ന്യൂഡല്‍ഹി: രാജ്യത്തിന്റെ അതീവ തന്ത്രപ്രധാനമായ സൈനിക രഹസ്യങ്ങള്‍ വിദേശ ചാരസംഘടനയ്ക്ക് ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡറെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാന്‍ ചാരസംഘടന ഒരുക്കിയ ഹണി ട്രാപ്പില്‍ അകപ്പെട്ടാണ് ഉദ്യോഗസ്ഥന്‍ രഹസ്യ വിവരങ്ങള്‍ കൈമാറിയതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.
കഴിഞ്ഞ മെയ് 31 നാണ് അറസ്റ്റ് നടന്നതെങ്കിലും കേസിന്റെ അതീവ ഗുരുതരാവസ്ഥ കണക്കിലെടുത്ത് വിവരങ്ങള്‍ ഇതുവരെ ഔദ്യോഗികമായി രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. വ്യക്തിപരമായ ചില പ്രയാസങ്ങളിലൂടെ കടന്നുപോകുകയായിരുന്ന ഉദ്യോഗസ്ഥനെ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് പാക് ചാരസംഘടനയുമായി ബന്ധമുള്ള യുവതി പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദം സ്ഥാപിക്കുകയും അതിലൂടെ സുപ്രധാന പ്രതിരോധ വിവരങ്ങള്‍ ശേഖരിക്കുകയുമായിരുന്നു.
അന്വേഷണത്തില്‍ കൂടുതല്‍ സൈനിക രഹസ്യങ്ങള്‍ കൈക്കലാക്കുന്നതിനായി ഈ ഉദ്യോഗസ്ഥന്‍ സ്വന്തം സഹപ്രവര്‍ത്തകന്റെ ഫോണില്‍ വിവരങ്ങള്‍ ചോര്‍ത്തുന്ന സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തതായും ഡല്‍ഹി പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിപുലമായ ഒരു ചാരശൃംഖലയുടെ ഭാഗമായാണ് ഈ ഓപ്പറേഷന്‍ നടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ഏതൊക്കെയാണെന്നും അത് രാജ്യസുരക്ഷയെ എത്രത്തോളം ബാധിക്കുമെന്നും വ്യോമസേനയും പ്രതിരോധ മന്ത്രാലയവും സംയുക്തമായി പരിശോധിച്ച് വരികയാണ്.
തന്ത്രപ്രധാനമായ സൈനിക വിവരങ്ങള്‍ ഘട്ടങ്ങളായി ചോര്‍ത്താന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച വന്‍ റാക്കറ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
