പോര്‍ച്ചുഗലില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഇന്ത്യന്‍ യുവതിയെ ബീയര്‍ പാര്‍ലര്‍ ഉടമയ്ക്ക് വിറ്റ പുനെ ഏജന്‍സിക്കെതിരെ കേസ്

AUGUST 8, 2026, 11:55 AM

ന്യൂഡല്‍ഹി: വിദേശത്ത് ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ഇന്ത്യന്‍ യുവതിയെ പോര്‍ച്ചുഗലില്‍ വില്‍ക്കുകയും ചെയ്തതായി ഗുരുതര പരാതി. നാഗ്പുര്‍ സ്വദേശിനിയായ 28 കാരിയുടെ പരാതിയില്‍ പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വീ മൈഗ്രേറ്റ് എന്ന റിക്രൂട്ടിങ് സ്ഥാപനത്തിനെതിരെയും ഇതിന്റെ നടത്തിപ്പുകാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

മനുഷ്യക്കടത്ത്, സാമ്പത്തിക തട്ടിപ്പ്, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് പുനെ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി വീ മൈഗ്രേറ്റ് എന്ന സ്ഥാപനത്തെക്കുറിച്ച് അറിയുന്നത്. പോര്‍ച്ചുഗലില്‍ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളത്തില്‍ കാഷ്യര്‍ ജോലി വാഗ്ദാനം ചെയ്ത സംഘം, വീസയ്ക്കും യാത്രയ്ക്കുമായി വിവിധ ഘട്ടങ്ങളിലായി 11 ലക്ഷം രൂപ യുവതിയില്‍ നിന്ന് കൈപ്പറ്റി. കഴിഞ്ഞ മാസം പോര്‍ച്ചുഗലില്‍ എത്തിയയുടന്‍ ഏജന്റുമാര്‍ യുവതിയുടെ പാസ്പോര്‍ട്ടും മറ്റ് യാത്രാരേഖകളും തട്ടിയെടുക്കുകയായിരുന്നു.

തുടര്‍ന്ന് രണ്ട് ദിവസത്തോളം തടങ്കലില്‍ പാര്‍പ്പിച്ച ശേഷം യുവതിയെ അവിടെയുള്ള ഒരു ബീയര്‍ പാര്‍ലര്‍ ഉടമയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ബീയര്‍ പാര്‍ലറില്‍ നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിക്കുകയും കടുത്ത ശാരീരിക-മാനസിക പീഡനങ്ങള്‍ക്കിരയാക്കുകയും ചെയ്തു. ക്രൂരത സഹിക്കാനാകാതെ പാസ്പോര്‍ട്ട് തിരികെ ചോദിച്ചപ്പോള്‍ കൂടുതല്‍ പണം നല്‍കണമെന്ന ആവശ്യമാണ് തട്ടിപ്പ് സംഘം മുന്നോട്ടുവെച്ചത്.

തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട യുവതി റോഡ് മാര്‍ഗം ലിസ്ബണിലും തുടര്‍ന്ന് മഡ്രിഡിലുമെത്തി. അവിടെനിന്ന് ദോഹ വഴിയാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. നാട്ടിലെത്തിയ യുവതിയെ വീണ്ടും ബന്ധപ്പെട്ട സംഘം മാള്‍ട്ടയില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതോടെ ഭര്‍ത്താവിനെ വധിക്കുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.

സംഭവം പുറത്തുവന്നതോടെ ഇത്തരം വ്യാജ റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam