്ര സ്‌പോർട്‌സ് ഫെഡറേഷനുകളുടെ നയങ്ങൾ, നിയമപരമായ മാറ്റങ്ങൾ എന്നിവയും വിശദമായി പരിശോധിച്ച ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്നും ഐ.ഒ.സി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
