ഫുട്‌ബോൾ ലോകം കാത്തിരിക്കുന്ന മഹാപോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സ്പാനിഷ് പടയ്ക്ക് കനത്ത തിരിച്ചടി. ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും പെയ്തിറങ്ങിയ ശക്തമായ ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റും മഴയും കാരണം ഫൈനലിന് മുന്നോടിയായുള്ള സ്‌പെയിനിന്റെ അവസാന വട്ട പരിശീലനം റദ്ദാക്കി.
ന്യൂജേഴ്‌സിയിലെ മെലാനി ലെയ്ൻ ട്രെയിനിങ് ഗ്രൗണ്ടിലായിരുന്നു ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ പരിശീലനത്തിൽ സ്‌പെയിൻ ടീം ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് ആദ്യം താൽക്കാലികമായി നിർത്തിവെച്ച സെഷൻ പിന്നീട് പൂർണ്ണമായും ഉപേക്ഷിക്കുകയായിരുന്നു.
സ്‌പെയിനിന്റെ പരിശീലന ഗ്രൗണ്ടിൽ നിന്നും കേവലം അഞ്ച് മൈൽ മാത്രം അകലെയുള്ള മോറിസ്ടൗണിലായിരുന്നു നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ പരിശീലനം. മഴ കാരണം 45 മിനിറ്റ് വൈകിയാണെങ്കിലും ലയണൽ മെസ്സിക്കും സംഘത്തിനും ഔട്ട്‌ഡോർ പരിശീലനം പൂർത്തിയാക്കാൻ സാധിച്ചു
അതേസമയം, ട്രെയിനിങ് റദ്ദാക്കേണ്ടി വന്നതോടെ സ്പാനിഷ് താരങ്ങൾ ഇൻഡോർ ജിമ്മുകളിൽ വാംഅപ്പ് സെഷനുകളിലേക്ക് ഒതുങ്ങി. സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ചാണ് ഇതെന്നും ഫിഫ മറ്റൊരു സമയക്രമം അനുവദിച്ചിട്ടില്ലെന്നും സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ വ്യക്തമാക്കി.
'യു.എസിലെ കൊടുങ്കാറ്റ് സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് മെലാനി ലെയ്ൻ ട്രെയിനിങ് ഗ്രൗണ്ടിലെ സ്പാനിഷ് ദേശീയ ടീമിന്റെ പരിശീലന സെഷൻ നിർത്തിവെച്ചിരിക്കുന്നു. നിലവിൽ കളിക്കാർ ഇൻഡോർ വാംഅപ്പിൽ പങ്കെടുക്കുകയാണ്.' സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ പ്രസ്താവനയിൽ അറിയിച്ചു.
വേദിക്ക് എട്ട് മൈൽ ചുറ്റളവിൽ ഇടിമിന്നലോ മിന്നൽ പിണരുകളോ ഉണ്ടായാൽ ഔട്ട്‌ഡോർ കായിക മത്സരങ്ങളും പരിശീലനങ്ങളും നിർത്തിവെക്കണമെന്നാണ് യു.എസ് സുരക്ഷാ നിയമം. അവസാന മിന്നൽ വന്ന് 30 മിനിറ്റ് നേരത്തേക്ക് മറ്റ് മിന്നലുകൾ ഉണ്ടാകാതിരുന്നാൽ മാത്രമേ കളി പുനരാരംഭിക്കാൻ അനുവാദമുള്ളൂ. ഫൈനൽ നടക്കുന്ന ന്യൂയോർക്ക് സിറ്റിയിൽ നിലവിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്.
കാലാവസ്ഥയ്ക്ക് പുറമെ കാനഡയിലെ കാട്ടുതീയെത്തുടർന്നുണ്ടായ പുകയും മൂടൽമഞ്ഞും ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും വായുനിലവാരത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇത് കളിക്കാരുടെ ആരോഗ്യത്തെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
